വാർദ്ധക്യത്തിലെ സ്വാപ്നാടനവും നിദ്രാവൈകല്യങ്ങളും

സ്വപ്നം കാണുന്നത് ഉറക്കത്തിലെ നേത്രദ്രുതചലന നിദ്രയുടെ ഘട്ടത്തിലാണ്. പ്രായമായവരിൽ നിദ്രയുടെ ഈഘട്ടത്തിൽ പലതരത്തിലുള്ള നിദ്രാവൈകല്യങ്ങളും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ളവർ ഉറക്കത്തിൽ കിടന്നു കൈകാലിട്ടടിക്കാനും എഴുന്നേറ്റു നടക്കാനും വീഴാനുമൊക്കെ സാധ്യതയുണ്ട്. പാർക്കിൻസോണിസം, അൽഷിമേഴ്സ് പോലെയുള്ള പ്രശ്നങ്ങളുള്ളവർക്ക് നേത്രദ്രുതചലന നിദ്രയുടെ ഘട്ടത്തിലുള്ള നിദ്രാവൈകല്യങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്. 

അമിത ഉറക്കം

നാർക്കോലെപ്സി എന്ന അമിത ഉറക്കത്തിന്റെ പ്രശ്നങ്ങൾ പ്രധാനമായും കൗമാരപ്രായക്കാരിലും ചെറുപ്പക്കാരിലുമാണ് കാണുന്നതെങ്കിലും ചിലപ്പോൾ മുതിർന്ന പൗരന്മാരിലും കണ്ടു വരാറുണ്ട്. ചെറുപ്പകാലത്ത് ശ്രദ്ധിക്കപ്പെടാതെ പോയതോ ശരിയായ രോഗനിർണയം നടക്കാതെ പോയതോ ആകാം കാരണം. നാർക്കോലെപ്സിയോടൊപ്പം പൊടുന്നനെ ഉണ്ടാകുന്ന പേശീതളർച്ചയായ കാറ്റപ്ലക്സി എന്ന അവസ്ഥയും ഉണ്ടാകാം. 

ഉറക്കത്തിലെ ശ്വാസതടസ്സം

പ്രായമേറിയവർക്ക് പ്രത്യേകിച്ച് പൊണ്ണത്തടിയുള്ളവർക്ക് ഉറക്കത്തിലെ ശ്വാസതടസ്സത്തിനുള്ള (ഒ.എസ്.എ) സാധ്യത കൂടുതലാണ്. 60 വസ്സിനു മേൽ പ്രായമുള്ളവരിൽ 60 ശതമാനത്തിനും ഏറ്റക്കുറച്ചിലോടെ ഒ.എസ്.എ യുടെ പ്രശ്നങ്ങളുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒ.എസ്.എ യുടെ ലക്ഷണങ്ങളായ ക്ഷീണം, പകൽ മയക്കം, രാവിലെ അനുഭവപ്പെടുന്ന തലവേദന തുടങ്ങിയ ലക്ഷണങ്ങൾ വാർധക്യസഹജമായ ലക്ഷണങ്ങളായി കരുതി തള്ളിക്കളയാൻ സാധ്യത കൂടുതലായതുകൊണ്ട് പ്രായമുള്ളവരിൽ രോഗനിർണയം വൈകാറാണു പതിവ്. 

പൊണ്ണത്തടി കൂടാതെ പ്രായമേറുമ്പോൾ വായിലെയും തൊണ്ടയിലെയും നാവിലെയുമൊക്കെ പേശികൾ അയവുള്ള തായി വായു സഞ്ചാരത്തിന് തടസ്സമുണ്ടാകുന്നതും ഉറക്ക ത്തിലെ ശ്വാസതടസ്സത്തിന് കാരണമാകാം. ഒ.എസ്.എ ഉള്ള വർക്ക് രക്തധമനീ രോഗങ്ങളായ ഹൃദയാഘാതം, പക്ഷാ ഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ ഓക്സിജൻ സാന്ദ്രത കുറയുന്നതിനെത്തുടർന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ചില ഘടകങ്ങൾ രക്തം കട്ടപിടിക്കുന്ന തിനുള്ള പ്രവണത വർധിപ്പിക്കുന്നതാണ് ഇതിന് കാരണം. 

കൂടുന്നു, കൂർക്കംവലി  

പ്രായമേറുന്തോറും ഉറക്കത്തിനിടെ കൂർക്കം വലിക്കാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. വൃദ്ധജനങ്ങളുടെ ഉപരി വായു സഞ്ചാരവഴികളായ തൊണ്ടയിലെ പേശികൾ‍ അയവു ള്ളതാകുന്നതാണു കാരണം. പേശികൾ അയയുമ്പോൾ വായുസഞ്ചാരമാർഗങ്ങളിൽ തടസ്സമുണ്ടാകുകയും കൂർക്കം വലിയുണ്ടാകുകയും ചെയ്യുന്നു. ഉറക്കത്തിൽ ശ്വാസതടസ്സമുണ്ടാകുന്ന അമിതവണ്ണക്കാരുടെ (ഒ.എസ്.എ) മുഖ്യ ലക്ഷണം കൂർക്കം വലിയാണ്.  ഒ.എസ്. എ  ഇല്ലാത്ത  കൂർക്കം വലിക്കാർക്ക് രക്തധമനീരോഗങ്ങൾക്കും ഹൃദ്രോഗത്തിനുമുള്ള സാധ്യത സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. 

