ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ പുതുരൂപമായ ‘ക്ലൈബർ’ വിൽപ്പനയ്ക്കെത്തി. മാനുവൽ ട്രാൻസ്മിഷനുള്ള ‘ക്വിഡ് ക്ലൈംബറി’ന് 4.30 ലക്ഷം രൂപയും ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) പതിപ്പിന് 4.60 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിൽ വില. ആറു മാസത്തിലൊരിക്കൽ കാറിന്റെ പുതുപതിപ്പുകൾ അവതരിപ്പിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണു ‘ക്വിഡ് ക്ലൈംബറി’ന്റെ വരവ്.
‘ക്ലൈംബർ’ കൂടിയായതോടെ ‘ക്വിഡ്’ ശ്രേണിയിലെ മോഡലുകളുടെ എണ്ണം നാലായി. അടിസ്ഥാന വകഭേദമായ 800 സി സി ‘ക്വിഡി’നു പുറമെ ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡും’ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സംവിധാനമുള്ള ‘ഈസി ആർ’ പതിപ്പുമാണ് ഇതുവരെ വിൽപ്പനയ്ക്കുണ്ടായിരുന്നത്. ശേഷിയേറിയ ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡി’ന്റെ മുന്തിയ വകഭേദം ആധാരമാക്കിയാണു റെനോ ‘ക്ലൈംബർ’ പതിപ്പ് സാക്ഷാത്കരിച്ചിരിക്കുന്നത്. ഈ മോഡലിനെ അപേക്ഷിച്ച് 29,000 രൂപയോളം അധികമാണു ‘റെനോ ക്ലൈംബറി’ന്റെ വില.
റൂഫ് ബാറിനു പുതിയ ആർച്ച്, ഇരട്ട വർണ (ഓറഞ്ച്) ഔട്ടർ റിയർവ്യൂ മിറർ എന്നിവയോടെ എത്തുന്ന കാറിൽ ഇലക്ട്രിക് ബ്ലൂ എന്ന പുതുനിറവും റെനോ ലഭ്യമാക്കുന്നുണ്ട്. മുന്നിലും പിന്നിലും ടെറെയ്ൻ പ്രൊട്ടക്ഷൻ, ‘ക്ലൈംബർ’ ബാഡ്ജിങ്, വാതിലുകൾക്ക് പ്ലാസ്റ്റിക് ക്ലാഡിങ് എന്നിവയാണു മറ്റു സവിശേഷതകൾ. അകത്തളത്തിൽ മൊത്തം 17 മാറ്റങ്ങളോടെയാണു ‘ക്ലൈംബറി’ന്റെ വരവെന്നു റെനോ അവകാശപ്പെടുന്നു. ‘ക്ലൈംബർ’ ചിഹ്നം സഹിതമുള്ള ഓറഞ്ച് അപ്ഹോൾട്രി, എ സി വെന്റിലും സെന്റർ ഫാഷ്യയിലും പുതിയ അക്സന്റ് തുടങ്ങിയവയാണു മാറ്റങ്ങൾ.
കാറിലെ ഒരു ലീറ്റർ പെട്രോൾ എൻജിനു പരമാവധി 68 പി എസ് കരുത്തും 91 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗീയർബോക്സ് സഹിതമെത്തുന്ന കാറിന് ലീറ്ററിന് 23.01 കിലോമീറ്റർ വരെയാണു റെനോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 2015 സെപ്റ്റംബറിൽ നിരത്തിലെത്തിയ ‘ക്വിഡി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 1.30 ലക്ഷം യൂണിറ്റിലെത്തിയെന്നാണു റെനോയുടെ കണക്ക്. 2016 അവസാനിക്കുമ്പോൾ റെനോയുടെ വിപണി വിഹിതം നാലര ശതമാനത്തിലെത്തിക്കാനും ‘ക്വിഡി’ന്റെ തകർപ്പൻ വിജയം വഴി തെളിച്ചിരുന്നു.