ഒരായുസ്സിന്റെ സ്വപ്നമാണ് മലയാളിക്ക് വീട്. അതുകൊണ്ടാണ് ശരാശരി മലയാളി ഒരായുഷ്കാലത്തിന്റെ സമ്പാദ്യം മുഴുവൻ വീടിനായി ചെലവഴിക്കാൻ സന്നദ്ധനാകുന്നത്. ഭവന നിർമാണച്ചെലവുകൾ കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് വളരെയേറെ വർധിച്ചു. എങ്കിലും മികച്ച പ്ലാനിങ്ങോടെ വീടുപണിയെ സമീപിച്ചാൽ ചെലവ് കുറയ്ക്കാൻ സാധിക്കും. അതിനു ചില ഉദാഹരണങ്ങൾ ഇതാ... നിർമ്മാണച്ചെലവുകളിൽ കാലോചിതമായ വർധന ഉണ്ടായിട്ടുണ്ടാകാമെങ്കിലും ചെലവ് കുറഞ്ഞ വീട് സ്വപ്നം കാണുന്നവർക്ക് ഇതൊരു റഫറൻസ് ആയി ഉപയോഗിക്കാം.
14 ലക്ഷത്തിന് സ്വപ്നഭവനം സാധ്യമാക്കാം!
പുനലൂർ സ്വദേശി അരുൺ നാസറിന് വീടിനെക്കുറിച്ച് ലളിതമായ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ചെറിയ കുടുംബത്തിനിണങ്ങുന്ന വീട്. വീടുപണി ഏറ്റെടുത്ത ഹാബിറ്റാറ്റിലെ പ്രോജക്ട് എൻജിനീയറായ നവീൻലാലിനോട് ഒരു കാര്യം പറയാൻ മറന്നില്ല; സമീപത്തുള്ള പ്ലോട്ടുകളിലെല്ലാം പുതിയ വീടുകൾ വരുന്നുണ്ട്. അതിനാൽ വീട്ടുകാരുടെ സ്വകാര്യതയെ മുൻനിർത്തിയായിരിക്കണം ഡിസൈൻ.
∙ നാലര സെന്റാണ് പ്ലോട്ടിന്റെ വിസ്തീർണം. സ്ഥലത്തിന്റെ സവിശേഷതകൾക്കനുസരിച്ചാണ് വീട് ഡിസൈൻ ചെയ്തത്.
∙ ഇന്റർലോക്ക് മൺകട്ടകൾ ഉപയോഗിച്ചാണ് ഭിത്തി നിർമിച്ചത്. കട്ട ഒന്നിന് 26 രൂപയായി.
∙ ഫില്ലര്‍ സ്ലാബ് വച്ചാണ് മേൽക്കൂര വാർത്തിരിക്കുന്നത്.
∙ അൽപം ചരിച്ചാണ് മുൻവശത്തെ ജനാലകൾ നൽകിയത്. വീടിനു മുന്നിലൂടെ പോകുന്നവരിൽ നിന്ന് ഉള്ളിലെ കാഴ്ചകൾ മറയ്ക്കാനാണ് ഇങ്ങനെ ചെയ്തത്.
∙ രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, സ്വീകരണമുറി എന്നിവയാണ് ഈ ഒറ്റനില വീട്ടിൽ ഉൾക്കൊള്ളിച്ചത്. ടെറസിലേക്ക് പോകാൻ കോണിപ്പടിയുമുണ്ട്. പച്ച, വെള്ള നിറങ്ങളാണ് ഇന്റീരിയറിൽ പൊതുവായി ഉപയോഗിച്ചത്.
∙ സ്റ്റീൽ ജനാലകളാണ് നൽകിയത്. തടി ഉപയോഗിക്കുന്നതിന്റെ 30 ശതമാനം ചെലവേ ഇവയ്ക്കുള്ളു.
∙ ഭിത്തികൾ പുറംഭാഗത്ത് തേച്ചിട്ടില്ല. ഉൾഭാഗം പ്ലാസ്റ്റർ ചെയ്തിട്ടുണ്ട്.
