ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ചെറു എസ്‌യുവി ക്യാപ്റ്റർ വിപണിയിൽ. പെട്രോൾ ഡീസൽ വകഭേദങ്ങളിലുള്ള ക്യാപ്റ്ററിന്റെ പെട്രോൾ പതിപ്പിന് 9.99 ലക്ഷം മുതൽ 11.69 ലക്ഷം രൂപ വരെയും ഡീസൽ പതിപ്പിന് 11.39 ലക്ഷം മുതൽ 13.88 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ്ഷോറൂം വില. ക്യാപ്റ്ററിന്റെ വില പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. ഡസ്റ്റർ പ്ലാറ്റ്ഫോമിൽ ഒരുക്കുന്ന പ്രീമിയം എസ്‌യുവി ക്യാപ്റ്റർ ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര എക്സ്‍യുവി 500, ജീപ്പ് കോംപസ് തുടങ്ങിയ വാഹനങ്ങളുമായാണ് ഏറ്റുമുട്ടുന്നത്.
വിവിധ രാജ്യങ്ങളിലായി ഇതുവരെ 10 ലക്ഷത്തിലേറെ ക്യാപ്റ്റർ വിറ്റഴിഞ്ഞിട്ടുണ്ട്, ഇതേ വിജയം ഇന്ത്യയിലും ആവർത്തിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യാന്തര വിപണിയിലുള്ള വാഹനം തന്നെയാണ് ഇന്ത്യയിരിക്കുന്നത്. മുൻഭാഗത്തെ വലിയ ലോഗോ, എൽഇഡി ഹെഡ്‌ലാമ്പ്, ത്രീഡി ഇഫക്റ്റോടു കൂടിയ എൽ ഇ ഡി ടെയിൽലാമ്പ് സ്റ്റൈലിഷ് ഇന്റീരിയർ എന്നിവ ക്യാപ്റ്ററിന്റെ പ്രത്യേകതകളാണ്. 4333 എംഎം നീളവും, 1813 എംഎം വീതിയും 1613 എംഎം പൊക്കവും 2674 എംഎം വീൽബെയ്സുമുണ്ട് വാഹനത്തിന്. 210 എംഎമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ്.
റെനോയുടെ മറ്റു പല വാഹനങ്ങളിലുമുള്ള 1.5 ലിറ്റർ പെട്രോൾ 1.5 ലീറ്റർ ഡീസൽ എൻജിൻ തന്നെയാകും ക്യാപ്റ്ററിനും. ഡസ്റ്ററിലേതുപോലെ ആറു സ്പീഡ് ഗിയർബോക്സുകളും നാല് വീൽഡ്രൈവ് മോഡലും ക്യാപ്റ്ററിനുമുണ്ട്. പെട്രോൾ മോഡലിന് 5600 ആർപിഎമ്മിൽ 104 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 142 എൻഎം ടോർക്കുമുണ്ട്. ഡീസൽ മോഡലിന് 4000 ആർപിഎമ്മിൽ 108 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 240 എൻഎം ടോർക്കുമുണ്ട്. എന്നാൽ തുടക്കത്തിൽ ഓട്ടമാറ്റിക് ഗിയർ സംവിധാനം തുടക്കത്തിൽ അവതരിപ്പിക്കില്ല.