കറികൾക്ക് സ്വാദുണ്ടാകണമെങ്കിൽ ഉപ്പും മുളകും എരിവും പുളിയുമെല്ലാം പാകമാകണം. എരിവില്ലാത്ത കറിയെക്കുറിച്ച് നമ്മൾ കേരളീയർക്ക് ചിന്തിക്കാൻ പോലുമാകില്ല. പച്ചമുളകിടാത്ത കറികൾ മലയാളികൾക്ക് അപൂർവമാണ്.. കറിക്കൾക്കെരിവും രുചിയും നൽകുന്ന പച്ചമുളകിന് ഔഷധ ഗുണങ്ങളേറെയുണ്ട്.
പച്ചമുളകിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. മറ്റു വൈറ്റമിനുകളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യാനുള്ള കഴിവും ഇവയുടെ പ്രത്യേകതയാണ്. ശ്വാസോച്ഛ്വാസം സുഗമമാക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇവയ്ക്കു കഴിയും.
ആന്റി ഓക്സിഡൻറ്സും നാരുകളും ധാരാളം അടങ്ങിയിട്ടുള്ള ഇവ ദഹനപ്രക്രിയ സുഗമമാക്കുന്നു. മുഖത്തെ പാടുകളും മുഖക്കുരുവുമകറ്റാൻ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറ്സ് സഹായിക്കും. ചർമരോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാനും ഇവയ്ക്കു കഴിയും.
പച്ചമുളക് ചേർത്ത രണ്ടു വിഭവങ്ങൾ പരിചയപ്പെടാം
കണ്ണുകളെയും ചർമത്തെയും സംരക്ഷിക്കാൻ ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ എ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ചർമം തിളങ്ങാൻ സഹായിക്കും. രക്കത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും ഇവയ്ക്കു കഴിയും. സീറോ കലോറി ആണെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത.
പുരുഷൻമാരിൽ സാധാരണമായ പ്രോസ്റ്റേറ്റ് കാൻസറിനെ പ്രതിരോധിക്കാനും പച്ചമുളകിനു കഴിയും. ഇതിലടങ്ങിയിരിക്കുന്ന ക്യാപ്സേസിൻ ആണ് ക്യാൻസറിനെ പ്രതിരോധിക്കുന്നത്.
എരിവു കൂടിയ ഭക്ഷണം മൂഡു മാറ്റുമെന്ന തോന്നലുണ്ടെങ്കിൽ അത് വെറുതേയാണ്. ക്യാപ്സേസിൻ പുറന്തള്ളുന്ന നല്ല ഹോർമോണായ എൻഡോർഫിൻ തലച്ചോറിലെത്തി സന്തോഷവും ഉൻമേഷവും പ്രദാനം ചെയ്യുന്നു.
വിരശല്യത്തിൽ നിന്നു സംരക്ഷണം നൽകാനും വിവിധ തരത്തിലുള്ള അലർജികളിൽ നിന്നു ശരീരത്തെ സംരക്ഷിക്കാനും പച്ചമുളകിനു കഴിയും. ഇതിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. അയണിന്റെ അപര്യാപ്തത മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും പച്ചമുളകിനു കഴിയും.
പച്ചമുളകിനെ കറികളിൽ കാണുമ്പോൾ ഇനി ആരും കണ്ണുരുട്ടേണ്ട. ആളു നമ്മൾ കരുതുന്നതുപോലെ നിസാരനല്ലെന്ന് ഇപ്പോൾ മനസിലായില്ലേ? അൽപം എരിച്ചാലും വേണ്ടില്ല. ഇനി മുതൽ കണ്ണടച്ചു പച്ചമുളകും കഴിക്കാം.