സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് ആർക്കിടെക്ട് സമിത്ത് പുറാക്കണ്ടി സ്വന്തമായി പണിതെടുത്ത വീടാണിത്. കോഴിക്കോട് ചേവായൂരിലുള്ള മൂന്നു സെന്റ് സ്ഥലത്തു സമിത്തിനും ഭാര്യ ഹൃദയയ്ക്കും മകൾക്കുമായി ഒരു വീട്. പരിമിതമായ സ്ഥലത്ത് താമസിക്കാനുള്ള സൗകര്യങ്ങൾക്കൊപ്പം ഡോക്ടറായ ഭാര്യയുടെയും ആർക്കിടെക്ടായ ഭർത്താവിന്റെയും കൺസൾട്ടൻസിക്ക് ആവശ്യമായ സൗകര്യങ്ങൾ കൂടി ഇവിടെ വേണമായിരുന്നു.
കാലാവസ്ഥ, പ്രാദേശികമായ കെട്ടിടനിർമാണ രീതി, വസ്തുക്കളുടെ ലഭ്യത, ചെലവ്, സൈറ്റ് തുടങ്ങി നിലവിലെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഇവയ്ക്ക് ഇണങ്ങുന്ന തരത്തിൽ സാധ്യമാകുന്ന സൗകര്യങ്ങളോടു കൂടിയ വീടു നിർമിക്കുക എന്നതായിരുന്നു ലക്ഷ്യം.
വസ്തുവിന്റെ മൂലയിലായി 40 അടി നീളത്തിൽ 10 അടി വീതിയിൽ മുള വളർന്നു നിന്നിരുന്നു. മൊത്തം മിനുക്കുപണികൾക്കും സ്റ്റൈലിനും വേണ്ടതെല്ലാം ഇതിൽ നിന്നാണ് ചെയ്തത്. നിർഭാഗ്യവശാൽ നിർമാണം പൂർത്തിയായപ്പോഴേക്കും മുളകൾ ഉണങ്ങിപ്പോയി. ഇതിൽനിന്നുള്ള മുളയുടെ പാളികളും തൂണുകളും എല്ലാം വീടിന്റെ നിർമാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
മൊത്തം ഭാരം കുറയ്ക്കുന്നതിനായി മൂന്നു നില മാതൃകയാണ് വീടിനു സ്വീകരിച്ചിരിക്കുന്നത്. ഏറ്റവു മുകളിലത്തെ നിലയിൽ ഇൻസുലേഷനോടു കൂടിയ ഷീറ്റ് റൂഫിങ് ആണ് ഉപയോഗിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ ഇഷ്ടിക കൊണ്ട് ഭിത്തികൾ കെട്ടി.
പുനരുപയോഗത്തിന്റെ സാധ്യത
പഴയ സാധനങ്ങൾ വാങ്ങി പുതുക്കിയെടുത്ത് ഉപയോഗിച്ചിട്ടുണ്ട്. ടോയ്‌ലറ്റിന്റെ ഒഴികെ എല്ലാ തടിവാതിലുകളും ഒരു പഴയ ബംഗ്ലാവിൽനിന്നുള്ളതാണ്. പുതുക്കി ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്.
സ്വകാര്യതയ്ക്കു പ്രാധാന്യം
സ്ഥലപരിമിതി ഉണ്ടെങ്കിലും സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വീട്ടിലെ നിമിഷങ്ങൾക്ക് ഊർജംപകരാൻ തെക്കുപടിഞ്ഞാറു മൂലയിലായി ചെറിയൊരു പൂന്തോട്ടം തയാറാക്കി. ഇളം കാറ്റേറ്റ് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. പുറകിലായുള്ള സ്ഥലം ലിവിങ് റൂമിന്റെ ഭാഗമായി വരും.
