കൊഴുപ്പ് നീക്കാന്‍ ചില ഭക്ഷണശീലങ്ങള്‍

കൊളസ്ട്രോളാണ് നമ്മുടെ പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്ന്. ഭക്ഷണശീലങ്ങളും ജോലിയുടെ സ്വഭാവവുമെല്ലാം ഇതിന് കാരണമാണ്. ഭക്ഷണത്തില്‍ താഴെ പറയുന്ന കാര്യങ്ങൾ ഉള്‍പ്പെടുത്തിയാല്‍ രക്തത്തിലെ ചീത്ത കൊഴുപ്പിന്‍റെ അളവ് കുറയ്ക്കാനാവും.

1. മാതളം

മാതളത്തില്‍ അടങ്ങിയിട്ടുള്ള ഫൈടോകെമിക്കല്‍സ് ഒന്നാന്തരം ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കും. ഇത് രക്തധമനികളുടെ ഭിത്തിയെ സംരക്ഷിക്കുന്നു. ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നു. അതു മാത്രമല്ല ശരീരത്തിലെ നൈട്രിക് ഓക്സൈഡ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിലൂടെ രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. ഇതും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കുന്നു.

2. ബ്രോക്കോളി

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കൊളി. അമിതമായ കാല്‍സ്യത്തിൽനിന്നു രക്തധമനികളെ വിറ്റമിന്‍ കെ സംരക്ഷിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ബ്രോക്കൊളിയില്‍ അടങ്ങിയ വിറ്റാമിന്‍ കെ ഉപകരിക്കും.

3. മഞ്ഞള്‍

ഇന്‍ഫ്ളമേഷന്‍ തടയാനുള്ള കഴിവാണ് മഞ്ഞളിനെ കൊളസ്ട്രോളുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തില്‍ മുന്നില്‍ നിര്‍ത്തുന്നത്. ഇതിലൂടെ രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മഞ്ഞളിന് സാധിക്കും. രക്തം കട്ടപിടിക്കുന്നത് തടയാനും മഞ്ഞള്‍ മികച്ച ഉപാധിയാണ്. മാത്രമല്ല ഹൃദയത്തിലെ ധമനികളുടെ കട്ടി കൂടുന്ന അസുഖമായ ആര്‍ടെറിയോസ്ലറോസസൈന്‍ ചെറുക്കാനും മഞ്ഞളിന് സാധിക്കും.

4. കറുവാപ്പട്ട

കൊഴുപ്പ് അടിഞ്ഞുകൂടി ധമിനികളില്‍ ഉണ്ടാകുന്ന പ്ലേക്കുകളെ അലിയിച്ച് പുതിയ പ്ലേക്കുകള്‍ വരാതെ പ്രതിരോധിക്കാന്‍ കഴിവുള്ള ഒന്നാണ് കറുവാപ്പട്ട. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ രക്തത്തിന്‍റെ ഓക്സീകരണം തടഞ്ഞും ഹൃദയത്തിന്‍റെ ആരോഗ്യം കാക്കുന്നു

5. ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള കാറ്റേച്ചിന്‍ രക്തത്തിലെ ലിപിഡ് പരിധി നിയന്ത്രിക്കുന്നു. ഇതിലൂടെ ധമനികളില്‍ ബ്ലോക്കുണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു.

6. പപ്പായയുടെ കുരു

കൊഴുപ്പ് എരിച്ചു കളയുന്നതിനു നല്ലൊരു ഒറ്റമൂലിയാണ് പപ്പായയുടെ കുരു. കരളിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പപ്പായയുടെ കുരുവിന് കഴിയും. രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങയുടെ നീര് കലര്‍ത്തിയതിനു ശേഷം പപ്പായയുടെ കുരു പൊടിച്ചത് കലര്‍ത്തുക. ആഹാരത്തിനു മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കും.