ട്രെയ്ൽബ്ലേസർ. നാക്കിനു വഴങ്ങാത്തൊരു പേര്. എന്താണർത്ഥം? പ്രതിബന്ധങ്ങളിൽ കുലുങ്ങാതെ പുതിയ പാതകൾ വെട്ടിത്തുറന്നു നീങ്ങുന്നവർ എന്നൊരർത്ഥമുണ്ട്. ആ അർത്ഥം തന്നെയാണ് ഷെവർലെ ഈ വാഹനത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു. വഴിയുള്ളയിടത്തും ഇല്ലാത്തയിടത്തും ഓടിച്ചു കൊണ്ടുപോകാവുന്ന വാഹനം. വലുപ്പത്തിലും പ്രതാപത്തിലും മറ്റ് ഓഫ് റോഡറുകളെ തൃണവൽക്കരിക്കുന്ന ചേല്. ഗ്രില്ലിൽ അന്തസ്സോടെ ഉറപ്പിച്ചിട്ടുള്ള ഷെവർലെ ലോഗോയ്ക്ക് ഇന്ത്യയിൽ തെല്ലു മങ്ങലേറ്റിട്ടുണ്ടെങ്കിൽ അതു പരിഹരിക്കാനുള്ള ഒറ്റമൂലി.
∙പാരമ്പര്യം: ഷെവർലെ ശ്രേണിയിൽ 1999 മുതൽ ലഭിക്കുന്ന വാഹനമാണ് ട്രെയ്ൽബ്ലേസർ. മുഖ്യമായും അമേരിക്കയിലും തെക്കേ അമേരിക്കയിലും ഗൾഫിലുമൊക്കെ അറിയപ്പെടുന്ന എസ് യു വി. അഞ്ചു കൊല്ലമായി തായ്ലണ്ട് അടക്കമുള്ള ഏഷ്യൻ വിപണികളിലും ഓടിത്തുടങ്ങിയശേഷമാണ് ട്രെയ്ൽബ്ലേസർ ഇന്ത്യയിലെത്തുന്നത്.
∙മുഖമുദ്ര: പൊതുവെ ശക്തിയുടെ പര്യായമാണ് ട്രെയ്ൽബ്ലേസർ ഇറങ്ങിയ വിപണികളിലൊക്കെ അറിയപ്പെടുന്നത്. ഷെവിയുടെ പെർഫോമൻസ് മോഡലായ കോർവെറ്റിൽ ഉപയോഗിക്കുന്ന ആറു ലീറ്റർ വി എട്ട് എൻജിനുള്ള ഹൈ പെർഫോമൻസ് എസ് എസ് മോഡലടക്കം ഒട്ടേറെ കരുത്തൻ മോഡലുകളുള്ള വാഹനം. പല വിപണികളിലും മധ്യനിര എസ് യു വികളിൽ ജാപ്പനീസ് എതിരാളികളെ ട്രെയ്ൽബ്ലേസർ പിന്തള്ളുന്നു.
∙രൂപകൽപന: പുറത്തൊക്കെ മധ്യനിര എസ് യു വിയാണെങ്കിലും ഇന്ത്യയിൽ ട്രെയ്ൽബ്ലേസർ പ്രീമിയം വാഹനമായാണ് അവതരിപ്പിക്കുന്നത്. ഇന്നിവിടെയിറങ്ങുന്ന വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പത്തിൽ മുൻപന്തിയിലാണ് സ്ഥാനം. എവിടെക്കിടന്നാലും പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്നത്ര വലുപ്പം. 241 മി മി ഗ്രൗണ്ട് ക്ലിയറൻസ് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതലാണ്. 18 ഇഞ്ച് ടയറുകളും ഉയർന്ന ബോണറ്റും വലിയ ഗ്രില്ലുകളും വലുപ്പം കൂടുതൽ തോന്നിപ്പിക്കും.