വീടിനുള്ളിൽ പരമാവധി കാറ്റും വെളിച്ചവും ലഭിക്കുന്ന തരത്തിലുള്ള ഡിസൈനിനാണ് ആർക്കിടെക്ചർമാർ എപ്പോഴും പ്രാധാന്യം നൽകുക. തെക്കു പടിഞ്ഞാറൻ ദിശയിൽനിന്നുള്ള കാറ്റു ലഭ്യമാകുന്നതിനായി വളരെ ശ്രദ്ധയോടെയാണു മുറികൾ ക്രമീകരിച്ചത്. മുറിയിലെ ചൂടുവായു പുറത്തു പോകുന്നതു സീലിങ്ങിനോടു ചേർന്നു കാണുന്ന വരിവരിയായ ജനലുകൾ വഴിയാണ്.
എന്നാൽ ഇവിടെ മൂന്നു സെന്റ് സ്ഥലം മാത്രമുള്ളതിനാൽ വടക്കു ദിശയിൽ വെന്റിലേഷനുകൾ മാത്രമേ നൽകാൻ കഴിഞ്ഞിട്ടുള്ളൂ. ജനാലകൾ നൽകിയിട്ടില്ല.
മൂന്നു പേർ അടങ്ങുന്ന ചെറിയ കുടുംബം ആയതിനാൽ വീടിന്റെ ശേഷിക്കുന്ന ഭാഗം ഓഫിസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലാക്കി. കൂടാതെ പിന്നീടു വേണ്ടിവന്നാൽ അധികം പണികൾ നടത്താതെതന്നെ ഇവ ബെഡ്റൂമായി മാറ്റാവുന്ന തരത്തിൽ അറ്റാച്ച്ഡ് ബാത്‌റൂമോടുകൂടി ഡിസൈൻ ചെയ്തു. രണ്ടു കൺസൾട്ടൻസി റൂമുകളിലേക്കും പുറത്തുനിന്നും നേരിട്ടു പ്രവേശിക്കാൻ കഴിയും.
രണ്ടാംനിലയിലെ സ്റ്റെയർകേസിനു മുകളിലെ കട്ടൗട്ട് ഗ്രില്ലും തടികൊണ്ടുള്ള ഫ്‌ളോറിങ്ങും ഉപയോഗിച്ചാണ് ആവരണം ചെയ്തിരിക്കുന്നത്. അതിനാൽ ഓഫിസിനെ ബെഡ് റൂമാക്കി മാറ്റാൻ കഴിയും. ഗ്രില്ലുകൾ മാറ്റി പുറമേയുള്ള സ്റ്റെയർകേസ് അകത്താക്കാനും കഴിയും. അങ്ങനെ അകത്തുനിന്നും ഉപയോഗിക്കാം.
ഡോക്ടറിന്റെ കൺസൾട്ടൻസി റൂമും പിന്നീട് അറ്റാച്ച്ഡ് ടോയ്‌ലറ്റോടു കൂടിയ ബെഡ് റൂമായി മാറ്റാൻ കഴിയുന്ന തരത്തിലാണ്. എംഎസ് വിൻഡോ ഉപയോഗിച്ചിരിക്കുന്നതിനാൽ വലുതാക്കാൻ കഴിഞ്ഞു. തടിയിലാണെങ്കിൽ ഇതിനു വളരെ അധികം ചെലവു വരുമായിരുന്നു.
അധികം തടസ്സങ്ങൾ ഇല്ലാതെയാണു മൂന്നു സെന്റ് സ്ഥലത്ത് ബാത്ത് അറ്റാച്ച്ഡായിട്ടുള്ള നാലു ബെഡ്‌റൂമുകളോടു കൂടിയ വീട് പൂർത്തിയാക്കിയിരിക്കുന്നത്. പൗഡർ റൂം, മുകളിലത്തെ നിലയിൽ ഗെയിംസ്/ ജിംനേഷ്യം, രണ്ട് പാർക്കിങ് ഇടങ്ങൾ തുടങ്ങി ഒരു വീടിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.