വിദ്യാസമ്പന്നരെന്നും രണ്ടു നേരം കുളിക്കുന്നവരെന്നും പല്ലുതേയ്ക്കുന്നവരെന്നും കരുതുന്ന നമ്മൾ. പത്താം ക്ലാസുവരെ ആരെയും ജയിപ്പിച്ചെടുക്കുന്ന വിദ്യാഭ്യാസ രീതിയുള്ള നാട്ടിൽ ആ നാലാം ക്ലാസിന്റെ വിവേകമെങ്കിലും കാണിക്കേണ്ട. 90% പേരും പുസ്തകങ്ങളുടെ ഏതെങ്കിലും മൂല മാത്രം കാണാപ്പാഠം പഠിച്ച് വൈറ്റ് കോളർ ജോലി വരുമെന്ന് വിചാരിച്ചു കാത്തിരിക്കുന്നു. അവൻ തൂമ്പ കയ്യിലെടുക്കില്ല, കാരണം അതിനല്ല അവൻ പഠിച്ചത്. തുണിയലക്കില്ല, അരിയിടിക്കില്ല, മുളകിടിക്കില്ല. എത്രകാലം ഇങ്ങനെ പോകാനാവുമെന്ന് ചിന്തിക്കുന്നേയില്ല.
ഓർക്കുക, കേരളം കാൻസറിന്റെ സ്വന്തം നാടായിക്കഴിഞ്ഞു. രണ്ടേ രണ്ടു മരണരീതിയേ ഇപ്പോഴുള്ളൂ ഒന്നുകിൽ കാൻസർ, അല്ലെങ്കിൽ വാഹനാപകടം. പണ്ട് വല്ല കാലത്തും കേട്ടിരുന്ന ആ പേര് ഇന്ന് ചിരപരിചിതമായിരിക്കുന്നു. ജീവിതശൈലീരോഗങ്ങളുടെ സ്വന്തം നാടായിക്കഴിഞ്ഞു. അണു കുടുംബമായപ്പോഴും കുടുംബാംഗങ്ങളുടെ എണ്ണത്തിൽ കുറവില്ല. രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവരൊക്കെയാണ് ആ പുതിയ അംഗങ്ങൾ.
∙ *നമ്മൾ നന്നായി, മക്കളോ ? *
ഒരു മലയാളികുടുംബമെന്ന് പറഞ്ഞാൽ പൊതുവെ അച്ഛനും അമ്മയും രണ്ടു കുട്ടികളും അടങ്ങിയതാണ്. ചിലയിടത്ത് ഒരു തലമുറകൂടിക്കാണും. ഇതിൽ ഈ അച്ഛനെയും അമ്മയെയും പഴയതലമുറ നല്ല പച്ചക്കറിയും വിഷാംശം തീരെയില്ലാത്ത ഭക്ഷണങ്ങളും കൊടുത്താണ് വളർത്തിയെടുത്തത്. അവരുടെ ബാല്യകാലം അവർ ശുദ്ധവായു ശ്വസിച്ചു, നല്ല വെള്ളം കുടിച്ചു, ഓടിച്ചാടിക്കളിച്ചു, മരംകയറി. ഈ മക്കൾക്കെല്ലാം ആരോഗ്യമുണ്ടായിരുന്നു. ആശുപത്രി സന്ദർശനവും, ആശുപത്രിവാസവും വളരെ വിരളമായിരുന്നു. കുട്ടികൾക്ക് മനക്കരുത്തും, പ്രായോഗിക ബുദ്ധിയും സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള തന്റേടവുമുണ്ടായിരുന്നു. എന്താടാ എന്നു ചോദിച്ചാൽ പോടാ എന്നു പറയാനുള്ള നട്ടെല്ലുമുണ്ടായിരുന്നു. ഇന്നോ?
നല്ല പയറുതോരനും ചീരയും ചോറും തിന്നു വളർന്ന ഈ അച്ഛനും അമ്മയും സ്വന്തം മക്കൾക്ക് ജാഡകാണിക്കാനായി ഫ്രൈഡ് റൈസും, ബ്രോയിലർ ചിക്കനും കൊണ്ടുണ്ടാക്കിയ ചില്ലിചിക്കനും നൽകുന്നു, അവനും കഴിക്കുന്നു. രാത്രി മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്നും, വെള്ളംകുടിച്ചും നേരം വെളുപ്പിക്കും. എന്നിട്ട് ചിന്തിക്കും ഛെ! വേണ്ടായിരുന്നു മര്യാദയ്ക്ക് വീട്ടിലുണ്ടായിരുന്ന ചോറും കറിയും കഴിച്ചാൽ മതിയായിരുന്നു. അത് പട്ടിക്കോ പന്നിക്കോ നൽകും (അവർക്ക് നല്ല ഭക്ഷണം). പത്തു രണ്ടായിരം രൂപ പോയതു മിച്ചം.