∙ഉൾവശം, സുഖസൗകര്യങ്ങൾ: തികച്ചും അമേരിക്കനാണ് ട്രെയ്ൽ ബ്ലേസർ. അതുകൊണ്ട് സുഖസൗകര്യങ്ങൾക്കും തെല്ലും കുറവില്ല. ഉയരത്തിലുള്ള ഇരിപ്പും ഗട്ടറുകളെ തെല്ലു കുലുക്കം പോലുമില്ലാതെ മറികടക്കാനുമുള്ള മികവും ദൂരയാത്രകൾ സുഖകരമാക്കുന്നു. പ്രത്യേകിച്ച് മോശം റോഡുകളിൽ. കറുപ്പും ബെയ്ജും നിറങ്ങളാൽ പൊതുവെ പ്രായോഗികതയ്ക്ക് പ്രാധാന്യമുള്ള രൂപകൽപന. അമേരിക്കക്കാർക്ക് ക്രോമിയത്തോടുള്ള ആവേശം അവിടെയും ഇവിടെയുമൊക്കെ അലങ്കാരങ്ങളായി പരിണമിക്കുന്നു; ഇതിൽ ശ്രദ്ധേയം ക്രോം പൂശിയ ഗീയർ ലീവർ.
∙സൗകര്യങ്ങൾ: ഇറക്കുമതി ചെയ്തു വരുന്ന വാഹനമായതിനാൽ രാജ്യാന്തര നിലവാരം എവിടെയുമുണ്ട്. 7 ഇഞ്ച് ടച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിൽ ഇൻറർനെറ്റ് റേഡിയോസ്റ്റേഷനുകൾ വരെ പ്രവർത്തിക്കും. വിഡിയോ പ്ലേ സൗകര്യം, റിയർ ക്യാമറ എന്നിവയും ഈ സംവിധാനത്തിലുണ്ട്. തുകൽ സീറ്റുകൾ, മൂന്നാം നിര വരെ എ സി, എയർ ബാഗ്, എ ബി എസ്, ഇ ബി ഡി, ഹിൽ അസിസ്റ്റ്, കോർണറിങ് ബ്രേക്കിങ് കൺട്രോൾ എന്നിങ്ങനെ നീളുന്നു.
∙ഡ്രൈവിങ്: 2800 സി സി നാലു സിലണ്ടർ ഡ്യൂറാമാക്സ് ഡീസൽ ഉയർന്ന ടോർക്കിനും ശക്തിക്കും പേരു കേട്ടതാണ്. 200 പി എസ് ശക്തി, 500 എൻ എം ടോർക്ക്. രണ്ടു ടൺ ഭാരമുള്ള ട്രെയ്ൽബ്ലേസറിന് ഇതു ധാരാളം. 2000 ആർ പി എം കടന്നാൽപ്പിന്നെ കുതിപ്പാണ്.4000 ആർ പി എം വരെ ഈ ശക്തി പ്രകടമാകും. ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സിൽ മാനുവൽ മോഡുമുണ്ട്. വലുപ്പം കൂടുതലാണെന്നത് മൊത്തത്തിൽ ഡ്രൈവിങ്ങിനു സുഖകരമായാണ് ഭവിക്കുന്നത്. ഹൈവേകളിൽ പായാം. നഗരത്തിരക്കിൽ എതിരാളികൾക്ക് പ്രതിപക്ഷബഹുമാനമുണ്ടാകും. ഇന്ധനക്ഷമത ലീറ്ററിന് 10 കി മി വരെ പ്രതീക്ഷിക്കാം.
∙എക്സ് ഷോറൂം വില 26.96 ലക്ഷം. ഇത്ര വലിയ ഒരു അമേരിക്കൻ എസ് യു വിക്ക് അത് അത്ര കൂടതലല്ല.
ടെസ്റ്റ്ഡ്രൈവ്: ജിയെം ഷെവർലെ: 9847403175