ഇറ്റാലിയൻ വസ്ത്ര ബ്രാൻഡായ ബെനറ്റനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ചെറുകാറായ ‘മൈക്ര’യ്ക്കു നിസ്സാന്റെ പരിമിതകാല പതിപ്പ്. നവരാത്രി, ദീപാവലി ഉത്സവവേള വർണാഭമാക്കാൻ യുണൈറ്റഡ് കളേഴ്സ് ഓഫ് ബെനറ്റനുമായി സഹകരിച്ചു നിസ്സാൻ യാഥാർഥ്യമാക്കിയ, അകത്തും പുറത്തും ഫാഷൻ സ്പർശം തുളുമ്പുന്ന കാറിനു ‘മൈക്ര ഫാഷൻ’ എന്നാണു പേര്.
ഗുരുഗ്രാമിലെ ആംബിയൻസ് മാളിലുള്ള യുണൈറ്റഡ് കളേഴ്സ് ഓഫ് ബെനറ്റനിൽ ഹിന്ദി ചലച്ചിത്ര താരം ദിയ മിഴ്സയാണു കാർ അനാവരണം ചെയ്തത്. പുറത്തെ സ്പോർട്ടി ഗ്രാഫിക്സിനും വ്യക്തതയേറിയ ബോൾഡ് സ്ട്രൈപ്പിനുമൊപ്പം ബെനറ്റനിൽ നിന്നുള്ള പാറ്റേണുകളും വർണജാലവുമാണു ‘മൈക്ര ഫാഷ’ന്റെ അകത്തളത്തിന്റെ സവിശേഷത. ഉപയോക്താവിന്റെ സ്മാർട്ഫോണിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന നിസ്സാന്റെ സംയോജിത ഇൻഫർമേഷൻ — കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോമായ ‘നിസ്സാൻ കണക്ട്’ സംവിധാനവും കാറിലുണ്ട്.
ഓട്ടമാറ്റിക് (സി വി ടി) ട്രാൻസ്മിഷനുള്ള ‘എക്സ് എൽ’ വകഭേദം ആധാരമാക്കിയാണു നിസ്സാൻ ‘മൈക്ര ഫാഷൻ’ സാക്ഷാത്കരിച്ചിരിക്കുന്നത്. പാർശ്വത്തിലും റൂഫിലും പുത്തൻ ഗ്രാഫിക്സ്, ഡിസൈനർ സ്ട്രൈപ് സഹിതം ബ്ലാക്ക് ഡോർ മിറർ, പുത്തൻ ഡിസൈനർ ഫ്ളോർ മാറ്റ്, ബെനറ്റന്റെ സിഗ്നേച്ചർ ഹെഡ്റെസ്റ്റ് കവർ, ഓറഞ്ച് തുന്നലുള്ള സീറ്റ്, ഓറഞ്ച് സ്പർശമുള്ള യൂറോപ്യൻ ബ്ലാക്ക് അകത്തളം എന്നിവയൊക്കെയാണു കാറിന്റെ സവിശേഷതകൾ.
ഉത്സവകാലത്തോളം വിൽപ്പനയ്ക്കുണ്ടാവുമെന്നു കരുതുന്ന കാറിന് 6.09 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. വൻനഗരങ്ങൾക്കൊപ്പം രാജ്യത്തെ എല്ലാ ഡീലർഷിപ്പുകൾ മുഖേനയും ‘നിസ്സാൻ മൈക്ര ഫാഷൻ’ വിൽപ്പനയ്ക്കുണ്ടാവും. കൂടാതെ ഈ കാർ സ്വന്തമാക്കുന്ന ആദ്യ 500 പേർക്കു സവിശേഷ ഗിഫ്റ്റ് ഹാംപറും ബെനറ്റൻ വാഗ്ദാനം ചെയ്യുന്നുണ്ട്; സ്ത്രീകൾക്കും പുരുഷൻമാർക്കും അനുയോജ്യമായ ബെൽറ്റും ഡിസൈനർ വോളറ്റുമൊക്കെയാണു സമ്മാനപ്പൊതിയിലുണ്ടാവുക. മൂന്നു വർഷം നീളുന്ന സൗജന്യ സർവീസ് പാക്കേജ് സഹിതമാണു ‘മൈക്ര ഫാഷൻ’ ലഭിക്കുന്നത്. 1.2 ലീറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന കാറിന് ലീറ്ററിന് 19.34 കിലോമീറ്ററാണ് നിസ്സാൻ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.