Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുമടെടുക്കുന്ന കുട്ടികൾ

kids-bag

പേശിവേദന; പ്രത്യേകിച്ചു തോൾവേദനയും നട്ടെല്ലുവേദനയും. കേരളത്തിലെ സ്കൂൾ വിദ്യാർഥികളുടെ പൊതുവായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണിതെന്നു ഡോക്ടർമാർ പറയുന്നു. പരിശോധനകളിൽ മറ്റു ശാരീരിക പ്രശ്നങ്ങളൊന്നുമുണ്ടാവില്ല. സ്ഥിരമായി അമിത ഭാരമെടുത്താൽ സംഭവിക്കാവുന്ന ഈ പ്രശ്നം കുട്ടികൾക്കെങ്ങനെ വരുന്നു?

നമ്മുടെ കുട്ടികളിൽ ബഹുഭൂരിപക്ഷവും സ്ഥിരമായി അമിതഭാരം ചുമക്കുന്നുണ്ട്; സ്കൂൾ ബാഗ്. ശാസ്ത്രീയമായ വിലയിരുത്തൽ അനുസരിച്ച് ഒരു വിദ്യാർഥിയുടെ ശരീരഭാരത്തിന്റെ 10% മാത്രമായിരിക്കണം സ്കൂൾ ബാഗിന്റെ ഭാരം. അതിലുമേറെ ഭാരം സ്ഥിരമായി തോളിലേറ്റിയാൽ പേശിവേദനവും തളർച്ചയുമാവും ഫലം.

താങ്ങാവുന്നതിന്റെ ഇരട്ടി ഭാരമുള്ള ബാഗുകൾ താങ്ങിയാണ് കുട്ടികൾ സ്കൂളിലേക്കു പോകുന്നത്. ഓരോ ക്ലാസ് മുന്നേറുമ്പോഴും ബാഗിന്റെ ഭാരം അര കിലോഗ്രാമെങ്കിലും വർധിക്കുന്നു. പഠിക്കുന്ന സ്കൂളും സിലബസുമെല്ലാം അനുസരിച്ചു ബാഗിന്റെ ഭാരമേറും. രാവിലെ വീട്ടിൽനിന്നു തിടുക്കപ്പെട്ടിറങ്ങുന്ന കുട്ടിയുടെ മുതുകിലേക്കു രക്ഷിതാക്കളിലാരെങ്കിലും ഈ ഭാരമെടുത്തു തൂക്കി കൊടുക്കുകയാണ്. അതും താങ്ങി ശരീരം മുന്നിലേക്കു വളച്ചാണു പിന്നെ നെട്ടോട്ടം. സന്ധിവേദനയിൽ തുടങ്ങി നട്ടെല്ലു വളഞ്ഞു കൂനിൽ വരെ എത്താവുന്ന പ്രശ്നങ്ങളുടെ തുടക്കമാണിതെന്ന് ഐഎപി സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡോ. ആനന്ദ കേശവൻ ചൂണ്ടിക്കാട്ടുന്നു.

ഒരേ ക്ലാസിലെ, ഒരേ ബെഞ്ചിൽ ഇരിക്കുന്ന കുട്ടികളുടെ ബാഗുകൾ തമ്മിൽ പോലുമുണ്ട് കാര്യമായ ഭാരവ്യത്യാസം. അനാവശ്യമായ പുസ്തകങ്ങളും നോട്ടുബുക്കുകളും, വാട്ടർബോട്ടിൽ, കുട, പിന്നെ ബാഗിന്റെ തന്നെ ഭാരം; സ്കൂൾ ബാഗിന്റെ ഭാരം കൂട്ടുന്ന ഘടകങ്ങൾ ഇവയാണെന്നാണു പഠനത്തിലെ നിഗമനം. മനസ്സുവച്ചാൽ ആ അമിതഭാരം കുറയ്ക്കാവുന്നതേയുള്ളൂ.

സ്കൂൾ ബാഗിൽ ആഡംബരത്തിന്റെ ആവശ്യമേയില്ല. ഭാരം പരമാവധി കുറഞ്ഞ ബാഗ് വാങ്ങുക.

ടൈംേടബിൾ അനുസരിച്ച് ഓരോ ദിവസവും പഠിപ്പിക്കുന്ന വിഷയങ്ങളുടെ ടെക്സ്റ്റ് ബുക്കും നോട്ടും മാത്രം സ്കൂൾ ബാഗിൽ കരുതിയാൽ മതി.

