ചില ഔഷധങ്ങളിലും പ്ലാസ്റ്റിക്കിലും ഉപയോഗിക്കുന്ന രാസവസ്തുക്കൾ കാൻസറിന് കാരണമാകുന്നതായി റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെ 28 രാജ്യങ്ങളിൽ 174 ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഈ രാസവസതുക്കളുടെ സംയോജിത പ്രവർത്തനം കാൻസറിന്റെ അപകട സാധ്യത ഉയർത്തുന്നതായി പഠനം വെളിപ്പെടുത്തുന്നു.
എൺപത്തിയഞ്ച് രാസവസ്തുക്കളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. പഠനത്തിനായി ഉപയോഗിച്ച രാസവസ്തുക്കളിൽ അമ്പതെണ്ണത്തിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. പതിമൂന്നെണ്ണത്തിൽ ഘടകങ്ങൾ വളരെ കുറഞ്ഞ അളവിലും കണ്ടെത്തി . കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ 74 ശതമാനവും ഈ രണ്ട് ഗ്രൂപ്പുകളിലായി അടങ്ങിയിരിക്കുന്നു. ബാക്കിവരുന്ന 22 രാസവസ്തുക്കളിൽ രോഗ കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്താൻ സാധിച്ചില്ല.
നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചില രാസവസ്തുക്കളും കാൻസറിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില കീടനാശിനികൾ, കുമിൾനാശിനികൾ, പ്ലാസ്റ്റിക്ക്, പോളികാർബണെറ്റും പിവിസിയും അടങ്ങിയ പാത്രങ്ങൾ, വാട്ടർ ബോട്ടിൽ, ഹാൻഡ് വാഷ്, സൗന്ദര്യവർധക വസ്തുക്കൾ, സാധാരണയായി ഉപയോഗിക്കുന്ന ചില മരുന്നുകൾ, പെയിന്റ്, ചില നിർമാണ വസ്തുക്കൾ എന്നിവയും കാൻസറിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിത്യേന ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ കാൻസറിന് കാരണമാകുന്നവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പഠനം. കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ശരീരത്തിൽ ഒരിക്കൽ അടിഞ്ഞ് കൂടിയാൽ രോഗം ഉണ്ടാകാനുള്ള സാധ്യതയാണ് പഠനത്തിൽ ചൂണ്ടി കാണിക്കുന്നത്.