കംപ്യൂട്ടർ സെക്സ്, ഇന്റര്‍നെറ്റ് സെക്സ്, നെറ്റ് സെക്സ്, വെർച്വൽ സെക്സ്, ഓൺലൈൻ സെക്സ്, സൈബർ സെക്സ് അഥവാ ഇ–സെക്സ്. മൊബൈൽ ഫോൺ മുതൽ കംപ്യൂട്ടർ വരെയുള്ള ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളിലൂടെയാണ് ഈ ലൈംഗീകാസ്വാദനം നടക്കുന്നത്. ലൈംഗിക പ്രധാനമായ ചിത്രങ്ങൾ, വിഡിയോ, ഓഡിയോ എന്നിവ ആസ്വദിക്കുന്നതിനും രണ്ടോ അതിലധികമോ വ്യക്തികൾ തമ്മിൽ ഇന്റർനെറ്റ് സഹായത്തോടെ പരസ്പരം കണ്ടുകൊണ്ടോ അല്ലാതെയോ നടത്തുന്ന ലൈംഗികമായ ആശയവിനിമയവുമാണ് സൈബർ സെക്സിലൂടെ നടക്കുന്നത്. അതിലൂടെ ലൈംഗിക സംതൃപ്തി നേടുകയാണ് ലക്ഷ്യം. അയഥാർഥമായ (വെർച്വൽ) ലൈംഗികതയുടെ മുന്നിൽ പലരും അടിമപ്പെടുമ്പോള്‍ യഥാർഥ ലൈംഗികത പിന്തള്ളപ്പെട്ടുപോവുന്നു. ദാമ്പത്യങ്ങൾ തകിടം മറിയുന്നു. ഇത് നമ്മൾ കരുതുന്നതിനേക്കാളും അപകടകരമായ അവസ്ഥയായി പരിണമിക്കുകയാണ്.
ഗുരുതരമായ അടിമത്തം
ഇന്റർനെറ്റ് സന്ദർശകരിൽ 60% പേരും ലൈംഗികതാൽപര്യത്തോടെ അശ്ലീലസൈറ്റുകളിൽ പരതുന്നവരാണ്. ലൈംഗിക ചിത്രങ്ങള്‍ കാണുകയും സ്വയംഭോഗത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിനപ്പുറം വിശാലമായ ലൈംഗിക സാധ്യതകളാണ് സൈബർലോകം തുറന്നിടുന്നത്. ആൺ/പെൺ വേശ്യകളുടെ സങ്കേതങ്ങളിലേക്കുള്ള ക്ഷണം. സ്വന്തം ലൈംഗികത ചിത്രീകരിച്ചു സുഖം തേടുവാനോ പണം സമ്പാദിക്കുവാനോ ഉള്ള മാർഗങ്ങൾ, അചേതനവസ്തുക്കളിൽ ലൈംഗികതാൽപര്യം കണ്ടെത്താനുള്ള വഴികൾ (ഫെറ്റിഷിസം), ലൈംഗിക കളിപ്പാട്ടങ്ങൾ വിൽക്കുന്നതിനുള്ള വിപണി അങ്ങനെ തുടങ്ങുന്നു അത്.
ലൈംഗികഭാവനകൾ, രതികഥകൾ, ലൈംഗിക സാധ്യതയുള്ള പരസ്യങ്ങൾ, ലൈംഗിക ഗെയ്മുകൾ, ചാറ്റ് റൂമുകള്‍, ലൈംഗിക പങ്കാളിയെ തിരയുവാനും പരിചയപ്പെടുവാനും സന്ധിക്കുവാനും അവസരമെടുക്കുന്ന ഫോറമുകൾ അങ്ങനെ അനന്തമായി നീളുന്ന അവസരങ്ങളിലേതെങ്കിലും ചിലതിൽ കുടുങ്ങി അടിമയാകുന്നവരുടെ എണ്ണവും കുറവല്ല. ഇന്റർനെറ്റിൽ ലൈംഗികത തേടുന്നവരിൽ അഞ്ചു മുതൽ 10 ശതമാനം വരെയാളുകൾ അടിമകളാകുകയാണ്.
