Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വാസകോശം സംരക്ഷിക്കാൻ കഴിക്കൂ തക്കാളിയും ആപ്പിളും

lung-health

പുകവലി ശീലം ഉപേക്ഷിച്ച ആളാണോ നിങ്ങൾ? എങ്കിൽ ശ്വാസകോശത്തിനുണ്ടായ കേടുപാടുകൾ മാറ്റാൻ ഒരു വഴിയുണ്ട്, ദിവസവും തക്കാളി കഴിക്കുക.

പുകവലി മൂലം ശ്വാസകോശത്തിനുണ്ടായ തകരാറുകൾ പരിഹരിക്കാൻ തക്കാളിക്കും ആപ്പിളിനും കഴിയുമെന്നു പറയുന്നത് യുഎസിലെ ഗവേഷകരാണ്. 

യു എസിലെ ജോൺ ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, പുകവലി നിർത്തിയവരിൽ ശ്വാസകോശത്തിന്റെ  പ്രവർത്തന വൈകല്യം കുറയ്ക്കാൻ തക്കാളിയും പഴങ്ങളും,  പ്രത്യേകിച്ച് ആപ്പിൾ കൂടുതല്‍ അടങ്ങിയ ഭക്ഷണത്തിന് സാധിക്കുമെന്നു കണ്ടു. 

ദിവസം രണ്ടു തക്കാളിയിലധികമോ മൂന്നു നേരം പഴങ്ങളോ കഴിക്കുന്നവരിൽ, ദിവസം ഒന്നിൽ താഴെ തക്കാളിയും ഒരു ഭാഗം പഴങ്ങളോ കഴിക്കാത്തവരെ അപേക്ഷിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം മികച്ചതാണെന്നു കണ്ടു.

യു കെയിലെ ഇംപീരിയൽ കോളജ് ഓഫ് ലണ്ടനിലെ ഗവേഷകർ മുൻപു നടത്തിയ പഠനത്തിലും തക്കാളി ധാരാളമായി ഉപയോഗിക്കുന്നവരിൽ (പുക വലിക്കാത്തവരിലും പുകവലി നിർത്തിയവരിലും) ശ്വാസകോശത്തിന്റെ പ്രവർത്തന വൈകല്യം കുറവായിരുന്നു.

തക്കാളി നൽകുന്ന അതേ ഗുണങ്ങള്‍ പ്രോസസ് ചെയ്ത ഭക്ഷ്യ വസ്തുക്കളും മറ്റു ഭക്ഷണ പദാർത്ഥങ്ങളും നൽകുമോ എന്നു പരിശോധിച്ചെങ്കിലും ഫ്രഷ് ഫ്രൂട്ടുകളും പച്ചക്കറികളും മാത്രമേ സംരക്ഷണമേകു എന്നു കണ്ടു. 

ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (COPD), ഹൃദ്രോഗം, ശ്വാസ കോശാര്‍ബുദം മുതലായ രോഗങ്ങൾ ഉള്ളവരിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം ക്ഷയിക്കുകയും മരണനിരക്ക് കൂടാന്‍ കാരണമാകുകയും ചെയ്യും. 

ജർമനി, യു കെ, നോർവേ എന്നീ രാജ്യങ്ങളിലെ 650 പേരിൽ 2002 ൽ നടത്തിയ ഈ പഠനത്തിൽ ശ്വാസകോശത്തിന്റെ പ്രവർത്തനവും ഭക്ഷണവും തമ്മിലുള്ള ബന്ധം പരിശോധിച്ചു. പത്തുവർഷങ്ങൾക്കു ശേഷം ഇതേ ഗ്രൂപ്പി ലുള്ള ആളുകളിൽ ശ്വാസകോശത്തിന്റെ  പ്രവർത്തനങ്ങൾ പരിശോധിച്ചു. ഓക്സിജൻ ഉള്ളിലേക്കെടുക്കാനുള്ള ശ്വാസകോശത്തിന്റെ കപ്പാസിറ്റി പരി ശോധിക്കാനുള്ള സ്പൈറോമെട്രി ടെസ്റ്റും ഇവരിൽ നടത്തി. ഭക്ഷണ ശൈലിയും പോഷകങ്ങളുടെ അളവും കണക്കാക്കാൻ ഒരു ചോദ്യാവലി ഇവർ പൂരിപ്പിച്ചയച്ചു. 

ശ്വാസകോശത്തിന്റെ  പ്രവർത്തനം രണ്ടു രീതിയിൽ അളന്നു. ഒരു സെക്കൻഡിൽ ശ്വാസകോശത്തിൽ നിന്നു പുറന്തള്ളാൻ സാധിക്കുന്ന വായുവിന്റെ അളവ്,  ആറു സെക്കൻഡിൽ  ഒരാൾ ശ്വസിക്കുന്ന വായുവിന്റെ  അളവ് ഇവ കണക്കാക്കി. പ്രായം, ഉയരം, ലിംഗം, ബോഡിമാസ് ഇൻഡക്സ്, സാമൂഹ്യ സാമ്പത്തികാവസ്ഥ, ശാരീരിക പ്രവർത്തനം, ഊർജ്ജനില എന്നീ ഘടകങ്ങളും കണക്കിലെടുത്തു. 

ഭക്ഷണരീതിയും ശ്വാസകോശത്തിന്റെ പ്രവർത്തനവും തമ്മിലുള്ള ബന്ധം ശ്രദ്ധേയമായി കണ്ടത് മുൻപ് പുകവലി ശീലം ഉള്ളവരിലാണ്. 

പത്തുവർഷക്കാലം കൊണ്ട് പുകവലി നിർത്തിയ, പഴങ്ങളും തക്കാളിയും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നവരിൽ ശ്വാസകോശത്തിന്റെ  പ്രവർത്തന ക്ഷയം 80 മി. ലി. കുറവാണെന്നു കണ്ടു.  പുകവലി അവരുടെ ശ്വാസകോശത്തിനുണ്ടാക്കിയ തകരാറുകൾ പരിഹരിക്കാൻ അവർ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾക്കാവും.

ഓരോ വ്യക്തിയുടെയും ആരോഗ്യം അനുസരിച്ചു മുപ്പതു വയസ്സ് ആകുമ്പോഴേക്കും ശ്വാസകോശത്തിന്റെ പ്രവർത്തനം ക്ഷയിക്കാന്‍ തുടങ്ങും. പതിവായി പഴങ്ങൾ കഴിച്ചാല്‍ ഈ ക്ഷയം കുറയ്ക്കാനും പുകവലി മൂലം  ഉണ്ടായ തകരാറുകൾ പരിഹരിക്കാനും കഴിയും. സി.ഒ.പി.ഡി ബാധിക്കാനുള്ള സാധ്യതയെ പ്രതിരോധിക്കാനും ഭക്ഷണരീതിക്കാവുമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ജോൺ ഹോപ്കിൻസിലെ അസിസ്റ്റന്റ് പ്രൊഫസറായ വനേസ ഗാര്‍ഷ്യ ലാർസൺ പറയുന്നു. 

ശ്വാസകോശസംബന്ധിയായ രോഗങ്ങൾ വരാതിരിക്കാനും പുകവലി മൂലം ശ്വാസകോശത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കാനും ദിവസവും തക്കാളി കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് യൂറോപ്യൻ റെസ്പിറേറ്ററി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. 

Read More : Health News