എസ്‍യുവി സെഗ്‍മെന്റിലെ വമ്പന്മാർക്ക് തലവേദന സൃഷ്ടിക്കാൻ നിസാൻ കിക്സ്. രണ്ടുവർഷം മുമ്പ് രാജ്യാന്തര വിപണിയിൽ അരങ്ങേറ്റം കുറിച്ച എസ് യു വി ഈ വർഷം ഇന്ത്യയിലെത്തും. ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര എക്സ് യു വി 500 എന്നിവരുമായി മത്സരിക്കുന്ന കിക്സ് റെനൊയുടെ എംഒ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. ബ്രസീലിലും മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വിൽപ്പന വിജയം നേടിയ കിക്സ് ചെറിയ മാറ്റങ്ങളോടെയാകും എത്തുക.
റെനൊ ഡസ്റ്റർ, ലോഡ്ജി, ക്യാപ്ച്ചർ തുടങ്ങിയവയ്ക്ക് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ. ബ്രസീലിയൻ വിപണിയെ ലക്ഷ്യം വെച്ച് കിക്സ് എന്ന കോംപാക്റ്റ് എസ് യു വി കൺസെപ്റ്റ് 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് പ്രദർശിപ്പിച്ചത്. കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്‌ഷൻ പതിപ്പ് 2016 ല്‍ ബ്രസീല്‍ വിപണിയിലെത്തി.
പ്രീമിയം ഫീലുള്ള ഇന്റീരിയർ, ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ബ്രസീൽ മോഡലിലുണ്ട്. 1.6 ലിറ്റർ പെട്രോള്‍, 1.5 ലിറ്റർ ഡീസൽ എൻജിനാകും ഉണ്ടാകുക. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്രോസ് തുടങ്ങിയ കോംപാക്റ്റ് എസ് യു വികളുമായി മത്സരിക്കാനെത്തുന്ന വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടാകും. 210 കോടി മുതൽ മുടക്കി നിസാൻ നിർമിക്കുന്ന എസ് യു വിയാണ് കിക്സ്. 10 മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും വില.