ഒരൊറ്റ ഡോസ്; പകര്‍ച്ചപ്പനിക്ക് എതിരെ അതിവേഗം പ്രവര്‍ത്തിക്കുന്ന മരുന്നുമായി ശാസ്ത്രജ്ഞര്‍

പകര്‍ച്ചപ്പനികളുടെ കാലം എക്കാലത്തും ഒരു പേടി സ്വപ്നമാണ്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ജീവനുകളാണ് പനി അപഹരിക്കുന്നത്. എന്നാല്‍ ഇതാ അടുത്ത പനികാലത്തെ പേടിക്കാതെ കഴിയാന്‍ സാധ്യതയുള്ളൊരു കണ്ടെത്തലുമായി ജാപ്പനീസ് ഗവേഷകര്‍. 

ജപ്പാനിലെ പ്രശസ്ത മരുന്ന്നിര്‍മാണകമ്പനിയായ ഷിയോനോഗിയാണ് ( Shionogi ) ഫ്ലൂ ബാധയ്ക്ക് എതിരെ വളരെ ഫലപ്രദവും അതിവേഗം പ്രവര്‍ത്തിക്കുന്നതുമായ മരുന്ന് വികസിപ്പിച്ചെടുത്തെന്ന് അവകാശപ്പെടുന്നത്. 

Influenza virus treatment baloxavir marboxil എന്നാണ് ഇവര്‍ വിജയകരമായി വികസിപ്പിച്ച മരുന്നിന്റെ പേര്. ഇതു വരെ വിപണിയില്‍ എത്തിയിട്ടില്ലാത്ത ഈ മരുന്ന് മറ്റു മരുന്നുകളെക്കാള്‍ ഇരട്ടി വേഗത്തിലാണ് സുഖപ്രാപ്തി നല്‍കുന്നതെന്നാണ് അവകാശവാദം. 

ഒരേയൊരു ഡോസ് മരുന്ന് ഒരൊറ്റ ദിവസം കഴിച്ചാല്‍ തന്നെ രോഗം ഭേദമാകുമെന്നാണ് കമ്പനി പറയുന്നത്. മരുന്നിന്റെ ഗുണങ്ങള്‍ ചെക്ക്‌ ചെയ്യാനായി നടത്തിയ ഫേസ് 3 ട്രയലില്‍ പൂര്‍ണആരോഗ്യവാനായ ഒരു വ്യക്തിയില്‍ മരുന്നിന്റെ ഫലം വെറും 24 മണിക്കൂറിനകം കണ്ടു തുടങ്ങുമെന്നാണ് തെളിഞ്ഞത്. ഇതാണ് ഗവേഷകര്‍ക്ക്‌ ആത്മവിശ്വാസം നല്‍കുന്നത്.

ഓറല്‍ മരുന്നായ ഇത് സാധാരണയില്‍ നിന്നും വ്യത്യസ്തമായ പ്രവര്‍ത്തനമാണ് ശരീരത്തില്‍ നടത്തുന്നത്. വൈറസ്‌ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രോഗബാധിതമായ സെല്ലില്‍ സന്താനോല്പാദനം നടത്തുന്നത് തടയുകയാണ് ഈ മരുന്നിന്റെ പ്രവര്‍ത്തനം. 

സാധാരണ ഇന്ഫ്ലുവെന്‍സയ്ക്ക് A,B എന്നിവയ്ക്ക് കഴിക്കുന്ന oseltamivir ഉപേക്ഷിച്ച് ഒരൊറ്റ  തവണ കഴിച്ചാല്‍ മതിയെന്നതും ഇതിന്റെ സവിശേഷതയാണ്. oseltamivir പത്തുഡോസ് വരെയാണ് സാധാരണ നിക്ഷ്കർഷിക്കുന്ന കുറഞ്ഞ അളവ്. 

Read More : ആരോഗ്യവാർത്തകൾ

ഇൻഫ്ലുവെന്‍സയ്ക്ക് A,B ടൈപ്പുകളെ പ്രതിരോധിക്കാന്‍ കണ്ടെത്തിയ ഈ മരുന്നിനു ജപ്പാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. മെയ്‌ മാസത്തോടു കൂടി മരുന്ന് ജാപ്പനീസ് വിപണികളില്‍ എത്തുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്, അതിനൊപ്പം വൈകാതെ ലോകവിപണിയിലും ഈ അത്ഭുതമരുന്ന് എത്തുമെന്നു കരുതാം. അതായതു പനിക്കാലത്തെ പേടിക്കാതെ കഴിയുന്ന കാലം വിദൂരമല്ലെന്ന് സാരം.