ഇനിയേതായാലും ഹോട്ടൽ ഭക്ഷണം വേണ്ടെന്ന് അന്ന് തീരുമാനമെടുക്കും. പക്ഷേ വൈകുന്നേരമാകുമ്പോൾ ഇതെല്ലാം മറന്നുപോവുകയും ചെയ്യും. എന്നിട്ട് രോഗം വന്നാൽ ആശുപത്രിയിലും തടി കൂടിയാൽ ജിമ്മിലും പണം കൊണ്ടുപോയിക്കൊടുക്കും.
∙ മക്കൾക്കു വിഷം കോടുക്കണോ
മലയാളി ചിന്തിക്കുന്നേയില്ല; അവൻ സ്വന്തം മക്കളെ കൊലയ്ക്കു കൊടുക്കുകയാണെന്ന്. സ്വന്തം കൈകൊണ്ടുണ്ടാക്കിയ ഒരു ജൈവപച്ചക്കറി അവൻ ജീവിതത്തിൽ സ്വന്തം കുട്ടിക്കു കൊടുത്തിട്ടുണ്ടാവില്ല. തുടരെ തുടരെ വിഷമടിക്കുന്ന തേയില നേരിട്ടുണക്കി പൊടിച്ചാണ് ചായപ്പൊടി ഉണ്ടാക്കുന്നതെന്ന് അറിഞ്ഞാലും ഓർക്കില്ല. മക്കൾക്കു വേണ്ടിയാണ് സമ്പാദിച്ചു കൂട്ടുന്നതെന്നു പറയുന്നവർ ഓർക്കുക, നമ്മളല്ലേ അവരുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. തിരിച്ചറിവില്ലാത്ത പ്രായത്തിൽ വേണ്ടാത്തതു കഴിക്കാൻ കൊടുത്ത് ശീലിപ്പിക്കുന്ന അവരെ കൊലയ്ക്കു കൊടുക്കുന്നതിന് ആരാണ് ഉത്തരവാദി.
∙ ഒന്നും നമുക്കു പ്രശ്നമില്ല
എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ചൊക്കെ നമ്മൾ വായിക്കും. ഓ അത് കാസർകോടല്ലേ എനിക്കെന്തു പ്രശ്നം. പരിശോധനാഫലങ്ങൾ കാണിക്കുന്നത് എല്ലാ പച്ചക്കറികളിലും വളരെയധികം വിഷാംശമുണ്ടെന്നാണ്. കറിവേപ്പിലയിൽ വരെ. കാസർകോട് മുതിർന്ന ആളുകൾക്കാണോ അതോ കുട്ടികൾക്കാണോ ആരോഗ്യപ്രശ്നങ്ങൾ വന്നത്. കേരളത്തിൽ പുതിയ കാൻസർരോഗികളുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടേയിരിക്കുന്നു. പത്തോ ഇരുപതോ വർഷം കഴിയുമ്പോൾ ഇതെവിടെയെത്തും. അതിന് മുഖ്യമന്ത്രിയെയോ, ആരോഗ്യമന്ത്രിയെയോ അതോ പ്രതിപക്ഷനേതാവിനെയോ കുറ്റം പറഞ്ഞാൽ മതിയോ?
∙ നിരോധനം മതിയോ..?
തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വരുന്ന വിഷമയമായ പച്ചക്കറികൾ പരിശോധിക്കുവാനും, നിരോധിക്കുവാനും നീക്കം നടക്കുന്നു. നാളെ മുതൽ അവർ പച്ചക്കറി കേരളത്തിലേക്ക് അയക്കുന്നില്ലെന്ന് തീരുമാനിച്ചാൽ മലയാളി പട്ടിണികിടക്കും. കോഴിമുട്ടയും പച്ചക്കറികളും, പഴങ്ങളും കോഴിയും, മാടും പോത്തുമെല്ലാം എവിടെ നിന്നാണ് വരുന്നത്? പച്ചക്കറി നിരോധിച്ചതുകൊണ്ട ് എന്തു നേടുമെന്നാണ് കരുതുന്നത്.
ആഭ്യന്തര ഉൽപാദനം പതുക്കെപ്പതുക്കെ ആക്കിയെടുത്തിട്ടല്ലേ ഇത് ചെയ്യേണ്ടത്? നിരോധിച്ച് അയൽ സംസ്ഥാനവുമായി ഒരു ശത്രുതയുണ്ടാക്കേണ്ട എന്താവശ്യം. നമ്മൾ അത് വാങ്ങുന്നില്ലായെന്ന് തീരുമാനിച്ചാൽ പോരെ? ഇത് തനിയേ കുറഞ്ഞുവരില്ലേ ഓരോ വീടുകളിലും എത്രയും പെട്ടെന്ന് അടുക്കളത്തോട്ടങ്ങൾ വികസിപ്പിക്കുകയും കഴിയുന്നത്രയും സ്വന്തം ജൈവകൃഷിയിലേക്ക് മാറുകയും ചെയ്യുക.