ആഹാരം കൊണ്ടു പോകുന്ന ടിഫിൻ ബോക്സും ഭാരം കുറഞ്ഞതു മതി (ചൂടുഭക്ഷണമാണെങ്കിൽ പ്ലാസ്റ്റിക് ടിഫിൻ ബോക്സ് ഒഴിവാക്കുന്നതാണു നല്ലത്) കുടയും ആവശ്യമാണെങ്കിൽ മാത്രം ബാഗിൽ കരുതുക. വീടിനു മുന്നിൽ നിന്നു സ്കൂൾ ബസിൽ കയറി തിരികെ വന്നിറങ്ങുന്ന കുട്ടിയാണെങ്കിൽ കുടയുടെ ആവശ്യമില്ലല്ലോ.

School-bag-1

വെള്ളക്കുപ്പി പ്രശ്നക്കാരനാണ്. ഒരു ലീറ്റർ വെള്ളത്തിനു ശരാശരി ഒരു കിലോഗ്രാമാണു ഭാരം. കുട്ടികൾക്കു ശുദ്ധജലം യഥേഷ്ടം ലഭ്യമാക്കുക എന്നത് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ്. എല്ലാ സ്കൂളുകളിലും ഇത് ഉറപ്പാക്കിയാൽ കുട്ടികൾ വീട്ടിൽ നിന്നു വെള്ളം ചുമന്നുകൊണ്ടുവരുന്നത് ഒഴിവാക്കാം.

വെള്ളം വെറുക്കുന്ന കുട്ടികൾ

വീട്ടിൽ നിന്നു കുപ്പികളിൽ വെള്ളം കൊണ്ടുപോകാറുണ്ടെങ്കിലും ഇതു മുഴുവൻ കുടിക്കുന്ന കുട്ടികൾ അപൂർവമാണെന്ന് അധ്യാപകർ പറയുന്നു. വീടു വിട്ടുകഴിഞ്ഞാൽ കുട്ടികൾ, പ്രത്യേകിച്ചു പെൺകുട്ടികൾ വെള്ളം കുടിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ്? മൂത്രം ഒഴിക്കാൻ പോകേണ്ടി വരുന്നതു പരമാവധി കുറയ്ക്കാനാണത്രേ. അതിന്റെ അടിസ്ഥാന കാരണം കൊണ്ടുചെന്നെത്തിക്കുന്നതാകട്ടെ ശുചിമുറി പ്രശ്നത്തിലേക്കും.

നല്ല ക്ലാസ് മുറികൾ പോലെ തന്നെ കുടിവെള്ളവും ശുചിത്വമുള്ള ശുചിമുറികളും ഒരുക്കേണ്ടതും സ്കൂളുകളുടെ ഉത്തരവാദിത്തമാണ്. കുട്ടികളുടെ പഠനത്തിനൊപ്പം ആരോഗ്യത്തിനും ശ്രദ്ധയൂന്നേണ്ട പിടിഎകൾ മുഖ്യ പരിഗണന നൽകേണ്ട വിഷയങ്ങളിലൊന്നാണിത്.

ധാരാളം വെള്ളം കുടിക്കുന്നത് ഒട്ടേറെ അസുഖങ്ങളെ തടയുമെന്നതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പണ്ടു വെയിലിൽ കളിച്ച്, മഴ നനഞ്ഞ് ആഘോഷമാക്കിയിരുന്ന ബാല്യം ഇന്നില്ല. വെയിലിൽ ഒന്നു വിയർത്താലും മഴച്ചാറൽ നനഞ്ഞാലും പനിയായും മൂക്കുചീറ്റലായും തലവേദനയായുമെല്ലാം അസുഖങ്ങൾ അവരെ കീഴടക്കുന്നു. കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതെങ്ങനെ? അതേക്കുറിച്ചു നാളെ

അവരുടെ ഭാരവും അവർ പേറുന്ന ഭാരവും

തൃശൂർ മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം അഡിഷനൽ പ്രഫസർ ഡോ. ടി. എം. ആനന്ദകേശവന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളിലെ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കിടയിൽ പഠനം നടത്തി. കുട്ടികളുടെ ശരീരഭാരവും ബാഗിന്റെ ഭാരവും അളന്നായിരുന്നു പഠനം. കണ്ടെത്തലുകളുടെ പട്ടിക ചുവടെ:

Table

ശാസ്ത്രീയവിലയിരുത്തൽ അനുസരിച്ച് വിദ്യാർഥിയുടെ ശരീരഭാരത്തിന്റെ 10% മാത്രമായിരിക്കണം ബാഗിന്റെ ഭാരം.

ഡോ. സച്ചിദാനന്ദ കമ്മത്ത്: പല സ്കൂളുകളിലും വേണ്ടത്ര ശുചിമുറികളില്ല, ഉള്ളവയ്ക്കു ശുചിത്വവു മില്ല. സ്വാഭാവികമായും കുട്ടികൾ പോകാൻ മടിക്കുന്നു. മൂത്രം ഒഴിക്കാതിരിക്കുന്നതു മൂലം അണുബാധ ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ.

