അമിതവണ്ണമുള്ള അമ്മമാരുടെ മക്കള്‍ കരളിനെ സൂക്ഷിച്ചോളൂ

അമിതവണ്ണം ആരോഗ്യത്തിനു നല്ലതല്ലെന്നു നമുക്കറിയാം. എന്നാല്‍ അമിതവണ്ണമുള്ള അമ്മമാർക്കു ജനിക്കുന്ന കുഞ്ഞുങ്ങൾക്കു കരള്‍ രോഗത്തിനു സാധ്യതയുണ്ടെന്നു നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ഇത്തരം കുഞ്ഞുങ്ങളില്‍ വളരെ ചെറിയ പ്രായം മുതല്‍ അമിതവണ്ണം അല്ലെങ്കില്‍ ഒബിസിറ്റി എന്ന രോഗാവസ്ഥയും കണ്ടു വരുന്നുണ്ടെന്നാണു പുതിയ നിഗമനം. ചെറിയ കുട്ടികളില്‍ കണ്ടു വരുന്ന അമിതവണ്ണം ഇന്ന് ലോകത്താകമാനം റിപ്പോര്‍ട്ട്‌ ചെയ്യുന്നൊരു അവസ്ഥയാണ്. 35 വയസ്സിനിടയില്‍ ഏകദേശം 57 ശതമാനം ആളുകളിലും അമിതവണ്ണം കണ്ടു വരുന്നുണ്ട്. 

ഗര്‍ഭകാലത്ത് അമ്മമാരില്‍ കണ്ടു വരുന്ന അമിതവണ്ണം ഏകദേശം നാല്പതു ശതമാനം സ്ത്രീകളെയും ബാധിക്കുന്നുണ്ട്. അമിതവണ്ണമുള്ള കുട്ടികളില്‍  30 ശതമാനം പേര്‍ക്കും ഭാവിയില്‍ നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പിന്നീട് കരള്‍ തകരാറിന് വരെ കാരണമായേക്കാം. ഈ പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ രണ്ടാഴ്ച പ്രായമുള്ള നവജാതശിശുക്കളെ നിരീക്ഷിച്ചിരുന്നു. ഇതില്‍നിന്ന് അമിതവണ്ണമുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക്‌ സാധാരണ വണ്ണമുള്ള അമ്മമാരുടെ കുഞ്ഞുങ്ങളെ അപേക്ഷിച്ച് കരള്‍ രോഗസാധ്യതയുണ്ടെന്നു കണ്ടെത്തിയിരുന്നു. കുഞ്ഞുങ്ങളുടെ മലപരിശോധന വഴിയാണ് ഇതു കണ്ടെത്തിയത്.