കീടനാശിനി ഇല്ലാതെ ഏതെങ്കിലും ഭക്ഷ്യവസ്തുക്കൾ വിപണിയിൽ ലഭിക്കുമോ എന്നു ചോദിച്ചാൽ ഇല്ല എന്നു തീർത്തു പറയേണ്ടി വരും. എന്നു വിചാരിച്ച് ഭക്ഷണം കഴിക്കാതെ ജീവിക്കാനും സാധിക്കില്ലല്ലോ. അപ്പോൾ പിന്നെ ചെയ്യാൻ സാധിക്കുന്നത് കിട്ടുന്ന വസ്തുക്കൾ പരമാവധി വിഷമയം നീക്കി ഉപയോഗിക്കുക എന്നതുതന്നെ. അതിനു വേണ്ടി താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
ആപ്പിള്‍
ഒരു ആപ്പിള്‍ ഒരു ദിവസം കഴിച്ചാല്‍ തന്നെ ഡോക്ടറെ കാണേണ്ടി വരില്ല എന്നാണ് പഴഞ്ചൊല്ല്. എന്നാല്‍ ഏറ്റവും അധികം കീടനാശിനികള്‍ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങളില്‍ ഒന്നാണ് ആപ്പിള്‍. ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കാന്‍ നിരവധി മാരക കീടനാശിനികളാണ് ആപ്പിളില്‍ ഉപയോഗിക്കുന്നത്. പോരാത്തതിനു മെഴുകും. ആപ്പിളിന്‍റെ തൊലിയില്‍ ധാരാളം ഗുണങ്ങള്‍ ഉണ്ടെങ്കിലും തൊലികളഞ്ഞ് തിന്നുന്നതാണ് കീടനാശിനികളി ല്‍നിന്ന് രക്ഷപെടാന്‍ നല്ലത്.
മുന്തിരി
പതിനാലോളം കീടനാശിനികളും രാസവളങ്ങളുമാണ് മുന്തിരിയില്‍ വളർച്ചാകാലത്ത് സാധാരണയായി ഉപയോഗിക്കുന്നത്. ഉപ്പോ മഞ്ഞളോ വിനാഗരിയോ ചേര്‍ത്ത വെള്ളത്തില്‍ കുറച്ചു നേരം മുക്കിവച്ച ശേഷം മാത്രം മുന്തിരി ഉപയോഗിക്കുക.
മല്ലിയില
തിരക്കില്‍ ചിലപ്പോള്‍ വെള്ളത്തില്‍ ഒന്ന് കാണിച്ച ഉടനെ തന്നെ മല്ലിയില കറിയിലേക്കിടുന്ന പതിവാണ് പലര്‍ക്കും. എന്നാല്‍ കീടനാശിനി കൂടിയ അളവില്‍ കാണപ്പെടുന്ന പച്ചക്കറി ആണ് മല്ലിയില. ഏറെ നേരം ഒഴുകുന്ന വെള്ളത്തില്‍ കഴുകിയ ശേഷം മാത്രം മല്ലിയില ഉപയോഗിക്കുക. രണ്ടു ചട്ടിയില്‍ നട്ടാല്‍ തന്നെ ഒരു വീടിനു ആവശ്യമായ മല്ലിയില ലഭിക്കും.
തക്കാളി
കീടങ്ങള്‍ ബാധിച്ചാല്‍ കായ്ഫലം പെട്ടന്ന് കുറയാന്‍ സാധ്യതയുള്ള ചെടിയാണ് തക്കാളി. അതുകൊണ്ടുതന്നെ തക്കാളി വന്നു തുടങ്ങുന്നതിനു മുന്‍പ് തന്നെ ചെടിയില്‍ രാസവളവും കീടനാശിനിയും അടിച്ചു തുടങ്ങുകയായി. വിനാഗരിയിലോ പുളിവെള്ളത്തിലോ കുറച്ചു നേരം മുക്കി വച്ച ശേഷം മാത്രം തക്കാളി ഉപയോഗിക്കുക. പറ്റുമെങ്കില്‍ വീട്ടില്‍ തന്നെ കൃഷി ചെയ്യാന്‍ ശ്രമിക്കാം.
പച്ചമുളക്
കായഫലം കൂടാന്‍ മയം കൂടാതെ രാസവളവും കീടനാശിനിയും ഉപയോഗിക്കുന്ന മറ്റൊരു പച്ചക്കറിയാണ് പച്ചമുളക്. നമ്മള്‍ ഏറ്റവും പെട്ടന്ന് കഴുകിയെടുക്കുന്ന പച്ചക്കറികളില്‍ ഒന്നും ഇതുതന്നെ.
കറിവേപ്പില
തമിഴ്നാട്ടില്‍ നിന്നു വരുന്ന കറിവേപ്പിലകളിലെ കീടനാശിനികളുടെ അളവ് ഒരിക്കല്‍ വാര്‍ത്തകളിലൂടെ നമ്മളെ ഞെട്ടിച്ചതാണ്. ഇപ്പോഴും സ്ഥിതിയില്‍ മാറ്റമൊന്നുമില്ല. മല്ലിയിലപോലെ രണ്ടു മൂട് കറിവേപ്പില ചെടി നട്ടു വളര്‍ത്തിയാൽ അതു മതിയാകും ഒരു കുടുംബത്തിന്‍റെ ഉപയോഗത്തിന്.
കീടനാശിനിയും രാസവളവും ഉപയോഗിക്കുന്നത് കാര്‍ഷികമേഖലയില്‍ ഉടനെയൊന്നും നിൽക്കാന്‍ പോകുന്നില്ല. നമുക്ക് ചെയ്യാവുന്ന പോംവഴികള്‍ ഇത്രമാത്രം. സാധിക്കാവുന്നത് വീട്ടില്‍ കൃഷി ചെയ്യുക. ബാക്കിയുള്ളവ വാങ്ങുമ്പോള്‍ ഏറ്റവും ഭംഗിയുള്ളതും മുഴുത്തതും നോക്കി വാങ്ങാതെ, അല്‍പ്പം പുഴുക്കുത്തൊക്കെയുള്ള നാടന്‍ ഐറ്റം നോക്കി വാങ്ങാം. (ഇപ്പോൾ നാടനാണെന്നു തോന്നിപ്പിക്കാൻ പുഴുക്കുത്തുണ്ടാക്കി വിൽക്കുന്ന പഴങ്ങളും പച്ചക്കറികളും വരുന്നുണ്ടെന്നത് വേറൊരു സത്യം) പരമാവധി ജൈവകീടനാശിനികള്‍ ഉപയോഗിച്ച് കൃഷി ചെയ്തിരിക്കുന്ന പച്ചക്കറികള്‍ വിശ്വസനീയമായ കടകളില്‍ നിന്നു വാങ്ങാം. ശേഷം ഈ പച്ചക്കറികള്‍ യാതൊരു ഉപേക്ഷയും വിചാരിക്കാതെ, ഉപ്പും മഞ്ഞളും വിനാഗരിയും ഒക്കെ ഒഴിച്ചുവച്ച വെള്ളത്തില്‍ അഞ്ചു മിനിട്ടെങ്കിലും മുക്കി വച്ചതിനു ശേഷം ഉപയോഗിക്കാം.