∙ ഓപൻ ശൈലിയിലാണ് അടുക്കള ഡിസൈൻ ചെയ്തത്. കാബിനറ്റുകൾക്ക് മൾട്ടിവുഡ് ഉപയോഗിച്ചു. കബോർഡുകളും മൾട്ടിവുഡ് കൊണ്ടാണ് ചെയ്തത്. ഇവയ്ക്കും പച്ച, വെള്ള നിറങ്ങൾ നൽകി.
∙ പ്രധാനവാതിലിന് മാത്രം തേക്ക് ഉപയോഗിച്ചു. ഇന്റീരിയറിൽ നൽകിയ റെഡിമെയ്ഡ് വാതിലുകൾക്ക് 2,500–3,000 രൂപയായി.
∙ കോണിപ്പടിക്ക് സ്റ്റീൽ റെയ്‌ലിങ് നല്‍കി. ലാൻഡിങ്ങിലെ ഭിത്തിയിൽ ജാളിവർക് ചെയ്തിട്ടുണ്ട്.
∙ ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചു.
Project Facts
Area: 1000 Sqft
Engineer: നവീൻലാൽ
ഹാബിറ്റാറ്റ് ടെക്നോളജീസ്, കൊല്ലം
habitatplr@gmail.com
Location: പുനലൂർ
Year of completion: ജൂലൈ, 2016
പൂർണരൂപം വായിക്കാം
15 ലക്ഷത്തിന് സ്വപ്ന സാഫല്യം
ഒരു വീടു വയ്ക്കാൻ ആഗ്രഹിച്ചാൽ അതിനുവേണ്ടി പരമാവധി ഗവേഷണം ചെയ്യണമെന്നാണ് അഷ്റഫിന്റെയും ഫസീലയുടെയും ആഗ്രഹം. ഈ അഭിപ്രായത്തോടു നൂറു ശതമാനം യോജിക്കുന്ന ഡിസൈനറെയും അവർക്കു ലഭിച്ചു. 15 ലക്ഷത്തിന് ഒരു സൂപ്പർ വീട് കിട്ടിയതിന്റെ രഹസ്യം ഇതാണ്.
∙ ഏഴ് സെന്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. റോഡിൽനിന്ന് എക്സ്റ്റീരിയറിന്റെ ഭംഗി കൃത്യമായി ആസ്വദിക്കാനാവില്ല എന്നത് പ്ലോട്ടിന്റെ പോരായ്മയാണ്.
∙ വാസ്തു അനുസരിച്ചാണ് വീടിന്റെ പ്ലാന്‍ വരച്ചിരിക്കുന്നത്. വീടിന്റെ മുൻവശത്തു കാണുന്ന കോർണർ വിൻഡോ ക്രമീകരിച്ചിരിക്കുന്നതും വാസ്തു അനുസരിച്ചാണ്.
∙ മലപ്പുറത്ത് സുലഭമായ വെട്ടുകല്ലാണ് ഭിത്തികൾ നിർമിക്കാൻ ഉപയോഗിച്ചത്. തേപ്പിനും മറ്റ് ആവശ്യങ്ങൾക്കും സിമന്റും പാറമണലും പ്രയോജനപ്പെടുത്തി.
∙ അത്യാവശ്യമുള്ള മുറികൾ മാത്രം നിർമിച്ചതിനാലാണ് ചെലവ് വലിയൊരു ശതമാനം കുറഞ്ഞത്. രണ്ട് കിടപ്പുമുറികളാണുള്ളത്. അതിൽ ഒരെണ്ണം മാത്രമാണ് ബാത്റൂം അറ്റാച്ച്ഡ്.
