എല്ലാവരും പറയുന്നു കൊളസ്ട്രോൾ കുറയ്ക്കണമെന്ന്... പക്ഷേ എങ്ങനെ? Exercise.... No, Eating.... Double yes പിന്നെ Busy Lifestyleഉം. കൊളസ്ട്രോൾ കുതിച്ചു കയറാൻ പിന്നെ എന്തുവേണം? അതുകൊണ്ട്, ദാ... ഇന്നു മുതൽ ഭക്ഷണം അൽപം ഒന്നു കൺട്രോൾ ചെയ്യുക. എന്നുവച്ച് ഭക്ഷണം ഉപേക്ഷിക്കണമെന്നല്ല, ഹൃദയത്തിന് ഇണങ്ങുന്ന ഭക്ഷണം കഴിക്കുക.
ദിവസേനയുള്ള മെനുവിൽ അൽപം മാറ്റം വരുത്തിയാൽ മതി. ഇറച്ചിയിൽ, ചിക്കൻ ആവാം. ബീഫ്, മട്ടൺ എന്നിവ ഒഴിവാക്കുക. പച്ചക്കറികൾ ധാരാളം കഴിക്കണം. ഇവയിൽ ഹൃദയത്തിന്റെ പ്രവർത്തനത്തിനു സഹായകമാകുന്ന ആന്റിഓക്സിഡന്റ്, നാര് തുടങ്ങിയ ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.
വെളുത്തുള്ളി, കറിവേപ്പില, മല്ലിയില തുടങ്ങിയവയിലും കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ ഏറെയുണ്ട്. സാലഡ് ധാരാളമായി കഴിക്കുക.
ഗ്രീൻ ചിക്കൻകറി കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇതിനു വേണ്ട സാധനങ്ങളും പാചകരീതിയും എങ്ങനെയെന്നു നോക്കാം
1. ചിക്കൻ എല്ലില്ലാതെ കഷണങ്ങളാക്കിയത് – ഒരു കപ്പ്
2. പുതിനയില – ഒരു ചെറിയകെട്ട്
വെളുത്തുള്ളി – ഒരല്ലി
പച്ചമുളക് – ഒന്ന്
മല്ലിയില – ഒരു ചെറിയ പിടി
3. നാരാങ്ങാനീര് – രണ്ടുമൂന്നു തുള്ളി
4. ഒലിവ് ഓയിൽ – രണ്ടു ചെറിയ സ്പൂൺ
5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ
6. സവാള(പൊടിയായി അരിഞ്ഞത്) – ഒരു ചെറുത്
7. ജീരകപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
8. തക്കാളി(പൊടിയായി അരിഞ്ഞത്) – ഒന്ന്
9. ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ചിക്കൻ കഴുകി വാരിവയ്ക്കുക
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ച്, നാരങ്ങാനീരും ചേർത്തു യോജിപ്പിച്ച ശേഷം ചിക്കനിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക
∙ പാനിൽ ഒലിവ് ഓയിൽ ചൂടാക്കി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റുക
∙ ഇതിൽ സവാള ചേർത്തു വഴറ്റി, ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ, ഏഴാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ ഇളക്കി, പച്ചമണം മാറുമ്പോൾ, തക്കാളി ചേർത്തു വഴറ്റുക
∙ എണ്ണ തെളിയുമ്പോൾ, പുരട്ടി വച്ചിരിക്കുന്ന ചിക്കനും പാകത്തിനുപ്പും ചേർത്തു നന്നായി ഇളക്കി, മൂടിവച്ചു വേവിക്കുക. വെന്തശേഷം കശ്കശ് അരച്ചു ചേർത്തിളക്കി വാങ്ങാം.
ഇതിലെ കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ
ഒലിവ് ഓയിൽ – MUFA(Mono Unsaturated Fatty Acids)
വെളുത്തുള്ളി – അലിസിൻ
പുതിനയില, മല്ലിയില – ബീറ്റാകരോട്ടിനും നാരും
തക്കാളി – ലൈകോപീൻ