∙ നമുക്കു മാറാം
ഭരണകർത്താക്കളും, നഗരവാസികളും ഇതൊന്നും ചിന്തിക്കുന്നേയില്ല. ഉടനെ അവൻ പറയും നഗരങ്ങളിലെവിടെയാണ് മണ്ണ്?. ഞങ്ങളെന്തു ചെയ്യും? നഗരങ്ങളിൽ മണ്ണില്ലെങ്കിൽ ഗ്രാമങ്ങളിൽ ഉണ്ടല്ലോ ? നഗരത്തിലെ റസിഡന്റ്സ് അസോസിയേഷനുകൾക്ക് ഗ്രാമങ്ങളിലെ കുടുംബശ്രീകളുമായി ചേർന്നുകൂടാ. അവർക്ക് വിത്തും ജൈവവളവും വാങ്ങിക്കൊടുത്ത്, അത്യാവശ്യം ഭേദപ്പെട്ട വിലകൊടുത്ത് അത് വാങ്ങി നിങ്ങളുടെ മക്കൾക്ക് നല്ലത് കൊടുത്തുകൂടാ എന്തുകൊണ്ട് സ്വന്തം കൈകൊണ്ട ് ഒരു തെങ്ങോ, മാവോ, പ്ലാവോ, സപ്പോട്ടയോ നട്ടുകൂടാ? ഒരു കറിവേപ്പിലയോ, മുരിങ്ങയോ, പപ്പായയോ നട്ടുകൂടാ?.
കൃഷിവിഭവങ്ങൾക്ക് വിലകിട്ടാതെ ദാരിദ്യ്രത്തിൽ മുങ്ങുന്ന ഗ്രാമങ്ങളിലെ നിങ്ങളുടെ സഹജീവികൾക്ക് ഇതൊരു കൈത്താങ്ങാകില്ലേ? ഒപ്പം നിങ്ങളുടെ എല്ലാമെല്ലാമായ മക്കൾക്ക് നല്ലത് കൊടുത്തുകൂടേ. ഒന്നോ രണ്ടോ ദിവസം വൈകുന്നേരം ഹോട്ടലിൽ കൊടുക്കുന്ന കാശ് മതിയാകും.
കേരളത്തിൽ ആറുമാസത്തോളം മഴക്കാലമാണ്. മഴയത്ത് മിക്ക പച്ചക്കറികളും നശിച്ചു പോകും. ഈ സമയത്ത് നമുക്ക് തമിഴ്നാടിനെയോ കർണ്ണാടകയെയോ ആശ്രയിക്കാതെ രക്ഷയില്ല. ഇല്ലെങ്കിൽ കഴിയുന്നത്ര പോളി ഹൗസുകൾ പ്രാവർത്തികമാക്കണം. മറ്റൊരു പോംവഴിയും മുൻപിലില്ല.
∙ വിവേകം കൊണ്ട് ചിന്തിക്കാം
വികാരം കൊണ്ട് ചിന്തിക്കാതെ വിവേകം കൊണ്ട് ചിന്തിക്കുവാൻ ഭരണാധികാരികൾ തയാറാകണം. മദ്യനിരോധനവും, അന്യസംസ്ഥാന പച്ചക്കറി നിരോധനവുമല്ല വേണ്ടത്. പകരം ബോധവൽക്കരണമാണ് വേണ്ടത്. തുടർ ബോധവൽക്കരണവും, ബുദ്ധിപൂർവമുള്ള ആസൂത്രണവും വേണം. കേരളക്കരയ്ക്ക് രക്ഷപ്പെടാൻ ഒന്നോ രണ്ടോ കൊല്ലം മതി. ഈ നാടുനന്നാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.
അതെല്ലാവരും തിരിച്ചറിയണം. ഇതൊന്നും പറഞ്ഞിട്ടും കാര്യമില്ല. പൊതുജനത്തിന് ഓർമ കുറവാണ്. എല്ലാം പെട്ടെന്ന് മറന്നുപോകും. അവനെ പറഞ്ഞിട്ട് കാര്യമില്ല. ആ... എങ്ങനെയെങ്കിലും ജീവിച്ചു മരിക്കാമല്ലോ, അല്ലാതെന്തു വഴി.
ഡോ. എം.വി. പ്രസാദ് ഡയബറ്റിക് കെയർ ആൻഡ് റിസർച്ച് സെന്റർ, കേണിച്ചിറ