അടുത്ത വർഷം നടക്കുന്ന 12-മത് ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കാറാകാൻ നിസാൻ കിക്സ്. ഉടൻ തന്നെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന എസ്‌യുവിയിലായിരിക്കും ഐസിസി ലോകകപ്പ് ട്രോഫിയുടെ ഇന്ത്യൻ പര്യടനം. നവംബര്‍ 30 ന് ആരംഭിച്ച ഈ പര്യടനം ഡിസംബര്‍ 26 വരെ നീണ്ടു നില്‍ക്കും. ഒരു കായിക മല്‍സരം എന്നതിലേറെ പ്രാധാന്യമാണ് ക്രിക്കറ്റിന് ഇന്ത്യയിലുള്ളതെന്നും രാജ്യം മുഴുവന്‍ ഒന്നിക്കുന്ന ഈ മല്‍സരത്തിന്റെ മുഖ്യ പങ്കാളിയാകുന്നതില്‍ ഏറെ സന്തോഷമാണുള്ളതെന്നുമാണ് നിസാന്‍ ഇന്ത്യയുടെ ഓപറേഷന്‍സ് പ്രസിഡന്റ് തോമസ് കേഹി പറഞ്ഞത്.
ഐസിസി ട്രോഫിയുടെ മുംബൈയില്‍ നിന്നുള്ള ഇന്ത്യന്‍ പര്യടനം പൂനെ, അഹമ്മദാബാദ്, ബെംഗലൂരു, ചെന്നൈ, കോല്‍ക്കത്ത, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലൂടെ നടക്കും. അടുത്ത വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന കിക്സിന്റെ ഇന്ത്യയിലെ ആദ്യ പൊതു പ്രദർശനമായിരിക്കും ഇതോടൊപ്പം നടക്കുക. ഇംഗ്ലണ്ടിലും വെയില്‍സിലുമായി 2019 മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് നടക്കുക.
റെനൊ ഡസ്റ്റർ, ലോഡ്ജി, ക്യാപ്ച്ചർ തുടങ്ങിയവയ്ക്ക് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ പ്ലാറ്റ്ഫോമിലായിരിക്കും കിക്സിന്റെ നിർമാണം. 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് കിക്സ് എന്ന കോംപാക്റ്റ് എസ് യു വി കൺസെപ്റ്റ് ആദ്യം പ്രദർശിപ്പിച്ചത്. കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്‌ഷൻ പതിപ്പ് 2016ല്‍ ബ്രസീല്‍ വിപണിയിലെത്തി.
പ്രീമിയം ഫീലുള്ള ഇന്റീരിയർ, ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ബ്രസീൽ മോഡലിലുണ്ട്. 1.5 ലീറ്റർ പെട്രോള്‍, 1.5 ലീറ്റർ ഡീസൽ എൻജിനാകും ഇന്ത്യയിലെത്തുക. 8 മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും വില.