മായം ചേർന്ന ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് മനുഷ്യരിൽ സൃഷ്ടിക്കുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
ഭക്ഷണപദാർഥങ്ങളിൽ നിന്നുള്ള രാസവസ്തുക്കൾ ശരീര കോശങ്ങളിൽ അടിഞ്ഞുകൂടുന്നതോടെ ഞരമ്പ് സംബന്ധമായ രോഗങ്ങളും കാൻസറും വയറിൽ അൾസറും വരാൻ സാധ്യത കൂടുതലാണെന്ന് ഐഎംഎ കേരള ഘടകം സംസ്ഥാന സെക്രട്ടറി ഡോ. എ.വി. ജയകൃഷ്ണൻ പറഞ്ഞു.
മായം ചേർത്ത ഭക്ഷണങ്ങളുടെ തുടർച്ചയായുള്ള ഉപയോഗം മറ്റ് അസുഖങ്ങൾക്കും കാരണമാകും. ഭക്ഷണത്തിന്റെ സ്വാദ്, നിറം, മണം എന്നിവ വർധിപ്പിക്കുന്നതിനാണ് രാസ പദാർഥങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക, പാക്കറ്റ് ഭക്ഷണവും വറുത്ത ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക എന്നതുമാത്രമാണ് ഇതുതടയാനുള്ള മാർഗമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക ആരോഗ്യ ദിനത്തിൽ ഐ.എം.എ. പുറത്തിറക്കിയ ഭക്ഷ്യ നയത്തിലും ഇൗ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ശീതളപാനീയങ്ങൾക്ക് പുറമേ, കുട്ടികൾ ഉപയോഗിക്കുന്ന ചില മിഠായികളിലും ടൂത്ത്പേസ്റ്റുകളിലും മാരകമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി മേഖലയിൽ പ്രവർത്തിക്കുന്ന ജനപക്ഷം സംഘനയുടെ സംസ്ഥാന കൺവീനർ ബെന്നി ജോസഫ് പറഞ്ഞു.
പഞ്ചസാരയിലും ഉപ്പിലും വെള്ള നിറം ചേർക്കാൻ എല്ലുപൊടി ഉപയോഗിക്കുന്നതായി വ്യക്തമായിട്ടുണ്ട്. കേരളത്തിൽ ഒരു ഉത്പന്നം പോലും മായം ചേരാതെ വിപണിയിൽ ഇറങ്ങാത്ത സാഹചര്യമാണ്. ഒരു തരത്തിലുള്ള പരിശോധനയും നടക്കുന്നില്ല. ഉദ്യോഗസ്ഥ -കമ്പനി -മാഫിയ ബന്ധം അത്ര വലുതാണ്- അദ്ദേഹം വ്യക്തമാക്കുന്നു.
ടൂത്ത് പേസ്റ്റ് കമ്പനികൾ പാക്കറ്റിൽ പറയുന്നത് പേസ്റ്റ് കുറച്ച് ഉപയോഗിക്കണമെന്നാണ്. എന്നാൽ, ബ്രഷിൽ നിറയെ പേസ്റ്റ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതാണ് കമ്പനികളുടെ പരസ്യങ്ങൾ. പല്ലിന് ബലക്ഷയമുണ്ടാക്കാനും കാൻസറിനും ഇത് കാരണമാകുന്നു. ഇത് ആരോഗ്യവിദഗ്ധരും അംഗീകരിച്ചിട്ടുണ്ട്.- അദ്ദേഹം പറഞ്ഞു.