സ്മാർട്ട്ഫോണുകളിൽ നിന്നുള്ള റേഡിയേഷന് കൂടുതൽ വിധേയമാകുന്നത് കുട്ടികളുടെ ഓർമ്മശക്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. സ്വിസ്സ് ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. മൊബൈൽ ഫോണുകളിൽ നിന്നും വമിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ്സിന് (RF-EMF) ഒരു വർഷത്തോളം തുടർച്ചയായി വിധേയമാകുന്നത് കൗമാരക്കാരുടെ ഫിഗുറൽ മെമ്മറിയെ സാരമായി ബാധിക്കാനിടയുണ്ടെന്നാണ് കണ്ടെത്തൽ.
വലതു മസ്തിഷ്ക അർധഗോളത്തിലാണ് ഫിഗുറൽ മെമ്മറി സ്ഥിതി ചെയ്യുന്നത്. വലതു ചെവിയിൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നവരിലാണ് റേഡിയേഷന്‍റെ ദൂഷ്യവശങ്ങള്‍ ഏറെയും കണ്ടെത്തിയിട്ടുള്ളതും. മസ്തിഷ്കം വലിച്ചെടുക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ്സാണ് അനുബന്ധ പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്നാണ് ഇത് നൽകുന്ന സ്വിസ് ട്രോപിക്കല്‍ ആൻഡ് പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ മാർട്ടിൻ റൂസ്‍ലി ചൂണ്ടിക്കാട്ടി.
സംസാരിക്കുമ്പോൾ ഇയർ ഫോണോ സ്പീക്കറോ ഉപയോഗിക്കുകയാണ് മസ്തിഷ്കത്തിന് കൂടുതൽ ക്ഷതങ്ങൾ സംഭവിക്കുന്നത് തടയാനുള്ള ഫലപ്രദമായ മാർഗം. നെറ്റ് ലഭ്യത കുറവായ സന്ദർഭങ്ങളിലും ഫോണിൽ പൂർണമായും ചാർജുള്ള സന്ദർഭങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
മസ്തിഷ്കത്തിന്‍റെ പ്രവർത്തന രീതികളെ ഏതെല്ലാം വിധത്തിലാണ് റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ്സ് ബാധിക്കുന്നതെന്നോ തങ്ങളുടെ കണ്ടെത്തൽ ദീർഘകാലാടിസ്ഥാനത്തിൽ എത്രത്തോളം പ്രസക്തമാണെന്നോ നിലവിൽ പറയാനാകില്ലെന്ന് റൂസ്‍ലി പറഞ്ഞു. മൊബൈൽ ഫോണിന്‍റെയും കംപ്യൂട്ടറിന്‍റെയും അമിതമായ ഉപയോഗം കൗമാരക്കാരിൽ പ്രത്യേകിച്ച് പെൺകുട്ടികളിൽ വിഷാദ രോഗത്തിനും ആത്മഹത്യ പ്രവണതക്കും കാരണമാകുമെന്ന് മറ്റൊരു പഠനം കണ്ടെത്തിയിരുന്നു.
Read More : Health News