എറണാകുളം അങ്കമാലിയിലാണ് യൂറോപ്യൻ ശൈലിയുടെ പ്രൗഢിയുമായി ഈ വീട് തലയുയർത്തി നിൽക്കുന്നത്. എട്ടു സെന്റ് പ്ലോട്ടിൽ 2015 ചതുരശ്രയടിയാണ് വിസ്തീർണം. പല തട്ടുകളായി നീളുന്ന മേൽക്കൂരയിൽ ഓട് മേഞ്ഞിരിക്കുന്നു. മേൽക്കൂര ഫ്ലാറ്റായി വാർത്ത് ട്രസ് ചെയ്യുകയായിരുന്നു. കൊളോണിയൽ ശൈലിയുടെ മുഖമുദ്രയായ ഡോർമർ ജനാലകൾ മുഖപ്പുകളിൽ ഹാജർ വച്ചിട്ടുണ്ട്. വീടിനകത്തേക്ക് പ്രകാശം എത്തിക്കുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു.
കാർ പോർച്ച്, സിറ്റ് ഔട്ട്, ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയിരിക്കുന്നത്.
കാർ പോർച്ച് വീടിന്റെ വശത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇതിനിടയിൽ ചെറിയ കോർട്യാർഡ് സ്‌പേസ് നൽകി.
ലളിതമായ സ്വീകരണമുറി. L ഷേപ്ഡ് സോഫ ഇവിടം അലങ്കരിക്കുന്നു. സമീപം ടിവി യൂണിറ്റും നൽകി. പ്രധാന ഇടങ്ങളിൽ വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചത്. ചിലയിടങ്ങളിൽ ഗ്രാനൈറ്റും നൽകി. എംഡിഎഫ്, മൾട്ടിവുഡ് എന്നിവ കൊണ്ടാണ് പാനലിങ്. ജിപ്സം ഫോൾസ് സീലിങിനൊപ്പം മൂഡ് ലൈറ്റിങ്ങും അകത്തളങ്ങളിൽ പ്രസന്നത പകരുന്നു.
ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഊണുമുറിയിൽ നിന്നും പുറത്തെ പാഷ്യോയിലേക്ക് തുറക്കുന്ന വാതിൽ കാണാം. ഇത് തുറന്നിട്ടാൽ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുകയും ചെയ്യും.
സ്‌റ്റെയിൻലെസ്സ് സ്‌റ്റീൽ, ടഫൻഡ് ഗ്ലാസ് എന്നിവകൊണ്ടാണ് ഗോവണിയുടെ കൈവരികൾ. പടികളിൽ ഗ്രാനൈറ്റ് വിരിച്ചു. ഗോവണിയുടെ വശത്തെ ഭിത്തിയിൽ വെർട്ടിക്കൽ സ്‌കൈലൈറ്റുകൾ നൽകിയിട്ടുണ്ട്. ഇതിലൂടെയും പ്രകാശം അകത്തേക്ക് എത്തുന്നു.
ലളിതമായ മോഡുലാർ കിച്ചൻ. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്.
ലളിതവും ഉപയോഗക്ഷമവുമായ കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകി. ഇന്റീരിയർ തീമിനോട് ഇഴുകിച്ചേരുന്ന ബ്ലൈൻഡ് കർട്ടനുകൾ അകത്തളങ്ങളിൽ മോടി കൂട്ടുന്നു.
ചെറിയ മുറ്റത്തും പുൽത്തകിടിയും പൂന്തോട്ടവുമൊക്കെ ഹാജർ വച്ചിരിക്കുന്നു. കടപ്പ സ്റ്റോൺ കൊണ്ടാണ് മുറ്റം ഉറപ്പിച്ചത്. ചുരുക്കത്തിൽ ആരും നോക്കിനിന്നുപോകുന്ന പ്രൗഢിക്കൊപ്പം സുഖകരമായ ജീവിതം പ്രദാനം ചെയ്യുന്ന സൗകര്യങ്ങളും ഒരുക്കിയതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.
Project Facts
Location : Angamaly
Design style : European
Area- 2015 SFT
Plot : 8 cent
Owner: Karthik
Designer : Abubaker
361°Architects, Ernakulam
email : 361architects@gmail.com
Mob :9142500361,9142600361
website:www.361architects.com