പ്രശസ്ത ഹോളിവുഡ് നടൻ ആന്തൊണി ഹോപ്കിൻസ് നായകനാകുന്ന ബ്ലോക് ബസ്റ്റർ ചലച്ചിത്രമാണ് ദ് വേൾഡ്്സ് ഫാസ്റ്റസ്റ്റ് ഇന്ത്യൻ. ചിത്രത്തിലെ മുഖ്യകഥാപാത്രം ഹോപ്കിൻസ് അല്ല; ഇന്ത്യനാണ്. ഇന്ത്യൻ എന്നാൽ 1920 മോഡൽ ഇന്ത്യൻ സ്്കൗട്ട് മോട്ടോർ സൈക്കിൾ.
Indian Dark Horse Test Ride Report & Review | Manorama Online
യഥാർത്ഥ ജീവിത കഥയാണ് ഫാസ്റ്റസ്റ്റ് ഇന്ത്യൻ. മനുഷ്യനും യന്ത്രവുമായുള്ള ആത്മബന്ധത്തിൻറെ കഥ. ബുർട്ട് മുൺറൊ എന്ന് ന്യൂസിലൻഡുകാരൻ പഴയൊരു ഇന്ത്യൻ സ്കൗട്ടിൽ അമ്പതുകളിലും പിന്നെ അറുപതുകളിലും ലോക വേഗ റെക്കോർഡുകൾ തകർക്കുന്നതാണ് ഇതിവൃത്തം.
The Worlds Fastest Indian
അമേരിക്കയിലെ പ്രശസ്തമായ ബോൺവിൽ ഉപ്പു ട്രാക്കിലായിരുന്നു മുൺറൊയുടെയും സ്കൗട്ടിൻറെയും മിന്നിപ്പായൽ. 600 സി സിയുള്ള സ്കൗട്ടിൽ മുൺറൊയുടെ സ്വന്തം എൻജിനിയറിങ്ങിലൂടെയാണ് വേഗ കടമ്പകൾ കടക്കുന്നത്. ശേഷി 900 സി സിയാക്കി ചെറിയ ചില പൊടിക്കൈകൾ ചെയ്തപ്പോൾ പരമാവധി 100 കി മി വേഗമെടുക്കുന്ന ഇന്ത്യൻ സ്കൗട്ട് 324.847 കി മി വേഗമെടുത്ത് അക്കാലത്ത് ഏറ്റവും വേഗമേറിയ വാഹനമായി.
വാർധക്യത്തിലേക്കടുക്കുന്ന മുൺറോയുടെ നിശ്ചയദാർഢൃവും ആവേശവും ബോൺവിൽ ട്രാക്കിൽ അദ്ദഹത്തിനും സ്കൗട്ടിനും വൻ പിന്തുണ നേടിക്കൊടുത്തു. വിലപ്പിടിപ്പുള്ള ആധുനിക മോട്ടോർബൈക്കുകളെ പിന്തള്ളി സ്കൗട്ട് വേഗ റെക്കോർഡു തീർത്ത് ഫിനിഷിങ് ലൈനിനപ്പുറം മറിഞ്ഞു വീണു തെന്നിയുരുണ്ടു. പരുക്കുകളോടെ മുൺറോ ബദ്ധപ്പെട്ട് എണീറ്റു നിൽക്കുമ്പോഴും സ്കൗട്ട് വീണു കിടന്നു മുരളുന്നുണ്ടായിരുന്നു. എക്സ്ഹോസ്റ്റ് പൊള്ളലേറ്റു പാതിവെന്ത കാലുമായി ആരാധകരുടെ തോളിലേറി മുൺറോ കയറിപ്പറ്റിയത് ലോക റെക്കോർഡിൽ. മുൺറോയ്ക്കും ഇന്ത്യൻ സ്കൗട്ടിനും എക്കാലത്തും അഭിമാനിക്കാവുന്ന നേട്ടം.
ചിത്രം കണ്ടവരൊക്കെ ആഗ്രഹിക്കും. എന്നെങ്കിലും ഒരു ഇന്ത്യൻ സ്വന്തമാക്കണം. സ്വപ്നം ഇന്നു യാഥാർത്ഥ്യത്തിനടുത്തെത്തി. കേരളത്തിലുമെത്തി ഇന്ത്യൻ ബൈക്ക് ഷോറൂം. അമേരിക്കയുടെ മോട്ടോർസൈക്കിൾ പാരമ്പര്യം രണ്ടു ചക്രങ്ങളിലെത്തുന്നതാണ് ഇന്ത്യൻ. ഹാർലിക്കും മറ്റും അവകാശപ്പെടാനാവാത്ത ഒരു പാരമ്പര്യമുണ്ട് ഇന്ത്യന്. അത് ഇന്ത്യൻ എന്ന പേരു തന്നെ. അമേരിക്കയിലെ പുരാതന നിവാസികളായ റെഡ് ഇന്ത്യക്കാരിൽ നിന്ന് ശക്തിയാർജിച്ച് ഉണ്ടായ രൂപകൽപന. ഇന്ത്യൻ ബൈക്കുകളിലെ റെഡ് ഇന്ത്യൻ ചീഫ് മുഖമുള്ള ലോഗോയിൽ ഈ പാരമ്പര്യം അവസാനിക്കുന്നില്ല. ഒരോ ഘടകങ്ങൾക്കും ആ റെഡ് ഇന്ത്യൻ പാരമ്പര്യമുണ്ടെന്നാണ് പഴമുറക്കാരുടെ വിശ്വാസം.
