വിൽപ്പനയിൽ ഗണ്യമായ വർധന ലക്ഷ്യമിട്ട് 135 സി സി എൻജിനുള്ള മിനി ബൈക്ക് അവതരിപ്പിക്കാൻ പ്രീമിയം ഇരുചക്രവാഹന നിർമാതാക്കളായ ഡി എസ് കെ ബെനെല്ലി മോട്ടോവീൽസ് ഒരുങ്ങുന്നു. അടുത്ത മാർച്ചോടെ ബൈക്ക് വിൽപ്പനയ്ക്കെത്തിക്കാനാണു പദ്ധതി. 1.30 — 1.50 ലക്ഷം രൂപ വിലനിലവാരത്തിലാവും 135 സി സി ബൈക്ക് വിൽപ്പനയ്ക്കെത്തുകയെന്നു ഡി എസ് കെ ബെനെല്ലി മോട്ടോ വീൽസ് ചെയർമാൻ ശിരീഷ് കുൽക്കർണി അറിയിച്ചു. മാർച്ചിൽ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണം ആരംഭിക്കാനുള്ള ഒരുക്കങ്ങളാണു നിലവിൽ പുരോഗമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ബെനെല്ലിയുടെ പങ്കാളികളായ ഡി എസ് കെ മോട്ടോ വീൽസ് പുണെയ്ക്കടുത്ത് തലേഗാവിൽ 350 കോടി രൂപ ചെലവിലാണു നിർമാണശാല സ്ഥാപിച്ചിരിക്കുന്നത്. പ്രതിവർഷം അരലക്ഷം യൂണിറ്റാണു ശാലയുടെ ഉൽപ്പാദനശേഷി. ഇക്കൊല്ലം ആദ്യമാണു കമ്പനി ബെനെല്ലി ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ വിൽപ്പന ആരംഭിച്ചത്. 2016ൽ മൊത്തെ 3,000 യൂണിറ്റിന്റെ വിൽപ്പനയാണു കമ്പനി പ്രതീക്ഷിക്കുന്നത്. ഒപ്പം ഹ്യോസങ് ശ്രേണിയിൽ 2,500 ബൈക്കുകളും ഇക്കൊല്ലം വിൽക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. 250 മുതൽ 700 സി സി വരെ എൻജിൻ ശേഷിയുള്ള അഞ്ചു ബൈക്കുകളാണു ഹ്യോസങ് ശ്രേണിയിലുള്ളത്; 2.84 ലക്ഷം മുതൽ 5.99 ലക്ഷം രൂപ വരെയാണു ബൈക്കുകൾക്കു ഡൽഹി ഷോറൂമിൽ വില.
ബെനെല്ലി ശ്രേണിയിൽ 300 സി സി ബൈക്കായ ‘ടി എൻ ടി 25’, രണ്ട് 600 സി സി ബൈക്കുകൾ, 899 സി സി എൻജിനുള്ള ‘ടി എൻ ടി ആർ’, ‘ടി എൻ ടി ആർ ഗോൾഡ്’ എന്നിവയാണു കമ്പനി വിൽക്കുന്നത്. 1.84 ലക്ഷം രൂപ മുതൽ 12.86 ലക്ഷം രൂപ വരെയാണ് ഈ മോഡലുകളുടെ വില. ഇറക്കുമതി ചെയ്ത സൂപ്പർ ബൈക്കുകളുടെ വാർഷിക വിൽപ്പന 15,000 — 20,000 യൂണിറ്റിലെത്തുമെന്നു കുൽക്കർണി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിൽ 5,500 യൂണിറ്റിന്റെ വിൽപ്പന സ്വന്തമാക്കുകയാണു കമ്പനിയുടെ ലക്ഷ്യം. നിലവിൽ രാജ്യത്ത് 21 ഡീലർഷിപ്പുകളുള്ളത് മാർച്ചിനകം 30 ആക്കി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഉൽപ്പാദനശേഷി വർധിപ്പിക്കാനും മറ്റുമായി അടുത്ത അഞ്ചു വർഷത്തിനകം 100 കോടി രൂപ നിക്ഷേപിക്കുമെന്നും കുൽക്കർണി വ്യക്തമാക്കി.