Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകൽ സമയം ചെറുതായി ഒന്നുറങ്ങിയാലോ?

daytime-sleep

പകൽ ജോലി സമയത്ത് ചെറുതായെങ്കിലുമൊന്ന് മയങ്ങന്നുവരെ കണ്ടാൽ മതി കുഴിമടിയെന്ന് ഇരട്ട പേര് വീഴാൻ. യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാല ഗവേഷകർ പക്ഷേ ചെറിയ മയക്കത്തെക്കുറിച്ചുള്ള ധാരണകൾ തിരിത്തുന്നു. പകൽ ചെറുതായെങ്കിലും ഒന്ന് മയങ്ങിയാൽ ജോലിയുടെ മികവ് കൂട്ടാനും ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ പോലും അനായാസം തീരുമാനമെടുക്കാനും സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. പല പ്രായത്തിലുള്ള ആരോഗ്യവാന്മാരായ പതിനാറുപേരെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തു. 

രണ്ടു ടാസ്കുകൾ ഇവർക്കു നൽകി. സ്ക്രീനിൽ ചുവപ്പും നീലയും ചതുരങ്ങൾ കാണുമ്പോൾ പ്രതികരിക്കാൻ ഇവരോട് ആവശ്യപ്പെട്ടു. ഉണർന്നിരിക്കുമ്പോളും 90 മിനിറ്റ് ഉറങ്ങിയ ശേഷവും ടാസ്ക് ചെയ്തു. ഉറക്കത്തിനു മുൻപും ശേഷവുമുള്ള തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഇലക്ട്രോ എൻസെഫലോഗ്രാം (EEG) ഉപയോഗിച്ച് റെക്കോർഡ് ചെയ്തു. 

ഉറങ്ങുമ്പോള്‍ വിവരങ്ങളെ തലച്ചോർ വളരെവേഗം പ്രോസസ് ചെയ്യുന്നതായി കണ്ടു. ഉറങ്ങുന്ന സമയത്ത് അറിവു വർധിക്കുമെന്നും വിവരങ്ങളെ ഓർമിച്ചെടുക്കാനുള്ള കഴിവു കൂടുമെന്നും തെളിഞ്ഞിട്ടുള്ളതാണ്. ഉണർന്നിരിക്കുന്ന സമയത്ത് നാം ആർജ്ജിക്കുന്ന വിവരം ഉറങ്ങുന്ന സമയത്ത് പ്രോസസ് ചെയ്യപ്പെടുന്നതായി സ്‌ലീപ്പ് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം തെളിയിക്കുന്നു. ചെറുമയക്കങ്ങൾ നമ്മുടെ പ്രതികരണങ്ങളെയും മെച്ചപ്പെടുത്തുകയും കൂടൂതൽ ഉന്മേഷം പകരുകയും ചെയ്യുന്നു. ഇനി പകൽ സമയം ചെറുതായി മയങ്ങിയാലോ?