വീട് പുതുക്കിപ്പണിയുക എന്നത് ഒരു കലയാണ്. പുതിയ ഒരു വീട് നിർമിക്കുന്നതിനേക്കാൾ ഹോംവർക്ക് ചെയ്യേണ്ടി വരും വീട് പുതുക്കിപ്പണിയാൻ. പക്ഷേ അതിന്റെ ഫലവും മധുരമുള്ളതായിരിക്കും. ഇതാ ഒരുദാഹരണം....കോഴിക്കോട് ഫറോക്കിൽ എൺപതുകളിൽ നിർമിച്ച കോൺക്രീറ്റ് ഇരുനില വീടായിരുന്നു ഇത്. നീളൻ സ്ലോപ് റൂഫും ആർച്ചുകളും ഉള്ള വീടിനകത്ത് കാറ്റും വെളിച്ചവും എത്തുന്നത് വിരളമായിരുന്നു. മുറികളിൽ അറ്റാച്ഡ് ബാത്റൂം സൗകര്യമില്ലായിരുന്നു. പെട്ടെന്ന് പൊടിയടിക്കുന്ന വിധമായിരുന്നു ഇടങ്ങളുടെയും സാമഗ്രികളുടെയും വിന്യാസം. അങ്ങനെ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് പുതിയ കാലത്തിനോട് ചേരുന്ന വിധത്തിൽ വീട് അടിമുടി പരിഷ്കരിക്കാൻ ഉടമസ്ഥൻ തീരുമാനിച്ചത്. 3000 ചതുരശ്രയടിയുള്ള പുതിയ വീട്ടിലേക്ക് ഗംഭീര മെയ്ക് ഓവറാണ് നടത്തിയിരിക്കുന്നത്.
മുറ്റം മുതൽ തുടങ്ങുന്നു പരിഷ്‌കാരങ്ങൾ. പഴയ ശൈലിയിലുള്ള അലങ്കാരപ്പണികൾ ഒഴിവാക്കി ലളിതമായി മുറ്റം ഒരുക്കി. ടെമ്പിൾ സ്‌റ്റോണും ഗ്രാസുമാണ് ഇവിടെ വിരിച്ചത്. സ്ലോപ് റൂഫ് മാറ്റി കന്റെംപ്രറി ബോക്സ് ശൈലിയിലേക്ക് വീടിനെ മാറ്റിയെടുത്തു. വെളിച്ചത്തെ സ്വാഗതം ചെയ്യാനായി ധാരാളം ജനാലകളും തുറന്ന ഇടങ്ങളും വീടിന്റെ പുറംഭിത്തികളിൽ നൽകി. ഒരു വശത്ത് വെർട്ടിക്കൽ പർഗോളയും മറുവശത്ത് സിഎൻസി ഡിസൈൻ ഗ്രൂവുകളും പുറംഭിത്തികൾ അലങ്കരിക്കുന്നു. തടിക്ക് പകരം ഫണ്ടർമാക്സ് പാനലുകളാണ് പുറംഭിത്തികളിൽ ക്ളാഡിങ്ങായി നൽകിയത്. ചെലവ് കുറവും ദീഘകാല ഈടുമാണ് ഇതിന്റെ ഗുണം. കാർ പോർച്ചിനെ വീടിന്റെ വശത്തേക്ക് മാറ്റിനൽകി.
ഇന്റീരിയർ അടിമുടി പുതിയ കാലത്തിനോട് യോജിക്കുംവിധം പരിഷ്കരിച്ചു. അനാവശ്യ ഭിത്തികൾ ഇടിച്ചുകളഞ്ഞു സെമി-ഓപ്പൺ ശൈലിയിലേക്ക് ഇന്റീരിയറിനെ മാറ്റിയെടുത്തു. ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം ജനാലകൾ ക്രമീകരിച്ചു. സ്‌കൈലൈറ്റുകളും കോർട്യാർഡും നൽകി. അതോടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്താൻ തുടങ്ങി.
