പ്രസവാനന്തരമുണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍; ഒരു ഡോക്ടറുടെ അനുഭവം ഇങ്ങനെ

ഒരുപാട് ഗര്‍ഭിണികളെ പരിചരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ പഠിക്കുകയും ചെയ്ത ഡോക്ടറാണ് റ്റാര ലിന്‍ ഫ്രാങ്ക്ഹൗസര്‍. തന്നെ സമീപിക്കുന്ന പല രോഗികളും പ്രസവശേഷം തങ്ങള്‍ക്കു കടുത്ത മാനസികപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പലപ്പോഴും പരാതി പറയുമ്പോള്‍ റ്റാര പലപ്പോഴും അതിനെ അത്ര കാര്യമാക്കിയിരുന്നില്ല.  'പോസ്റ്റ്‌നേറ്റല്‍ ബ്ലൂസ്' അല്ലെങ്കില്‍ പോസ്റ്റ്‌ പാര്‍ട്ടം ഡിപ്രഷന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ അവസ്ഥയെ കുറിച്ച് റ്റാരയ്ക്ക് നന്നായി അറിയാമായിരുന്നു. 

ആദ്യപ്രസവം കഴിഞ്ഞ അമ്പതുശതമാനത്തിലേറെ സ്ത്രീകള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ഉത്കണ്ഠ, മനഃപ്രയാസം, പെട്ടെന്ന് കരച്ചില്‍ വരിക, അമിതദേഷ്യം എന്നിവയാണ് ലക്ഷണങ്ങള്‍.

 എന്നാല്‍ 2011  റ്റാരയ്ക്കും ഭര്‍ത്താവിനും ആദ്യത്തെ കുട്ടി ജനിച്ചപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. താന്‍ കേട്ടറിഞ്ഞതിലും ഭീകരമായ അവസ്ഥയിലൂടെയാണ്‌ പ്രസവശേഷം റ്റാര കടന്നു പോയത്. 

പ്രസവത്തെത്തുടര്‍ന്ന് ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അളവില്‍ പൊടുന്നനെയുണ്ടാകുന്ന കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് റ്റാരയ്ക്ക് അറിയാം. എങ്കില്‍പ്പോലും അതിന്റെ ആധിക്യം പലപ്പോഴും ഭീകരമായിരുന്നെന്നു റ്റാര ഓര്‍ക്കുന്നു. 

ചിലപ്പോഴൊക്കെ തനിക്ക് തന്റെ മകനെ ഉപദ്രവിക്കാന്‍ വരെ തോന്നിയിരുന്നു എന്നാണു റ്റാര പറയുന്നത്. ഭര്‍ത്താവ് ജോലിക്ക് പോയ ശേഷം വീട്ടില്‍ ഒറ്റയ്ക്കാകുന്ന സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ കരയുന്ന കുഞ്ഞിനെ എടുക്കാന്‍ പോലും തോന്നാത്തവിധം മാനസികസമ്മര്‍ദം അനുഭവിച്ചിരുന്നു.

കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുങ്ങില്ല എന്ന് കണ്ടതോടെയാണ് റ്റാരയും ഭര്‍ത്താവും ഒരു ഡോക്ടറുടെ സേവനം തേടിയത്. ഡോക്ടറുടെ മുന്നിലെത്തി ആദ്യം റ്റാര ചെയ്തത് തന്റെ മനസ്സിലുള്ള സങ്കടങ്ങള്‍ മുഴുവന്‍ കരഞ്ഞുതീര്‍ക്കുകയായിരുന്നു.

 പിന്നീടാണ് സംഘര്‍ഷങ്ങളെ കുറിച്ചു ഡോക്ടറോട് സംസാരിച്ചത്. മുന്‍പ് ഇതേ പ്രശ്നവുമായി തന്നെ സമീപിച്ചിരുന്ന പല അമ്മമാരും അനുഭവിക്കുന്ന സംഘര്‍ഷം എത്ര വലുതായിരുന്നെന്ന് റ്റാരയ്ക്ക് മനസ്സിലായി. പല അമ്മമാരും ഇതു പറയാതെ ഒളിച്ചുവയ്ക്കുകയായിരുന്നു.