മാനസിക വൈകല്യത്തിലേക്ക്
ലൈംഗികവിദ്യാഭ്യാസക്കുറവും സദാചാരചിന്തകളും വല്ലാതെ പിടിമുറുക്കുന്ന നമ്മുടെ സമൂഹം സൈബർ ലൈംഗികതയെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതിൽ അതിശയമില്ല. പലപ്പോഴും ഇത് വൈകല്യങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു, ശരീരഭാഗങ്ങള്‍ സ്വയം പ്രദർശിപ്പിക്കുന്നതു മുതൽ പങ്കാളി അറിയാതെ സ്വകാര്യ ലൈംഗിക വേഴ്ച ക്യാമറയില്‍ പകർത്തി വഞ്ചിക്കുക. ലൈംഗിക സംഭാഷണങ്ങൾ ഫോണിൽ റിക്കോർഡ് ചെയ്തു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക തുടങ്ങിയ മനോവൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു.
സെക്സ് ചാറ്റിലെ തുല്യത
അശ്ലീല സൈറ്റുകൾക്കും വീഡിയോകള്‍ക്കും അടിമയാകുന്നത് അധികവും പുരുഷന്മാരാണ്. കാണുകയെന്നത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് പ്രിയങ്കരമായതാണ് ഇതിനു കാരണം. എന്നാൽ സെക്സ് ചാറ്റുകൾ പുരുഷൻമാർക്കൊപ്പം സ്ത്രീകളും ആസ്വദിക്കുന്നുണ്ട്. സൈബർലോകത്തെ ലൈംഗിക ആശയവിനിമയത്തിൽ സ്ത്രീകൾ പുരുഷന്മാരെപ്പോലെ സജീവമാണ്.
കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ മാതാപിതാക്കളുടെ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നത് കുട്ടികളാണ്. യഥാർഥ ലൈംഗികതയുടെ വിശുദ്ധിയും ധർമവും മനസ്സിലാക്കുന്നതിനും മുൻപ് സൈബർ സെക്സിന്റെ മാസ്മരികതയിലേക്കു അവർ വീണു പോകുന്നു. അതുകൊണ്ടാണ് സൈബർസെക്സ് അടിമത്തം കൗമാരക്കാരിൽ കൂടുതൽ കാണുന്നത്. ലൈംഗികതയെക്കുറിച്ചുള്ള വികലധാരണകൾ അവരിൽ നിറഞ്ഞുനിൽക്കുമ്പോൾ സ്വയം തൃപ്തിപ്പെടാൻ വിവിധ തരത്തിലുള്ള ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് അവർ നീങ്ങുന്നു.
കുടുംബജീവിതത്തിൽ
സൈബർ ലൈംഗികതയ്ക്ക് അടിമപ്പെട്ടാൽ ഏറ്റവും വലിയ നഷ്ടം ദാമ്പത്യ ജീവിതത്തിനായിരിക്കും. പങ്കാളികളുമായി നേരിട്ടുള്ള ബന്ധത്തെക്കാൾ ആസാദ്യകരമാണ് ഇവയെന്നു വരുന്നതോടെ ലൈംഗിക ജീവിതം താളം തെറ്റുന്നു. ജീവിതപങ്കാളിയുടെ സ്നേഹക്കുറവും ലൈംഗിക താൽപര്യക്കുറവും മുതൽ വെറുപ്പും അറപ്പുമുള്ള ലൈംഗിക പ്രവൃത്തികളിലെ സംതൃപ്തിക്കുറവും വരെ ദാമ്പത്യത്തിൽ വിള്ളൽ വീഴ്ത്തുന്നു.
സൈബർ ലൈംഗികതയാക്ക് അടിമയായെന്നു മനസ്സിലാക്കി കഴിഞ്ഞാൽ അതിൽ നിന്നും എത്രയും വേഗം പുറത്തു കടക്കാനുള്ള വഴിതേടുകയാണ് വേണ്ടത്.
പുറത്തു കടക്കാൻ 10 വഴികൾ
സൈബർ സെക്സിൽ കുടുങ്ങിപ്പോയവർക്ക് അതിൽ നിന്നും പുറത്തുകടക്കാനുള്ള 10 മാർഗങ്ങള്‍ ഇനി മനസ്സിലാക്കാം.