പഴയ വീട്ടിലെ ഫർണിച്ചറുകളും തടിയും പാനലിങ്ങുമൊക്കെ പോളിഷ് ചെയ്ത് പുനരുപയോഗിച്ചിട്ടുണ്ട്. പ്രധാന ഹാളിന്റെ ഡബിൾ ഹൈറ്റ് അതേപടി നിലനിർത്തി. മേൽക്കൂരയിൽ നിന്നും തൂങ്ങിക്കിടക്കുന്ന തരം ഫാനുകൾ മാറ്റി. പകരം ഇടയ്ക്ക് ബീം നൽകി അതിൽ ഫാൻ ഉറപ്പിച്ചു. ലിവിങ് -ഡൈനിങ് ഉള്ള ഹാളിനെ വേർതിരിക്കാനായി വെനീർ പാനലുകൾ കൊണ്ട് പാർടീഷൻ നൽകി. അധികം കടുംനിറങ്ങൾ നൽകാതെ മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ് നൽകി. പഴയ മങ്ങിയ ടൈലുകൾ മാറ്റി. പ്രധാന ഇടങ്ങളിൽ വൈറ്റ് വിട്രിഫൈഡ് ടൈലുകൾ വിരിച്ചു. ഇതോടെ ഇന്റീരിയറിൽ കൂടുതൽ തിളക്കം കൈവന്നു.
പഴയ ഗോവണി ഇടിച്ചുകളഞ്ഞു. പുതിയ കാലത്തിനോട് ചേരുന്ന ഗോവണി നൽകി. തടിയും ഗ്ലാസും കൊണ്ടാണ് കൈവരികൾ. പ്ളൈ + വെനീർ പാനലിംഗിന് ഉപയോഗിച്ചു. പഴയ ഊണുമേശ പോളിഷ് ചെയ്ത് മിനുക്കിയെടുത്തപ്പോൾ പുത്തൻ ലുക്കിലേക്ക് മാറി. ഊണുമുറിയിൽ നിന്നും പുറത്തേക്ക് ഫ്രഞ്ച് വിൻഡോയും ഇവിടെ ഒത്തുകൂടാനായി ചെറിയ പാഷ്യോ സ്‌പേസും നൽകി.
അടുക്കളപ്പണിക്ക് ധാരാളം സഹായികൾ ഉള്ള കാലത്തുള്ള വിശാലമായ അടുക്കളയായിരുന്നു ഇവിടെ. അതിനെ പുതിയ കാലത്തിനു അനുയോജ്യമാകുംവിധം ചെറുതാക്കി. കൂടുതൽ ആധുനിക സൗകര്യങ്ങൾ നൽകി. മോഡുലാർ കിച്ചനും ബ്രേക്ഫാസ്റ്റ് ടേബിളും ഒരുക്കി.
അഞ്ചു കിടപ്പുമുറികളാണ് പുതിയ വീട്ടിൽ. വിശാലമായ എല്ലാ അവശ്യസൗകര്യങ്ങളും നിറയുന്ന കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്. ഡ്രസിങ് സ്‌പേസ്, സ്റ്റഡി ടേബിൾ എന്നിവയൊക്കെ പുതിയ മുറികളിൽ ഹാജർ വച്ചു. കുട്ടികളുടെ മുറി വർണാഭമായി ഒരുക്കി. വോൾ സ്റ്റിക്കറുകൾ ഇവിടെ ഭിത്തി അലങ്കരിക്കുന്നു. മുകൾനിലയിൽ കിടപ്പുമുറിയിൽ തെങ്ങിന്റെ പ്ലാങ്ക്കൊണ്ടുള്ള വുഡൻ ഫ്ളോറിങ് പുനരുപയോഗിച്ചത് ശ്രദ്ധേയമാണ്.
ഉടമസ്ഥൻ പുതിയ കാലത്തിന്റെ സൗന്ദര്യശാസ്ത്രത്തെ കുറിച്ച് നല്ല ബോധ്യമുള്ള വ്യക്തിയായിരുന്നു. കൂടാതെ നൈപുണ്യമുള്ള ആശാരിയെ ലഭിച്ചതും ഫർണിഷിങ് എളുപ്പമാക്കി എന്ന് ആർകിടെക്ട് പറയുന്നു. ചുരുക്കത്തിൽ പഴയ വീട് മനസ്സിൽ വച്ചുകൊണ്ട് എത്തുന്ന സന്ദർശകർക്ക് വീട് തെറ്റിപ്പോയോ എന്ന സന്ദേഹമാണ് ഇപ്പോൾ ആദ്യം മനസ്സിലുണ്ടാകുക.
Project Facts
Location- Feroke, Calicut
Area- 3000 SFT
Owner- Babu Sanjay
Architect- Cindu V
Cindu V Tech, Calicut
email- cinduvtech@gmail.com
Mob- 8606460404