കാരണം കണ്ടെത്തി ചികിത്സിക്കാം

പ്രായമേറിയവരിൽ പലർക്കും ശാരീരിക–മാനസിക പ്രശ്നങ്ങളും ദീർഘകാല രോഗങ്ങളുമായിരിക്കും ഉറക്കക്കുറവിന്  കാരണമാകുന്നത്. അവ കണ്ടെത്തി ചികിത്സിക്കുകയാണ് ഉറക്ക ക്കുറവിനുള്ള ശാശ്വത പരിഹാരം. വിട്ടുമാറാത്ത സന്ധിവേദ നകളും നടുവേദനയുമാണ് ഉറക്കക്കുറവിനുള്ള കാരണമെങ്കിൽ പാരസെറ്റമോൾ ഉൾപ്പെടെയുള്ള വേദനസംഹാരികൾ പ്രയോജനപ്പെടും. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കവും മൂത്രതടസ്സവും രാത്രിയിൽ ഇടയ്ക്കിടയ്ക്ക് ഉണരാനും ഉറക്കതടസ്സത്തിനും കാരണമാകാം. പ്രോസ്റ്റേറ്റ് വീക്കം ചികിത്സയിലൂടെ  പരിഹരിക്കപ്പെടുമ്പോൾ ഉറക്കക്കുറവിനും ആശ്വാസം ലഭിക്കും. സ്ത്രീകളിൽ ഗർഭപാത്രം താഴേക്ക് ഇറങ്ങിവരുന്ന അവസ്ഥ മൂത്രതടസ്സത്തിനും അതുവഴി ഉറക്കക്കുറവിനും കാരണമാകാം. ഒരു ഗൈനക്കോളജിസ്റ്റിന്റെ ഇടപെടലായിരിക്കും ആശ്വാസമാകുന്നത്. 

സി.ഒ.പി.ഡി പോലെയുള്ള ദീർഘകാല ശ്വാസകോശരോഗങ്ങളും ഹൃദയസ്തംഭനവും ഫലപ്രദമായി ചികിത്സിക്കുന്നുണ്ട്. ശാരീരിക വിഷമതകൾ ഒഴിവാക്കി സുഖനിദ്ര പ്രദാനം ചെയ്യും. ശാരീരികപ്രശ്നങ്ങൾപോലെ മാനസിക പ്രശ്നങ്ങളായ വിഷാദവും അമിത ഉത്കണ്ഠയും ഉറക്കക്കുറവിനുള്ള കാരണങ്ങളാണ്. കൃത്യമായ ചികിത്സയിലൂടെ ഈ ലഘു മനോരോഗങ്ങളെ നിയന്ത്രിക്കുന്നത് ഉറക്കക്കുറവിന് ഒരു പരിഹാരമാകും. 

പ്രകാശക്രമീകരണവും ഒരു ചികിത്സ

പകൽസമയത്ത് ആവശ്യത്തിന് വെട്ടവും വെളിച്ചവും ലഭിക്കുന്ന മുറികൾ രാത്രിയിൽ സുഖസുഷുപ്തി പ്രദാനം ചെയ്യും. മറവിരോഗമുള്ളവർ ഇരുൾ പരന്നു തുടങ്ങുമ്പോൾ കൂടുതൽ അസ്വസ്ഥരാകാറുണ്ട്. ഇങ്ങനെയുള്ളവരെ പകൽസമയം നല്ല പ്രകാശമുള്ള മുറിയിൽ കഴിയാൻ അനുവദിച്ചാൽ രാത്രികാലങ്ങളിലെ പ്രശ്നങ്ങൾ കുറയുന്നതായി തെളിഞ്ഞിട്ടുണ്ട്. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്ന വൃദ്ധജനങ്ങള്‍ പകൽസമയത്ത് കഴിയുന്നതും നല്ല പ്രകാശമുള്ള മുറികളിൽ കഴിയാൻ ശ്രമി ക്കണം. രാത്രിയിൽ കിടന്നുറങ്ങുന്നത് വെളിച്ചമൊന്നും കയറാ ത്ത ഇരുട്ടുള്ള മുറിയിലായിരിക്കണം. എങ്കിൽ മാത്രമേ ഉറക്ക ഹോർമോണായ മെലറ്റോനിന്റെ ഉൽപാദനം സുഗമമായി നടക്കുകയുള്ളൂ. 

ഉറക്കമരുന്നുകൾ ശ്രദ്ധാപൂർവം

ഉറങ്ങാന്‍ സഹായിക്കുന്ന മരുന്നുകളാണ് ഉറക്കഗുളികകൾ എന്നാൽ പ്രായമുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ കരുതലോടെ മാത്രമേ ഇവ ഉപയോഗിക്കാവൂ. ബെൻസോ ഡയസിപൈൻ വിഭാഗത്തിൽപ്പെട്ട മരുന്നുകളാണ് സാധാരണ യായി ഉപയോഗിക്കാറുള്ളത്. ഇവയുടെ ഉപയോഗം പകൽ സമയത്തെ മയക്കത്തിനും ചലനശേഷിക്കുറവിനും കാരണ മാകാം എന്നതുകൊണ്ട് പകൽസമയത്ത് പ്രത്യേക  കരുതലും ശ്രദ്ധയും വേണം.