ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) ‘ഇന്നോവ’യുടെ ‘ടൂറിങ് സ്പോർട് എഡീഷൻ’ പരിഷ്കരിച്ചു. ഡീസൽ എൻജിനോടെ മാത്രം വിൽപ്പനയ്ക്കുള്ള ഈ പുത്തൻ ‘ഇന്നോവ’യ്ക്ക് 19.60 ലക്ഷം രൂപയാവും ഡൽഹിയിലെ ഷോറൂം വില. നേരത്തെ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സായിരുന്നു ഈ ‘ഇന്നോവ’യുടെ ട്രാൻസ്മിഷൻ. അതേസമയം ട്രാൻസ്മിഷനിലെ മാറ്റത്തെക്കുറിച്ച് ടി കെ എം ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എങ്കിലും പുതിയ ട്രാൻസ്മിഷനുള്ള ‘ഇന്നോവ ടൂറിങ് സ്പോർട് എഡീഷൻ’ ഈ മാസം തന്നെ ഡീലർഷിപ്പുകളിലെത്തുമെന്നാണു സൂചന.
ടൊയോട്ടയുടെ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ(ഐ എം ടി) സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഗീയർബോക്സാണ് ഇനി ‘ഇന്നോവ ടൂറിങ് സ്പോർട്ടി’ലെ 2.4 ലീറ്റർ, ജി ഡി സീരീസ് എൻജിനു കൂട്ടായി എത്തുന്നത്. ഈ ടർബോ ചാർജ്ഡ് എൻജിന് 3,400 ആർ പി എമ്മിൽ 148 പി എസ് വരെ കരുത്തും 1,400 — 2.800 ആർ പി എമ്മിൽ 343 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ഇന്നോവ’യ്ക്കു കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കാൻ ഐഡ്ൽ സ്റ്റാർട്/സ്റ്റോപ് സംവിധാനവും ‘ടൂറിങ് സ്പോർട് എഡീഷനി’ൽ ഇടംപിടിച്ചിട്ടുണ്ട്.
വലിപ്പമേറിയ 17 ഇഞ്ച് അലോയ് വീൽ, എൽ ഇ ഡി ഫോഗ് ലാംപ്, എൽ ഇ ഡി ലൈറ്റ് സഹിതമുള്ള പിൻ സ്പോയ്ലർ എന്നിവ ഒഴിവാക്കിയാൽ ‘ഇന്നോവ ടൂറിങ് സ്പോർട് പതിപ്പി’ന് കാഴ്ചയിൽ കാര്യമായ മാറ്റമൊന്നും ടി കെ എം വരുത്തിയിട്ടില്ല. ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിൽ നാവിഗേഷൻ ഫംക്ഷൻ ഉൾപ്പെടുത്തിയതാണ് അകത്തളത്തിലെ പ്രധാന മാറ്റം.
സുരക്ഷാ വിഭാഗത്തിൽ ഈ മോഡലിൽ ഹിൽ സ്റ്റാർട് അസിസ്റ്റ് കൂടി എത്തി; മൂന്ന് എയർബാഗ്, ഇ ബി ഡിയും ബ്രേക്ക് അസിസ്റ്റും സഹിതം എ ബി എസ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ബാക്ക് മോണിറ്റർ, സൊണാർ ഫംക്ഷൻ എന്നിവ മുമ്പു തന്നെ ഈ മോഡലിലുണ്ട്.