തുടർച്ചയായി വിഷാദം വേട്ടയാടിത്തുടങ്ങിയപ്പോഴാണ് പെനി സള്ളിവൻ(പേര് സാങ്കൽപികം) എന്ന വീട്ടമ്മ ഡോക്ടറെ കാണാനെത്തിയത്. ചെറുപ്പം മുതൽക്കേ അനോറെക്സിയ, ബുളിമിയ തുടങ്ങിയ പ്രശ്നങ്ങളാൽ വലഞ്ഞുപോയ വ്യക്തിയായിരുന്നു പെനി. കഴിക്കുന്ന ഭക്ഷണം, ശരീരത്തിന്റെ വണ്ണം എന്നിവയെക്കുറിച്ച് രോഗി ആശങ്കപ്പെടുന്ന അവസ്ഥയാണ് അനോറെക്സിയ. ഇത് അമിതമായ വ്യായാമത്തിലേക്കും നയിക്കും. ബുളിമിയയാകട്ടെ അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. പിന്നാലെ ശരീരം അത് ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിന്റെ കൂടെ ഇടയ്ക്കിടെ വൈകാരികനില മാറിമറിയുന്ന അവസ്ഥ, അമിത ഉത്കണ്ഠ, ദേഷ്യം വരൽ തുടങ്ങിയ പ്രശ്നങ്ങളും. വർഷങ്ങളോളം ഇതു തുടർന്നു.
ഒടുവിൽ വിദഗ്ധ പരിശോധനയ്ക്കൊടുവിൽ തിരിച്ചറിഞ്ഞു– പെനിക്ക് ബൈപോളാർ ഡിസോർഡർ–2 ആണ്. ഇത് ബാധിച്ചവർ ചില സമയങ്ങളിൽ അമിതമായ ഉത്സാഹത്തിലായിരിക്കും. പക്ഷേ പെട്ടെന്നൊരുനാൾ അതു കനത്ത മടിയിലേക്കു മാറും. ഈ രണ്ട് അവസ്ഥകളും ഒരുപക്ഷേ ആഴ്ചകളും മാസങ്ങളും നീളാം. മാനസികനിലയിലെ പെട്ടെന്നുള്ള ഈ മാറ്റിമറിച്ചിലുകളാണ് ബൈപോളാർ ഡിസോഡറിന്റെ പ്രധാന ലക്ഷണം. പെനിയോടു ഡോക്ടർ നിർദേശിച്ചത് മദ്യം ഉപേക്ഷിക്കാനായിരുന്നു. ഒപ്പം കൂടുതൽ നേരം വ്യായാമത്തിനായി കണ്ടെത്തണമെന്നും. ഇതാകട്ടെ എല്ലാവരും നൽകുന്ന ചികിത്സയാണ്. പക്ഷേ ഈ ഡോക്ടർ ഒരു കാര്യം കൂടി പറഞ്ഞു– ഭർത്താവുമായി കൃത്യമായ ഇടവേളകളിൽ ലൈംഗികബന്ധത്തിലേർപ്പെടുക. സാധിക്കുന്നിടത്തോളം രതിമൂർച്ഛകൾക്ക് ഇടവരുത്തുക. അതുവഴി ബൈപോളാർ ഡിസോഡറിന്റെ പ്രധാന പ്രശ്നമായ ‘മൂഡ്മാറ്റത്തെ’ എളുപ്പത്തില്‍ പരിഹരിക്കാം.
സാധിക്കാവുന്നിടത്തോളം തവണ ലൈംഗിക ബന്ധത്തിലേർപ്പെടാനായിരുന്നു നിർദേശം. ആദ്യം അദ്ഭുതപ്പെട്ടെങ്കിലും ഇക്കാര്യം പരീക്ഷിച്ച പെനിക്കു ലഭിച്ചത് മികച്ച റിസൽട്ടായിരുന്നു. പതിവായുള്ള ലൈംഗികബന്ധം മാനസികനിലയെ മികച്ചരീതിയിൽ സ്വാധീനിക്കുമെന്ന് വിവിധ പഠനങ്ങൾ നേരത്തേത്തന്നെ കണ്ടെത്തിയിട്ടുണ്ട്. രതിമൂർച്ഛയിലൂടെ തലച്ചോറിൽ മാനസികോന്മേഷത്തിനു സഹായിക്കുന്ന ഹോർമോണുകളും എൻഡോർഫിനുകളും ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ‘ലവ് ഹോർമോണാ’യ ഓക്സിടോസിന്റെയും ‘ഹാപ്പിനസ് ഹോർമോണാ’യ സെറോടോണിന്റെയും ഡോപ്പാമൈന്റെയും അളവ് കൂടാനാണ് സെക്സ് സഹായിക്കുന്നത്. സ്ട്രെസ് ഹോർമോണ്‍ എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ ഉൽപാദനം കുറയ്ക്കുന്നതിലും സെക്സ് സഹായിക്കും.
പുരുഷ ബീജത്തിലൂടെയാകട്ടെ ഡിപ്രഷനെ ‘അടിച്ചമർത്തുന്ന’ തരം സംയുക്തങ്ങളും ശരീരത്തിലെത്തും. ഗർഭനിരോധന ഉറ ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരേക്കാൾ മാനസികോല്ലാസം ഉറയില്ലാതെ ബന്ധപ്പെടുന്നവരിലാണെന്നും പഠനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ സമയവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഇതു കൊണ്ട് അർഥമില്ല. മറിച്ച് അടുത്ത് ഇടപഴകുന്നതും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും തമാശ പറഞ്ഞു കിടക്കുന്നതുമെല്ലാം ഡിപ്രഷനെ ‘തകർക്കാൻ’ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇനിയുമുണ്ട് ഗുണങ്ങൾ. പതിവായുള്ള ലൈംഗികബന്ധം രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും 2010ൽ അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ആൺ ഹൃദയങ്ങളെയാണ് സ്ഥിരംസെക്സ് ഒരു ‘സംരക്ഷിത കവച’ത്തെപ്പോലെ പ്രവർത്തിച്ച് സഹായിക്കുകയെന്നും പഠനത്തിൽ പറയുന്നു.
Read More : Health and Sex