സമൂഹത്തിന്റെ കണ്ണില്‍ ഇപ്പോഴും 'നല്ല അമ്മ' യായി കാണപ്പെടാനാണ് എല്ലാവർക്കും ഇഷ്ടം. അതുകൊണ്ടുതന്നെ പലരും തങ്ങളുടെ ഈ പ്രശ്നനം പങ്കുവയ്ക്കുന്നില്ല എന്നും റ്റാര പറയുന്നു. ആന്റി ഡിപ്രസെന്റ്റ് മരുന്നുകള്‍ കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.  ഒരു ഡോക്ടറുടെ സേവനവും വീട്ടുകാരുടെ സ്നേഹപരമായ പരിചരണവും കൊണ്ട് റ്റാരയ്ക്ക് വേഗം ഈ സംഘര്‍ഷത്തില്‍ നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ മൂന്നു കുട്ടികളുടെ അമ്മയാണ് റ്റാര.  

പോസ്റ്റ്‌ പാര്‍ട്ടം ഡിപ്രഷന്‍ നേരിടുന്ന സ്ത്രീകള്‍ക്കു വേണ്ടി കൂടുതല്‍ പഠനങ്ങള്‍ നടത്തുകയാണ് ഇപ്പോള് റ്റാര ‍. ഡോക്ടർമാരെ  സമീപിക്കുന്ന സ്ത്രീകള്‍ പലരും ഈ പ്രശ്നങ്ങള്‍ തുറന്നു പറയുന്നില്ല. അതുകൊണ്ടുന്നെ പുതിയ അമ്മമാരെ ചികിത്സിക്കുമ്പോള്‍ അവരുടെ മാനസികപ്രശ്നങ്ങൾ  കൂടുതല്‍ അടുത്തറിയാന്‍ ഡോക്ടർമാര്‍ ശ്രമിക്കണമെന്നും റ്റാര പറയുന്നു. സമൂഹം എന്തു കരുതും എന്ന ഭയത്തില്‍ ഇതിനു ചികിത്സ തേടാതിരുന്നാല്‍ അത് കൂടുതല്‍ കടുത്ത സംഘര്‍ഷങ്ങളിലേക്ക് അമ്മാരെ തള്ളിയിടും.

.

പത്തുശതമാനം സ്ത്രീകള്‍ക്കും പ്രസവത്തെത്തുടര്‍ന്ന് വിഷാദരോഗം ഉണ്ടാകാറുണ്ട് എന്നാണ് പറയപ്പെടുന്നത്‌. ഉത്കണ്ഠ, മനഃപ്രയാസം, പെട്ടെന്ന് കരച്ചില്‍ വരിക, അമിതദേഷ്യം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉന്മേഷക്കുറവ്, ജോലികള്‍ ചെയ്യാനുള്ള താത്പര്യമില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം മൂന്നു മില്ല്യന്‍ സ്ത്രീകള്‍ക്കാണ് പോസ്റ്റ്‌ പാര്‍ട്ടം ഡിപ്രഷന്‍ സ്ഥിരീകരിക്കുന്നത്. 

ഫാമിലി മെഡിസിനില്‍ തുടര്‍പഠനം നടത്തുന്ന റ്റാര  അടുത്തിടെ തന്റെ അനുഭവങ്ങൾ ചേര്‍ത്തൊരു പേപ്പര്‍ അവതരിപ്പിച്ചിരുന്നു. ആന്റി ഡിപ്രസെന്റ് മരുന്നുകള്‍ കഴിക്കുമ്പോള്‍ അമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞിനു പാല്‍ കൊടുക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇതേ അവസ്ഥയുമായി തന്നെ സമീപിക്കുന്ന അമ്മമാരോട് കുഞ്ഞിനു മറ്റു പോഷകാഹാരങ്ങള്‍ നിര്‍ദേശിക്കാറൂണ്ടെന്നു റ്റാര പറയുന്നു. അങ്ങനെ വരുമ്പോള്‍ അമ്മയ്ക്ക് ആന്റി ഡിപ്രസെന്റ്റ് മരുന്നുകള്‍ കഴിച്ചു വിഷാദം കുറയ്ക്കാന്‍ സാധിക്കും. പ്രശ്നങ്ങൾ മനസ്സിലാക്കാൻ രോഗികളോട് അടുത്തിടപഴകാന്‍ ശ്രമിക്കാറുണ്ടെന്നും റ്റാര പറയുന്നു. 

Read More : Health News