ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരായ മഹേന്ദ്രന്റെയും അഞ്ചുവിന്റെയും സ്വപ്നമായിരുന്നു നാട്ടിലുള്ള സ്ഥലത്ത് ഒരു വീട്. പിറവത്തിനടുത്ത് ഓണക്കൂറാണ് ഇവരുടെ സ്ഥലം. വീടിനെക്കുറിച്ചുള്ള കുറെ നാളത്തെ സ്വപ്നംകാണലിനുശേഷം അഞ്ജുവിന്റെ കസിനും എൻജിനീയറുമായ അരുണുമായി സംസാരിച്ചു. ഏഴു സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്. അവിടെ മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ ഒരു വീടായിരുന്നു മഹേന്ദ്രന്റെയും അഞ്ജുവിന്റെയും ആവശ്യം.
വീടിനു ട്രഡീഷണൽ രീതിയിൽ ഒരു നടുമുറ്റം വേണമെന്നത് അഞ്ജുവിന്റെ ആഗ്രഹമായിരുന്നു. ഈ നടുമുറ്റമാണ് വീടിന്റെ ഹൈലൈറ്റ്. ട്രഡീഷണൽ രീതിയും ഓപ്പൺ കൺസെപ്റ്റും സമന്വയിപ്പിച്ചാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണ കാണുന്ന നടുമുറ്റത്തിൽ നിന്നു വ്യത്യസ്തമായി അമ്പലങ്ങളിൽ കാണുന്ന പോലെ തിണ്ണയും പടികളും നടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. അതിന്റെ ഭംഗി കൂട്ടുവാനായി നടുമുറ്റത്തിന്റെ വലതു വശത്ത് ഒരു കൃഷ്ണവിഗ്രഹവും വച്ചിട്ടുണ്ട്. നടുമുറ്റത്തിന്റെ മുകൾഭാഗം പർഗോള സെറ്റ് ചെയ്തിരിക്കുന്നതുകൊണ്ട് പകൽസമയങ്ങളിൽ ധാരാളം വെളിച്ചം വീടിനകത്തു കിട്ടും. ഓപ്പൺ സ്പേസ് ധാരാളം ഉള്ളതുകൊണ്ട് ഈ പ്രകാശം വീടുമുഴുവൻ ഉണ്ടാകും.
വീട്ടിലേക്കു കയറുമ്പോൾ ഇടതുവശത്തായി ലിവിങ് ഒരുക്കിയിരിക്കുന്നു. വീടിന്റെ ഇന്റീരിയർ കളർ തീമിനനുസരിച്ചു ചേരുന്ന സോഫാ സെറ്റാണ് ഇട്ടിരിക്കുന്നത്. ചെറിയ ക്യൂരിയോസ് ആണ് വീടലങ്കരിക്കാൻ തിരഞ്ഞെടുത്തത്. കുറച്ചുകൂടി ഷോ പീസുകൾ മനസ്സിലുണ്ടെന്ന് അഞ്ജു പറയുന്നു.
ഹാളിനടുത്തായി ഓപ്പൺ കിച്ചനും അതിനോട് ചേർത്തു വിറകടുപ്പും വർക്ക് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. അടുക്കളയോടു ചേർന്നു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും അടുക്കളയ്ക്ക് അഭിമുഖമായി ഡൈനിങ് സ്പേസും കൊടുത്തിട്ടുണ്ട്.
ഡൈനിങ് ഏരിയയിൽനിന്നാണു മുകളിലേക്കുള്ള പടികൾ. സ്റ്റെപ്പുകൾക്കു താഴെയുള്ള സ്ഥലം വാഷ് ഏരിയ ആയി മാറ്റിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിലുള്ള മൂന്നു മുറികളിൽ രണ്ടെണ്ണം ബാത്റൂം അറ്റാച്ച്ഡ് ആണ്. ഒരു കോമൺ ബാത്റൂം ഉണ്ട്.
മുകൾനിലയിൽ ഒരു അറ്റാച്ച്ഡ് ബെഡ്‌റൂമും ബാക്കി ടെറസ് സ്പേസുമാണ്. 2200 സ്ക്വയർഫീറ്റിൽ ഇന്റീരിയർ അടക്കം 42 ലക്ഷം രൂപയ്ക്കാണു വീടുപണി പൂർത്തിയായായത്. സ്ട്രക്ച്ചറിന് ചെലവ് 37 ലക്ഷമാണ്.
ഒട്ടേറെ സ്ഥലം തോന്നിക്കുന്ന ഡിസൈൻ ആണ് ഈ വീടിനെ മനോഹരമാക്കുന്നത്. ഓപ്പൺ സ്പേസ് ധാരാളം പ്രകാശം വീട്ടിലേക്കു കടത്തിവിടുന്നു. സിമ്പിൾ ഡിസൈൻ ആഗ്രഹിക്കുന്ന ആർക്കും പരിഗണിക്കാവുന്ന ഡിസൈനാണ് ഈ വീടിന്റേത്.