ഡോ. ആനന്ദ കേശവൻ: താങ്ങാവുന്നതിന്റെ ഇരട്ടി ഭാരമുള്ള ബാഗുകൾ താങ്ങിയാണ് കുട്ടികൾ സ്കൂളിലേക്കു പോകുന്നത്. അതും താങ്ങി ശരീരം മുന്നിലേക്കു വളച്ചാണു പിന്നെ നെട്ടോട്ടം. കൂനിൽ വരെ എത്താവുന്ന പ്രശ്നമാണിത്.

അമിതഭാരമുള്ള സ്കൂൾ ബാഗ്

ബാഗിൽ...

ടെക്സ്റ്റ് ബുക്ക്

നോട്ട്ബുക്ക്

വാട്ടർബോട്ടിൽ

കുട

ഇൻസ്ട്രുമെന്റ് ബോക്സ്

പെൻസിൽ ബോക്സ്

ടിഫിൻ ബോക്സ്

അസുഖങ്ങൾ

പേശിവേദന

തോൾവേദന

നട്ടെല്ലുവേദന

തളർച്ച

സന്ധിവേദന

നട്ടെല്ലു വളയൽ

കൂന്

കണ്ടുപഠിക്കാം; ഇവിടെയില്ല പുസ്തകഭാരം

BAGLESS-SCHOOL ബാഗിന്റെ ഭാരമില്ലാതെ സ്കൂളിലേക്കെത്തുന്ന കൊല്ലം ജില്ലയിലെ പുനലൂർ തൊളിക്കോട് ഗവ. എൽപിഎസ് വിദ്യാർഥികൾ.

പാഠപുസ്തകങ്ങളും നോട്ട്ബുക്കും നിറച്ച സ്കൂൾ ബാഗ് കുട്ടികളുടെ ആരോഗ്യം തകർക്കുന്ന ചുമടായി മാറുമ്പോൾ മാതൃകാപരമായ ഒരു പരിഹാരമാർഗം കണ്ടെത്തിയിരിക്കുകയാണു കൊല്ലം ജില്ലയിലെ പുനലൂർ തൊളിക്കോട് ഗവ. എൽപിഎസ്.

മനോരമ ‘നല്ലപാഠം’ പദ്ധതിയുടെ ഭാഗമായി ‘ബാഗ് രഹിത സ്കൂൾ’ പദ്ധതിയാണു നാട്ടിൻപുറത്തെ ഈ സർക്കാർ വിദ്യാലയം ആവിഷ്കരിച്ചത്. ഓരോ കുട്ടിക്കും രണ്ടു സെറ്റ് പുസ്തകങ്ങൾ എന്നതാണ് ആശയത്തിന്റെ കാതൽ. ഒരു സെറ്റ് പുസ്തകം സ്കൂളിൽ തന്നെ സൂക്ഷിക്കുന്നു. രണ്ടാമത്തെ സെറ്റ് വീട്ടിലും. അതിനാൽ പുസ്തകക്കെട്ടു ചുമന്നു വരേണ്ട കാര്യമില്ല. വലിയ നോട്ട്ബുക്കുകൾക്കു പകരം 30-40 പേജിന്റെ ചെറിയ ബുക്കുകളാണു നൽകുന്നത്. ഇതു കൊണ്ടുവരാൻ പരിസ്ഥിതി സൗഹൃദമായ കുഞ്ഞുസഞ്ചികൾ സ്കൂളിൽ നിന്നു തന്നെ നൽകുന്നു. ഭക്ഷണവും ശുദ്ധജലവും സ്കൂളിൽ ഉള്ളതിനാൽ വീട്ടിൽ നിന്ന് അതും കൊണ്ടുവരേണ്ടതില്ല.

ഭാരിച്ച പുസ്തകക്കെട്ടും താങ്ങി വരുന്ന കുട്ടികൾക്ക് ആശ്വാസമായി ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചത് സ്കൂളിലെ പ്രധാനാധ്യാപകനായ കെ.ജി. ഏബ്രഹാം ആണ്. രക്ഷിതാക്കൾ പിടിഎയുടെ നേതൃത്വത്തിൽ പദ്ധതി ഏറ്റെടുത്തു. സ്കൂളിൽ കുട്ടികളുടെ പാഠപുസ്തകം സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഷെൽഫുകൾ വാങ്ങാനുള്ള തുക മുൻ എംപി കെ. എൻ. ബാലഗോപാൽ എംപി ഫണ്ടിൽ നിന്ന് അനുവദിച്ചു.