Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ടയും എണ്ണയും കൊളസ്ട്രോളും

egg-oil-cholesterol

കൊളസ്ട്രോൾ ഗുളികകൾ പെട്ടെന്നു നിർത്താമോ, മുട്ടയിലും എണ്ണയിലും എത്രത്തോളം കൊളസ്ട്രോളുണ്ട്— ശാസ്ത്രീയ വശങ്ങൾ അറിയാം

1. കൊളസ്ട്രോൾ ഗുളിക കൊളസ്ട്രോളിനു മാത്രമോ?

കൊളസ്ട്രോൾ കൂടുതലുള്ളവരും ഹൃദ്രോഗം മസ്തിഷ്കാഘാതം തുടങ്ങിയവ വന്നവരും ഹൃദ്രാഗസാധ്യതയുള്ളവരും ഉപയോഗിക്കുന്ന അട്രോവ സ്റ്റാറ്റിൻ എന്ന മരുന്നാണു കൊളസ്ട്രോൾ ഗുളികയെന്നറിയപ്പെടുന്നത്. ഈ ഗുളിക കരളിലെ കൊളസ്ട്രോളിന്റെ ഉൽപാദനം കുറച്ച് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുന്നു. കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുമ്പോൾ പലരും ഡോക്ടറുടെ അഭിപ്രായം തേടാതെ ഇതു നിർത്താറുണ്ട്.

എന്നാൽ ഡോക്ടർമാർ ഈ മരുന്നു കൊടുക്കുന്നതിനു പിന്നിൽ മറ്റു ചില ഉദ്ദേശങ്ങളുമുണ്ട്. രക്തക്കുഴലിൽ ബ്ലോക്കുണ്ടാകുന്നതിന്റെ കാരണം കൊളസ്ട്രോൾ രക്തക്കുഴലിലടിഞ്ഞുണ്ടാകുന്ന പരുപരുത്ത പ്രതലത്തിൽ രക്താണുക്കൾ ഒട്ടിപ്പിടിക്കുന്നതാണ്. സ്റ്റാറ്റിൻ മരുന്ന് കൊളസ്ട്രോൾ അടിഞ്ഞുണ്ടാകുന്ന കട്ടകളെ അലിയാൻ സഹായിക്കുന്നു. രക്താണുക്കൾ കട്ടകളിൽ ഒട്ടിപ്പിടിക്കുന്നതു തടയുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ത്രോംബോസെറ്റുകൾ തമ്മിലൊട്ടിപ്പിടിക്കുന്നതു തടയുന്നു. രക്തം കട്ടിപിടിച്ചുണ്ടാകുന്ന പ്ലാക്ക് അടർന്നുപോയി മറ്റെവിടെയെങ്കിലും രക്തമൊഴുക്കു തടയുന്നത് ഒഴിവാക്കുന്നു. പുതിയ പഠനമനുസരിച്ച്, കൊളസ്ട്രോൾ പ്രശ്നമില്ലെങ്കിൽ പോലും പ്രമേഹരോഗികൾ സ്ഥിരമായി സ്റ്റാറ്റിൻ മരുന്ന് കഴിക്കണം. ഒരു പ്രമേഹരോഗി ഹൃദയാഘാതം വന്നയാൾക്കു സമനായതിനാലാണ് ഈ നിർദേശം.

2. കോഴിമുട്ട മാത്രമാണോ കൊളസ്ട്രോൾ കൂട്ടുക?

കൊളസ്ട്രോൾ ഉയരാതിരിക്കാൻ കോഴിമുട്ട കഴിക്കാതിരുന്നാൽ മതി. മറ്റു മുട്ടകൾക്ക് കുഴപ്പമില്ല എന്നൊരു ധാരണ പരക്കേയുണ്ട്. എന്നാൽ ഇതിനു യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ഏതു മുട്ടയെടുത്താലും അതിലെ മഞ്ഞക്കരുവിന്റെ പ്രധാന ഘടകം കൊളസ്ട്രോൾ തന്നെയാണ്. ഒരു ദിവസം നമ്മുടെ കരളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കൊളസ്ട്രോൾ ഏതാണ്ട് 250 മി. ഗ്രാമാണ്. കോഴിമുട്ടയുടെ മഞ്ഞക്കരുവിലെ കൊളസ്ട്രോളിന്റെ അളവാകട്ടെ 250 മുതൽ 280 മി.ഗ്രാം വരെയും .താറാവു മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കുറച്ചുകൂടി അധികമടങ്ങിയിരിക്കുന്നു. 300—350 മി.ഗ്രാം അതായത്, ഒരു ദിവസം നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതിലുമധികം കൊളസ്ട്രോൾ ഒരൊറ്റ മഞ്ഞക്കരുവിലൂടെ മാത്രം നമ്മുക്കു ലഭിക്കുന്നു. കാടമുട്ടയുടെ മഞ്ഞക്കരുവിലും കൊളസ്ട്രോളുണ്ട്. അളവ് അൽപം കുറവായിരിക്കുമെന്നു മാത്രം അതുകൊണ്ട് ഉയർന്ന കൊളസ്ട്രോൾ സാധ്യതയുള്ളവരും മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത്. മുട്ടയുടെ വെള്ളയിൽ കൊളസ്ട്രോളില്ല. അതിനാൽ, മുട്ടയുടെ വെള്ള കഴിക്കാം. കൊളസ്ട്രോൾ പ്രശ്നങ്ങളോ പാരമ്പര്യ ആരോഗ്യസാധ്യതയോ ഇല്ലാത്ത ആരോഗ്യവാനായ ഒരാൾ ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ട കഴിക്കുന്നതിൽ തെറ്റില്ല.

