ടൊയോട്ടയുടെ ഇടത്തരം സെഡാനായ യാരിസ് പുറത്തിറങ്ങി പെട്രോൾ, പെട്രോൾ ഓട്ടമാറ്റിക്ക് വകഭേദങ്ങളുള്ള യാരിസിന് 8.75 ലക്ഷം മുതൽ 14.07 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില. നേരത്തെ യാരിസിന്റെ ബുക്കിങ്ങ് ഡീലർഷിപ്പുകളിൽ സ്വീകരിച്ചു തുടങ്ങിയിരുന്നു. 1.5 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് നാലു സിലിണ്ടർ എൻജിന് പരമാവധി 107 ബി എച്ച് പി വരെ കരുത്തും 140 എൻഎം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സുകളാവും ട്രാൻസ്മിഷൻ സാധ്യതകൾ.
മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ ഹോണ്ട സിറ്റി, മാരുതി സിയാസ്‍, ഹ്യുണ്ടേയ് വെർണ തുടങ്ങിയ വാഹനങ്ങളുമായാണ് യാരിസ് ഏറ്റുമുട്ടുക. ശക്തമായ പോരാട്ടം ഉറപ്പാക്കാനായി ഈ വിഭാഗത്തിൽ ഇതാദ്യമായി പവേഡ് ഡ്രൈവർ സീറ്റ്, മുൻ പാർക്കിങ് സെൻസർ, കൈയുടെ ചലനം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, ക്രമീകരിക്കാവുന്ന നെക്ക് റെസ്ട്രെയ്ന്റ് സഹിതം 60:40 അനുപാതത്തിൽ വിഭജിക്കാവുന്ന പിൻസീറ്റ്, പിന്നിൽ മേൽക്കൂരയിൽ ഘടിപ്പിച്ച എയർ കണ്ടീഷനൽ വെന്റ്, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയവയൊക്കെ ‘യാരിസി’ന്റെ മുന്തിയ വകഭേദത്തിലുണ്ട്.
ഏഴ് എയർബാഗുകളും എബിഎസും ഈബിഡിയും ബ്രേക് അസിസ്റ്റും അടിസ്ഥാന വകഭേദങ്ങൾ മുതലുണ്ടാകും. അടിസ്ഥാന വകഭേദമായ ‘ജെ’യിൽ ഏഴ് എയർബാഗുകളും എബിഎസും ഇബിഡിയും ബ്രേക്ക് അസിസ്റ്റും ബോഡി കളർ മിററുകളും ഡോർഹാൻഡിലും പ്രൊജക്റ്റർ ഹാലജൻ ഹെഡ്‌ലാമ്പും ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജെസ്റ്റ്, കീലെസ് എൻട്രി, എൽസിഡി മൾട്ടി ഇൻഫോ ഡിസ്പ്ലെയോടു കൂടിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂൾഡ് ഗ്രൗ ബോക്സ് തുടങ്ങിയവയുണ്ട്.