∙ വിസ്തീർണം കുറഞ്ഞ വീട് മതി എന്നു തീരുമാനിച്ചതിനാൽ അടുക്കള ചെറുതാക്കി. വർക്ഏരിയ ഒരാൾക്കു മാത്രം ഉപയോഗിക്കാൻ വലുപ്പത്തിലാണ് നിർമിച്ചിരിക്കുന്നത്. ഇവിടത്തെ ജനാലകൾ നിരക്കി നീക്കാവുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്. ഈ ജനാലയിലൂടെ വീടിന്റെ മുൻവശത്ത് ആരു വന്നാലും പെട്ടെന്ന് കാണാനാകും.
∙ തടിപ്പണി വളരെ കരുതലോടെ ചെയ്തതിനാൽ നല്ലൊരു തുക ലാഭിക്കാൻ കഴിഞ്ഞു. പ്രധാനവാതിൽ ഉള്‍പ്പെടെ എല്ലാം ഫ്ലഷ് വാതിലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ചട്ടക്കൂടിന് ഞാവലിന്റെ തടിയും ഉപയോഗിച്ചു. ജനാലകളുടെ ചട്ടക്കൂട് കോൺക്രീറ്റ് തന്നെയാണ്. ഒരു സുഹൃത്ത് ചെയ്തുതന്ന തേക്ക്പാളികളാണ് ജനാലയ്ക്ക് ഉപയോഗിച്ചത്.
∙ അടുക്കളയിൽ പ്ലൈവുഡ് ഉപയോഗിച്ചാണ് കബോർഡുകൾ നിർമിച്ചത്. ഒരു കിടപ്പുമുറിയിൽ മാത്രമേ വാഡ്രോബ് ചെയ്തിട്ടുള്ളൂ. അലുമിനിയവും ഹൈലം ഷീറ്റും ഉപയോഗിച്ചാണ് അതിന്റെ അടപ്പു നിർമിച്ചിരിക്കുന്നത്.
∙ ഒറ്റ നിലയായാണ് വീട് പണിതിരിക്കുന്നത്. മുകളിൽ ഒരു സ്റ്റെയർ റൂം മാത്രം പണിത് ഭാവിയിൽ മുറികൾ കൂട്ടിച്ചേർത്ത് വീട് വിശാലമാക്കാം. ഗോവണിയുടെ റെയിലിങ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടു നിർമിച്ചു.
Project Facts
Area: 1200 Sqft
Designer: സക്കറിയ കാപ്പാട്ട്,
ഇൻഹോം ഡിസൈനേഴ്സ് & ബിൽഡേഴ്സ്,
മലപ്പുറം
zakariyakappat@gmail.com
Owner: അഷ്റഫ് & ഫസീല
പൂർണരൂപം വായിക്കാം
http://www.manoramaonline.com/homestyle/dream-home/fifteen-lakh-home-in-seven-cent.html
18 ലക്ഷം രൂപയ്ക്ക് പ്രകൃതിയോട് ചേർന്ന്!
മലപ്പുറം വേങ്ങരയിലാണ് ഹൈലൈറ്റ് ഇന്റീരിയേഴ്‌സിലെ ഡിസൈനറായ പ്രേംകുമാറിന്റെ സാരംഗി എന്ന വീട്. 18 സെന്റിൽ 1600 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. വെറും 18 ലക്ഷം രൂപയാണ് ഈ വീടിന്റെ നിർമാണത്തിന് ചെലവായത്.
ചുവരുകളിൽ കോൺക്രീറ്റ് ഒഴിവാക്കി ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു. ചെലവ് കുറയ്ക്കാനും ഇത് സഹായകരമായി. എലിവേഷനിൽ കോൺട്രാസ്റ് കൊണ്ടുവരുന്നതിനായി മഡ് ബ്ലോക്കുകൾ പ്ലാസ്റ്റർ ചെയ്യാതെ കൊടുത്തത് ശ്രദ്ധേയമാണ്. മംഗലാപുരം മേച്ചിൽ ഓടുകളാണ് മേൽക്കൂരയിൽ വിരിച്ചത്. ഇവ ചൂടിനെ പ്രതിരോധിക്കുന്നതുകൊണ്ട് അകത്തളങ്ങളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.