3. എണ്ണയിൽ കൊളസ്ട്രോൾ ഉണ്ടോ?

കൊളസ്ട്രോൾ ഫ്രീ എണ്ണ എന്നൊക്കെ പരസ്യം കാണുമ്പോഴേ നാം വാങ്ങി ഉപയോഗിക്കാം. എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ ഒരു എണ്ണയിലും കൊളസ്ട്രോൾ ഇല്ല. അപ്പോൾ പിന്നെ, എണ്ണ ഉപയോഗിക്കുന്നതിലെന്താ തെറ്റ് എന്നു കരുതാം. എണ്ണയിൽ കൊളസ്ട്രോൾ ഇല്ലെങ്കിലും ഫാറ്റി ആസിഡുകളുണ്ട്. പൊതുവേ, ഫാറ്റി ആസിഡുകളേ രണ്ടായി തിരിക്കാം. പൂരിതവും അപൂരിതവും (സാച്ചുറേറ്റഡും അൺസാച്ചുറേറ്റഡും) ഇവയിൽ പൂരിത കൊഴുപ്പുകൾ ശരീരത്തിലെത്തിയാൽ ഒരു ഭാഗം ചീത്ത കൊളസ്ട്രോളായി മാറ്റപ്പെടും. വെളിച്ചെണ്ണെ, പാമോയിൽ എന്നിവ ഉദാഹരണം (പാമോയിലിലുള്ള പൂരിത കൊഴുപ്പിന്റെ അളവ് വെളിച്ചെണ്ണയെ അപേക്ഷിച്ച് കുറവാണ്) എന്നാൽ, അപൂരിത കൊഴുപ്പുകളാണ് ഉള്ളിൽ ചെല്ലുന്നതെങ്കിൽ അവയിൽ ഒരു ഭാഗം നല്ല കൊളസ്ട്രോളായി മാറ്റപ്പെടും. സൂര്യകാന്തി എണ്ണയിൽ അപൂരിതകൊഴുപ്പാണുള്ളത്. തവിടെണ്ണ (റൈസ് ബ്രാൻ ഓയിൽ )യിൽ മൂന്നിൽ രണ്ടുഭാഗം അപൂരിതകൊഴുപ്പും ബാക്കി പൂരിതകൊഴുപ്പുമാണ്. എന്നാൽ അപൂരിത കൊഴുപ്പുള്ള എണ്ണ എത്രവേണമെങ്കിലും ഉപയോഗിക്കാം എന്നർഥമാക്കരുത്. അപൂരിത കൊഴുപ്പാണെങ്കിലും ശരീരത്തിൽ അമിതമായ അളവിൽ എത്തിയാൽ ഒരു ഭാഗം മാത്രമേ ശരീരാവശ്യത്തിനുള്ള നല്ല കൊളസ്ട്രോളായി മാറ്റപ്പെടുകയുള്ളു. ബാക്കി കുറേഭാഗം ശാരീരികപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ലഭിക്കാൻ ഉപയോഗിക്കും മിച്ചം വരുന്നത് കൊഴുപ്പു രൂപത്തിൽ ശരീരത്തിൽ സൂക്ഷിക്കും ഇത് വളരെയേറെ അപകടകരമാണ്. അതുകൊണ്ട് പൂരിതഎണ്ണയായാലും അപൂരിതഎണ്ണയായാലും വളരെ മിതമായി മാത്രമേ ഉപയോഗിക്കാവൂ.

ഡോ. യു. രാജേന്ദ്രൻ
ഇ എസ് എെ ആശുപത്രി ചെങ്ങന്നൂർ