കണ്ണിന് എന്തെങ്കിലും അസുഖം എന്നു കേൾക്കുമ്പോൾതന്നെ അൽപം മുലപ്പാൽ കിട്ടുമെങ്കിൽ അതൊഴിച്ചാൽ മതി, എല്ലാ അസുഖങ്ങളും മാറികിട്ടും എന്നു പറയുന്നവർ ഇപ്പോഴും കുറവല്ല. പണ്ടു മുതലേ നിലനിന്നു പോരുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വിശ്വാസം മാത്രമാണിത്.
21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കണ്ണിൽ അണുബാധയെത്തുടർന്ന് മുലപ്പാൽ ഒഴിച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവം നടന്നത് കഴിഞ്ഞവർഷം മുംബൈയിൽ ആയിരുന്നു. പലരും ഇപ്പോഴും ഇത് ആവർത്തിക്കുന്നുമുണ്ട്. മുലപ്പാൽ ഒഴിച്ചതിനെത്തുടർന്നാണ് കാഴ്ച നഷ്ടപ്പെട്ടതെന്നാണ് അന്ന് ആ കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്.
മുലപ്പാൽ അമൃതമാണ്, ആരോഗ്യദായകമാണ്, നവജാതശിശുക്കൾക്ക് ആറുമാസം വരെയുള്ള ആഹാരവും മുലപ്പാൽ മാത്രമാണ്. എന്നാൽ കണ്ണിലെ രോഗശമനത്തിനുള്ള മരുന്നായി മുലപ്പാൽ ഒരു വിദഗ്ധരും നിർദ്ദേശിക്കുന്നില്ല. മറ്റേതു രോഗത്തെപ്പോലെയും ചികിത്സിച്ചു മാറ്റേണ്ട, മരുന്നുപയോഗിച്ചുതന്നെ മാറേണ്ട ഒന്നുതന്നെയാണ് കണ്ണിലുണ്ടാകുന്ന രോഗങ്ങളും.
എന്തിനേറെപ്പറയുന്നു കണ്ണുകളെ ബാധിക്കുന്ന സാംക്രമിക രോഗമായ ചെങ്കണ്ണ് ശമിക്കാൻ പോലും മുലപ്പാൽ ഉപയോഗിക്കുന്നവരുണ്ടത്രേ. ഇത് കണ്ണിന്റെ അണുബാധകൂട്ടി കാഴ്ചവരെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കാം. ചെങ്കണ്ണിന്റെ ചികിത്സയ്ക്ക് മുലപ്പാൽ ഉപയോഗിക്കുന്നത് ഫലപ്രദമല്ലെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്ത്താൽമോളജിയിൽ പ്രദ്ധീകരിച്ച പഠനങ്ങളും പറയുന്നു. മുലപ്പാൽ ഒരിക്കലും ആന്റിബയോട്ടിക് തുള്ളിമരുന്നുകൾക്ക് പകരം ആകുന്നുമില്ല.
മരുന്നിനു പകരം മുലപ്പാൽ കണ്ണിലൊഴിക്കാൻ ഒരു വിദഗ്ധരും ആവശ്യപ്പെടില്ല. പ്രസവശേഷം ആദ്യത്തെ കുറച്ചുദിവസം വരുന്ന മുലപ്പാൽ ചിലതരം അണുബാധകൾ കണ്ണിൽ കുറച്ചേക്കാമെന്നു ചില പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഈ പാലിൽ അടങ്ങയിരിക്കുന്ന ഇമ്മ്യൂണോഗ്ലോബുലിൻസ് കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി കൂട്ടുന്നുണ്ട്. അതുപോലെ മുലയൂട്ടുന്നതിനു മുൻപ് പാൽ പിഴിഞ്ഞു കളഞ്ഞിട്ടാണ് മിക്ക അമ്മമാരും കുഞ്ഞുങ്ങളെ മുലയൂട്ടുന്നത്. കെട്ടിക്കിടക്കുന്ന പാൽ കുറച്ച് പിഴിഞ്ഞു കളഞ്ഞില്ലെങ്കിൽ കുഞ്ഞിന് നീരുവീക്കം ഉണ്ടാകുമെന്ന വിശ്വാസമാണ് ഇതിനു പിന്നിൽ. ഇതും തെറ്റാണ്. മുലപ്പാൽ പിഴിഞ്ഞു കളയേണ്ട ആവശ്യമേ ഇല്ല.
ഇനിയെങ്കിലും കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ളവരുടെ കണ്ണുകൾ മുലപ്പാൽ ഒഴിച്ച് പരീക്ഷണശാലയാക്കാതെ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ വിദ്ഗധ നിർദ്ദേശം സ്വീകരിക്കുക.