ഒക്ടോബർ 10 ലോക മാനസികാരോഗ്യദിനം. ഇത്തവണ ചർച്ച ചെയ്യുന്ന വിഷയം ‘ജോലിയും മാനസികാരോഗ്യവും.’
സിഗ്മണ്ട് ഫ്രോയ്ഡിനോട് ഒരിക്കൽ ഒരാൾ ചോദിച്ചു: ‘‘എന്താണ് ഒരാളെ സന്തോഷവാനാക്കുന്നത്?’’ സ്നേഹവും ജോലിയുമെന്നായിരുന്നു മറുപടി. ബന്ധങ്ങളിലെ ഇഴയടുപ്പവും സ്നേഹവും പരിഗണനയും പോലെതന്നെ പ്രധാനമാണു ജോലി നൽകുന്ന സംതൃപ്തിയുൾപ്പെടെയുള്ള കാര്യങ്ങളും. ജോലിയുടെ പിരിമുറുക്കം പേറുമ്പോൾ മാനസികാരോഗ്യം ഇടറിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
∙ ചെയ്യുന്ന ജോലി ഇഷ്ടപ്പെട്ടു ചെയ്യുക, കഷ്ടപ്പെട്ടു ചെയ്യരുത്. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുകയും വേണം. ആഗ്രഹിച്ച ജോലിതന്നെ പലപ്പോഴും ലഭിക്കണമെന്നില്ല. പക്ഷേ, അതോർത്തു വിഷമിച്ചുകൊണ്ടിരുന്നാൽ സന്തോഷം കൈവിട്ടുപോകും. അതേസമയം, അമിതമായ ജോലി ആഭിമുഖ്യവും അടിമത്തവും വേണ്ട.
∙ ജീവിതവും ജോലിയും സന്തുലിതമായി കൊണ്ടുപോകാൻ പഠിക്കുക. ജോലിസ്ഥലത്തെ ചിരിയും തമാശയും അമളിയുമൊക്കെ ആസ്വദിക്കുക, പങ്കുവയ്ക്കുക, ഓർത്തു ചിരിക്കുക. ഇതെല്ലാം പിരിമുറുക്കം കുറയ്ക്കാനുള്ള മരുന്നാണ്.
∙ സഹപ്രവർത്തകരുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിക്കുക. ഇവരുടെ കുടുംബവുമായി തങ്ങളുടെ കുടുംബത്തെ പരിചയപ്പെടുത്തുക, സുഹൃദ്ബന്ധം വളർത്തുക.
∙ ജോലിയാണ്, തിരക്കാണ് തുടങ്ങിയ ന്യായീകരണങ്ങൾ നിരത്തി ആരോഗ്യം മറക്കരുത്. വ്യായാമത്തിനു സമയം കണ്ടെത്തണം. യോഗ ചെയ്യാം, ധ്യാനിക്കാം, ശ്വസന വ്യായാമങ്ങൾ പരിശീലിക്കാം.
∙ കുടുംബവുമായുള്ള യാത്രകളും ഒരുമിച്ചുള്ള പരിപാടികളും കഴിവതും ഒഴിവാക്കരുത്.
∙ കഴിവുകൾ നശിപ്പിച്ചുകളയരുത്. പാട്ടോ നൃത്തമോ ഉപകരണ സംഗീതമോ കായിക വിനോദമോ എന്തായാലും അതിനെ പ്രോൽസാഹിപ്പിക്കാനും സമയം കണ്ടെത്താം.
∙ പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും സമയമുണ്ടാകണം. പ്രകൃതി ഏറ്റവും വലിയ ഔഷധമാണല്ലോ.
∙ ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല.
ഡോ. വർഗീസ് പുന്നൂസ്,
മാനസികാരോഗ്യവിഭാഗം മേധാവി,
മെഡിക്കൽ കോളജ് ആശുപത്രി,
ആലപ്പുഴ.
Read More : ആരോഗ്യവാർത്തകൾ