∙ സൈബർ സെക്സിന് അടിമയാണെന്ന് ബോധ്യമായാൽ അതിൽ നിന്ന് പുറത്തു കടക്കാൻ സഹായിക്കുന്നതിനായി ഒരു വിദഗ്ധനെ കണ്ടുപിടിക്കുക. കഴിവതും പ്രഫഷണൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതായിരിക്കും നല്ലത്.
∙ അടുത്തതായി വേണ്ടത് ഒരുഡയറി തയാറാക്കുകയാണ്. സൈബർ സെക്സ് ലഹരി വിമുക്തിക്കു വേണ്ടി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍, എടുത്ത നടപടികൾ, പുരോഗതി, തടസ്സങ്ങൾ, അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ എല്ലാം കൃത്യമായി രേഖപ്പെടുത്തണം.
∙ നിശ്ചിത ഇടവേളകളിൽ ഈ ഡയറി സഹായിക്കുന്ന വ്യക്തിയുമായി വിശകലനം ചെയ്യാം.
∙ സൈബർ സെക്സിൽ നിന്നും വിട്ടു നിൽക്കാൻ കഴിയുന്ന ദിവസങ്ങളിൽ സ്വയം സമ്മാനങ്ങൾ നൽകുക. പുറത്തുപോയുള്ള ഭക്ഷണം, പുതിയ വസ്ത്രം പോലൊന്ന്.
∙ ഈ ദുശ്ശീലത്തിലേക്ക് വലിച്ചിഴക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. വെറുതെയിരിക്കുന്ന സമയം പരമാവധി കുറയ്ക്കുക.
∙ ഫോണിൽ നിന്നും കംപ്യൂട്ടറിൽ നിന്നും അശ്ളീല ചിത്രങ്ങൾ മുഴുവന്‍ നീക്കുക. കംപ്യൂട്ടർ എല്ലാവരും കാണുന്ന രീതിയിൽ വീട്ടിലെ പൊതുമുറിയിൽ സൂക്ഷിക്കുക.
∙സ്വയംഭോഗത്തിനുള്ള ഉത്തേജനം എന്ന രീതിയിലാണ് ഭൂരിപക്ഷവും സൈബർ സെക്സ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ സ്വയംഭോഗം നിയന്ത്രിക്കുവാന്‍ ഉള്ള തീരുമാനമെടുക്കുക.
∙ വിവാഹം കഴിഞ്ഞവരെങ്കിൽ നിങ്ങളുടെ ജീവിതപങ്കാളിയുമായി മാനസികവും ശാരീരികവുമായ ബന്ധം സുഗമമാക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുക. പങ്കാളിക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുക.
∙ എല്ലാ ദിവസവും കുറച്ചു സമയം വ്യായാമം കിട്ടുന്ന എന്തെങ്കിലും കളികളിൽ ഏർപ്പെടുക.
∙ അനാവശ്യ ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കാനായി ഫോണിലും കംപ്യൂട്ടറിലും അലാറം സെറ്റ് ചെയ്യുക.
ലൈംഗികതയിലെ ഫാന്റസിയും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുകയെന്നത് പ്രധാനമാണ്. ലൈംഗികത എന്നത് ആസ്വാദനത്തിനപ്പുറം ഒരു പ്രകൃതി ധർമ്മം നിറവേറ്റുവാനുള്ള കർമം കൂടിയാണ്. വിഡിയോകളിൽ തികച്ചും പ്രഫഷനൽ ആയ അഭിനേതാക്കൾ നടത്തുന്ന ലൈംഗിക പരാക്രമങ്ങൾ യഥാർഥ ജീവിതവുമായി ബന്ധമില്ലാത്തതാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.
ഈ ലഹരി മൂലം കഷ്ടപ്പെടുന്ന ജീവിതപങ്കാളിയുടെ മാനസിക–ശാരീരിക വേദനകളെ കുറിച്ച് ഇടയ്ക്ക് ഓർക്കുക. ഇവയൊക്കെ സൈബർസെക്സ് അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ സഹായിക്കും.
ഡോ. റോബിൻ മാത്യു
ബിഹേവിയറൽ സൈക്കോളജിസ്റ്റ്,
നോവ ക്ലിനിക്, കാഞ്ഞിരപ്പള്ളി, കോട്ടയം