മധ്യഭാഗത്തു ഡബിൾ ഹൈറ്റ് സ്ട്രക്ച്ചറും ഇരുവശത്തും സിംഗിൾ ഹൈറ്റ് സ്ട്രക്ച്ചറുമാണ് നൽകിയത്. ഇരുവശങ്ങളിലായി അടുക്കളയും കിടപ്പുമുറിയും ക്രമീകരിച്ചു. ലിവിങ് ഡബിൾഹൈറ്റ് സ്‌പേസിലാണ് ക്രമീകരിച്ചത്.
ലിവിങ്- ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. ഇവിടെ ജനാലകളിൽ പ്രൊജക്ഷൻ നൽകി സിറ്റിംഗ് സ്‌പേസ് ഒരുക്കിയത് ശ്രദ്ധേയമാണ്. പാർട്ടിക്കിൾ ബോർഡിൽ പണികഴിപ്പിച്ച ഫർണിച്ചറുകളാണ് ലിവിങ്ങിൽ നൽകിയത്. റസ്റ്റിക് ഫിനിഷുള്ള ടൈലുകളാണ് ഇന്റീരിയറിൽ കൂടുതലും. ലിവിങ്ങിൽ വുഡൻ ഫിനിഷുള്ള ടൈലുകൾ നൽകി.
താഴത്തെ നിലയിൽ രണ്ടുകിടപ്പുമുറികൾ. മിനിമൽ ശൈലിയിലാണ് ഇവ ഡിസൈൻ ചെയ്തത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ക്രീം കളർ തീമിലാണ് അടുക്കള. ഗ്രാനൈറ്റ് കൊണ്ടാണ് കൗണ്ടർടോപ്പ്. മൾട്ടിവുഡ് കൊണ്ട് സ്റ്റോറേജ് പാനലുകൾ നൽകി.
നല്ലൊരു വായനക്കാരനാണ് പ്രേംകുമാർ. അതിനാൽ മുകൾനില ലൈബ്രറി കം സ്റ്റഡി സ്‌പേസാക്കി മാറ്റി. ഒരു ഗസ്റ്റ് ലിവിങ് സ്‌പേസും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
വീട്ടിലേക്കുള്ള ഡ്രൈവ് വേ മാത്രം ഇന്റർലോക്ക് ചെയ്തു. ബാക്കിയിടങ്ങൾ സ്വാഭാവികമായി നിലനിർത്തി. ഉപഭോക്താക്കൾക്കുവേണ്ടി വീടുകൾ ഡിസൈൻ ചെയ്തതിൽനിന്നും ആർജിച്ച അനുഭവത്തിലൂടെ മറ്റുള്ളവർ ചിന്തിക്കുന്നതിനേക്കാൾ യാഥാർഥ്യബോധത്തോടെ സ്വന്തം വീടിന്റെ രൂപകല്പനയെയും നിർമാണത്തെയും സമീപിക്കാൻ കഴിഞ്ഞു എന്നതാണ് പ്രേംകുമാറിന്റെ അനുഭവസാക്ഷ്യം.
Project Facts
Location- Vengara, Malappuram
Area- 1600 SFT
Plot- 18 cents
Construction,Design- PremKumar
Mob- 9388252735
Completion Year- 2016
പൂർണരൂപം വായിക്കാം
http://www.manoramaonline.com/homestyle/dream-home/2017/08/21/eco-friendly-house-for-18-lakhs.html
5 മാസം, 20 ലക്ഷം; ഭംഗിയുള്ള വീട് റെഡി!
ചെലവ് ചുരുക്കി അത്യാവശ്യ സൗകര്യങ്ങൾ എല്ലാമുള്ള ഒരുനിലവീട് വേണമെന്നതായിരുന്നു ഉടമസ്ഥൻ പള്ളിപ്പാട്ട് ഔസേപ്പിന്റെ ആഗ്രഹം. ഈ ആഗ്രഹം കൊടുങ്ങല്ലൂർ എൻ ആർ അസോസിയേറ്റ്സിനെ അറിയിച്ചു. അഞ്ച് മാസത്തിനുള്ളിൽ ഉടമസ്ഥൻ ആഗ്രഹിച്ച പോലെ വീട് തയാറായി. 1300 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. കാർപോർച്, സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, അടുക്കള, വർക് ഏരിയ എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്.
കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നതിനാൽ 2.5 മാസം കൊണ്ട് സ്ട്രക്ച്ചറും 2.5 മാസം കൊണ്ട് ബാക്കിയുള്ള വർക്കും പൂർത്തിയായി. വെറും 20 ലക്ഷം രൂപ മാത്രമാണ് ഈ വീടിനു ചെലവായത്.
കന്റംപ്രറി ശൈലിയിലാണ് ലളിതമായ എലിവേഷൻ. വൈറ്റ് പെയിന്റാണ് വീടിനു നൽകിയത്. എലിവേഷനിൽ പലയിടങ്ങളിലും ക്ലാഡിങ് ടൈലുകൾ നൽകി. പർഗോളകൾ എലിവേഷന് പിന്തുണ നൽകുന്നു. 1300 ചതുരശ്രയടി വിസ്തീർണമേ ഉള്ളുവെങ്കിലും 1600 ചതുരശ്രയടിയുടെ വലുപ്പം തോന്നിക്കുന്ന അകത്തളങ്ങളാണ് വീടിനുള്ളിൽ.
അനാവശ്യ ഭിത്തികൾ ഒഴിവാക്കിയത് വിശാലത വർധിപ്പിക്കാൻ സഹായകരമായി. അതേസമയം ലിവിങ്- ഡൈനിങ് പോലെയുള്ള മുറികൾക്ക് പ്രൈവസിയും നൽകിയിട്ടുണ്ട്.
ആറുപേർക്കിരിക്കാവുന്ന ലളിതമായ ഊണുമേശ. ഇതും മഹാഗണി കൊണ്ടാണ്. ടേബിളിനു ഗ്ലാസ് ടോപ് നൽകി. ഡൈനിങ്ങിന്റെ ഒരു വശത്തെ ഭിത്തി പ്ലൈവുഡ് കൊണ്ട് പാനലിങ് ചെയ്തു പ്രാർത്ഥന യൂണിറ്റ് ക്രമീകരിച്ചത് ശ്രദ്ധേയമാണ്. സ്ഥല ഉപയുക്തയാണ് ഇന്റീരിയറിലെ ചെലവ് കുറച്ച പ്രധാന ഘടകം.
മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. മിനിമൽ ശൈലിയിലാണ് കിടപ്പുമുറികൾ. രണ്ട് ബെഡ്റൂമിന് അറ്റാച്ഡ് ബാത്റൂം സൗകര്യവും ഒരുക്കി. ഒരു കോമൺ ബാത്റൂമും, പുറത്ത് ഒരു ബാത്റൂമും ക്രമീകരിച്ചിരിക്കുന്നു.
ഇന്റീരിയർ തീമുമായി യോജിക്കുന്ന ഫൈബർ കർട്ടനുകളും ബ്ലൈൻഡുകളുമാണ് ജനാലകൾക്ക് നൽകിയത്.
ബ്ലാക്, മെറൂൺ തീമിൽ ലളിതമായ അടുക്കള. മൾട്ടിവുഡ് കൊണ്ട് കബോർഡുകൾ നിർമിച്ചു പെയിന്റ് ഫിനിഷ് നൽകി. ഗ്രാനൈറ്റ് കൊണ്ടാണ് കൗണ്ടർടോപ്പ്.
Project Facts
Location- Kodungalloor, Thrissur
Plot- 20 cent
Area- 1300 sft
Owner- Ouseph Pallippattu
Designer- Nishad
NR Associates, Kodungalloor
email- nrassociatesnr@gmail.com
Mob- 9961990023, 9961990003
Completion year- 2016
പൂർണരൂപം വായിക്കാം