ലോകത്തിലെ ഏറ്റവും പഴയ ഇരുചക്രവാഹന നിർമാതാക്കളിലൊന്നാണ് ഇന്ത്യൻ. 1901 ൽ സ്ഥാപിതം. 1953 ൽ സാമ്പത്തികബുദ്ധിമുട്ടുകളെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചു. തുടർന്ന് പല കമ്പനികളും ഏറ്റെടുത്തെങ്കിലും 2011 ൽ പൊളാരിസിന്റെ ഭാഗമാകുന്നതോടെയാണ് ശരിയായ രണ്ടാം ജന്മം.
ഇന്ത്യൻ നിരയിലെ ഏറ്റവും മനോഹരമായ ബൈക്കുകളിലൊന്നാണ് ചീഫ് ഡാർക്ക് ഹോഴ്സ്. താരതമ്യേന പുതിയ മോഡലുകളിലൊന്നാണ് ഡാർക്ക് ഹോഴ്സ്. 2015 ലെ പ്രണയ ദിനത്തിലാണ് ഡാർക്ക് ഹോഴ്സ് പുറത്തിറങ്ങുന്നത്. മാറ്റ് ഫിനിഷുള്ള കറുത്ത നിറമാണ് മുഖമുദ്ര. പൊതുവെ ഇന്ത്യൻ ബൈക്കുകളിൽ ആവശ്യത്തിലധികം കാണുന്ന ക്രോമിന്റെ സാന്നിധ്യം മുൻ–പിൻ മഡ്ഗാർഡുകളിലും എക്സ്ഹോസ്റ്റിലും ലോഗോയിലും ഒതുങ്ങുന്നു.
തുകൽ ആക്സസറികളും ഈ വാഹനത്തിൽ കുറവ്. പഴമ തോന്നിപ്പിക്കുന്ന ഹെഡ്ലാംപ്. എല്ലാ ഇന്ത്യനുകളെയും പോലെ വലിയ മഡ്ഗാർഡ്, വീലുകളുടെ മുക്കാൽ ഭാഗവും മറയ്ക്കുന്ന ഫെയറിങ്ങുകൾ എന്നിവ പ്രത്യേകതാണ്. ഹെഡ്‌ലാംപ് കൗളിൽ നിന്ന് ആരംഭിക്കുന്ന ഹാൻഡിൽബാറുകളാണ് ബൈക്കിന്. നിലവാരമുള്ള സ്വിച്ചുകൾ. ഫ്യൂവൽ ടാങ്കിന്റെ മധ്യത്തിലായാണ് പഴമയുടെ പ്രൗഡി നിലനിർത്തുന്ന മീറ്റർ കൺസോൾ. മുൻ മഡ് ഗാർഡിലെ ഇന്ത്യൻ ചീഫ് രൂപം പ്രകാശിക്കും. കാറുകളിലേതുപോലെ കീ ലെസ് റൈഡാണ്. ക്രൂസ് കൺട്രോൾ, എബിഎസ് എന്നിവയും ഡാർക്ക് ഹോഴ്സിലുണ്ട്.
ചീഫ് കുടുംബത്തിലെ മറ്റു ബൈക്കുകളിലുള്ള 1811 സിസി 2 സിലിണ്ടർ എൻജിൻ. തണ്ടർസ്ട്രോക്ക് 111 വി–ട്വിൻ എന്നു എൻജിൻ 2600 ആർപിഎമ്മിൽ 138.9 എൻഎം ടോർക്ക്. ഏകദേശം 110 ബിഎച്ച്പിയാണ് കരുത്ത്. 357 കിലോഗ്രാം തൂക്കമുള്ള വാഹനം വളരെ ലളിതമായി ഹാൻഡിൽ ചെയ്യാം. മികച്ച റൈഡിങ് പൊസിഷനാണ്. നഗരയാത്രകളേക്കളേറെ ഹൈവേ ക്രൂസുകളാണ് സുഖകരം.
ക്രൂസർ ബൈക്കുകൾക്ക് ചേർന്ന ലീനിയറായ പവർഡെലിവറിയാണ് ബൈക്കിന്. എതിരാളികളെ അപേക്ഷിച്ച് എക്സ്ഹോസ്റ്റ് ശബ്ദം കുറവാണ്. എൻജിനിൽ നിന്നുള്ള ചൂടും കുറവാണ്. 1811 സിസി എൻജിനുള്ള കരുത്തനെ പിടിച്ചു നിർത്താൻ 300 എംഎം ഡിസ്ക് ബ്രേക്കുകളാണ് മുന്നിലും പിന്നിലും.
∙ എക്സ്ഷോറൂം വില 23.46 ലക്ഷം
∙ ടെസ്റ്റ് റൈഡ്: ഇവിഎം ഇന്ത്യൻ മോട്ടോർസൈക്കിൾസ് : 7558889001