എനിക്ക് 68 വയസ്സുണ്ട്. 20 വർഷമായി പ്രഷറിന് ഗുളിക കഴിക്കുന്നു. കുറെക്കാലമായി പ്രഷർ നോർമലാണ്. ഷുഗർ, കൊളസ്ട്രോൾ ഇവയൊന്നുമില്ല. ഏകദേശം 25 വർഷം മുൻപ് മുതൽ എന്റെ വലതു കാലിന്റെ അടിയിൽ നിന്നു പെരുപ്പ് അനുഭവപ്പെടുകയും കാലിൽ നിന്ന്, വയറിൽകൂടി, തല വരെ എത്തുകയും തലയ്ക്കു മന്ദത അനുഭവപ്പെടുകയും ചെയ്യും. 1– 1 1/2 മിനിറ്റേ ഇതുണ്ടാകാറുള്ളൂ. ഇടയ്ക്കൊക്കെ ഒന്നു രണ്ടു ദിവസം 5–6 പ്രാവശ്യം ഇങ്ങനെ ഉണ്ടാകാറുണ്ട്. ഉറക്കത്തിലും ഇങ്ങനെ അനുഭവപ്പെടും. ഈ ദിവസങ്ങളിൽ തലയ്ക്കു ചെറിയ ഭാരവും ക്ഷീണവും തോന്നാറുണ്ട്. കുറച്ചു നാളായി എനിക്കു ടെൻഷൻ അനുഭവപ്പെടുന്നു. ടെൻഷൻ ഉള്ളപ്പോൾ, ചിലപ്പോൾ മാത്രം ഈ അസുഖം ഉണ്ടാകാറുണ്ട്. അപൂർവമായി വിയർക്കുകയും ചെയ്യും. കുറച്ചു നാളായി മനസ്സിന് ഏകാഗ്രത കിട്ടുന്നില്ല. ജോലികൾ കൃത്യമായി ചെയ്യുമ്പോഴും മനസ്സ് അതിൽ നിന്നു മാറിപ്പോകുന്നു.
6 മാസമായി ഉറങ്ങാൻ കിടന്നാൽ (പകലും രാത്രിയും) എല്ലാ ദിവസവും എന്തെങ്കിലും സ്വപ്നം കാണാറുണ്ട്. ഉണർന്നാൽ അതേപ്പറ്റി കാര്യമായ ഓർമ കാണില്ല. EEG, ECG, CT Scan, MRI Scan തുടങ്ങി എല്ലാ ടെസ്റ്റും നടത്തി. യാതൊരു തകരാറും ഇല്ല. Panic Attack എന്നാണ് എല്ലാ ഡോക്ടർമാരുടെയും അഭി പ്രായം. ഒരു Clinical Psychologist നെ കാണാൻ ഒരു ഡോക്ടർ നിർദേശിച്ചെങ്കിലും കണ്ടില്ല. ഡോക്ടർ പറഞ്ഞതനുസരിച്ച് കുറെ നാളായി മരുന്ന് ഒന്നും തന്നെ കഴിക്കുന്നില്ല. എന്താണു സാർ Panic Attack. ഇതു തീർത്തും മാറുമോ? ഏതെങ്കിലും ഡോക്ടറെ ഇനിയും കാണണമോ? ഏകാഗ്രതയില്ലായ്മ, സ്ഥിരമായ സ്വപ്നം കാണൽ ഇവ എന്തുകൊണ്ടുണ്ടാകുന്നു. താങ്കളുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.
താങ്കളുടെ ലക്ഷണങ്ങൾ ന്യൂറോളജിക്കൽ ആണെങ്കിലും ന്യൂറോ വിദഗ്ധന്റെ പരിശോധനയിലോ ടെസ്റ്റുകളിലോ യാതൊരു കുഴപ്പവും കാണുന്നുമില്ല. ആകയാൽ താങ്കൾ ഒരു സൈക്യാട്രി ഡോക്ടറെയാണ് കാണേണ്ടത്. താങ്കളുടെ അസുഖം Anxiety യുമായി ബന്ധപ്പെട്ടതാണെന്ന് ഓർമിപ്പിക്കുന്നു. Panic Attack എന്നാൽ ഒരു തരം തീവ്രമായ Anxiety തന്നെയാണ്. ഇതിനു ഫലപ്രദമായ പലതരം മരുന്നുകളും ലഭ്യമാണ്. ആകയാൽ താമസിയാതെ ഒരു സൈക്യാട്രി ഡോക്ടറെ കാണുകയും അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് പരിശോധനയും ചികിത്സയും സ്വീകരിക്കേണ്ടതാണ്.
ഇപ്പോഴുണ്ടാകുന്ന അമിതമായ സ്വപ്നങ്ങളും താങ്കളുടെ ഇപ്പോഴത്തെ അവസ്ഥയുടെ ഭാഗമാണ്. അവയും താങ്കളുടെ അടിസ്ഥാന അസുഖത്തിന്റെ ചികിത്സയിലൂടെ മാറിക്കിട്ടും.
Read More : Health News