Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വീട്ടിലെ സസ്പെൻസ് മുകളിലാണ്!

suspense-home-manjeri-elevation പ്ലോട്ടിന്റെ സങ്കീർണതകൾ കാരണം കുന്നിക്കുരുവോളം പ്രതീക്ഷകളെ വീട്ടുകാർക്ക് ഉണ്ടായിരുന്നുള്ളൂ. അതിനെയെല്ലാം മറികടന്നു കുന്നോളം സ്വപ്നങ്ങൾ ഇവിടെ യാഥാർഥ്യമാക്കിയിരിക്കുന്നു.

ഒരു നില വീട് മതി. എന്നാൽ കാഴ്ചയിൽ ഇരുനില വീടിന്റെ എടുപ്പും സൗകര്യങ്ങളും വേണം. ഇതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഈ ആവശ്യങ്ങൾ നിറവേറ്റിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. സങ്കീർണതകൾ ഏറെയുള്ള ത്രികോണാകൃതിയിലുള്ള പ്ലോട്ട്. മുൻവശം റോഡുനിരപ്പിലും പിൻവശം താഴ്ന്നും കിടക്കുന്നു. പിറകുവശത്തെ പ്ലോട്ട് പില്ലറുകൾ വച്ച് പൊക്കി റോഡ് നിരപ്പിലാക്കി. ഇവിടേക്ക് പടികൾ നൽകി വർക്ക് ഏരിയയ്ക്കും സ്‌റ്റോറേജ് സ്‌പേസിനും ഇടം കണ്ടെത്തി. വീടിന്റെ തുടർച്ച അനുഭവപ്പെടും വിധം ചുറ്റുമതിൽ പെയിന്റടിച്ചു. മുറ്റത്ത് ചരൽ വിരിച്ചു.

suspense-home-manjeri

മലപ്പുറം മഞ്ചേരിയിൽ 19 സെന്റിൽ 2100 ചതുരശ്രയടിയിലാണ് ഈ വീട്. ഫ്യൂഷൻ ശൈലിയിലാണ് എലിവേഷൻ. സ്ലോപ്+ ഫ്ലാറ്റ് റൂഫുകൾ എലിവേഷനിൽ കാണാം. സിറ്റ്ഔട്ടിന്റെ പില്ലറുകളിലും മുൻവശത്തെ ഭിത്തികളിലും നാച്വറൽ സ്‌റ്റോൺ ക്ലാഡിങ് പാകി ഭംഗിയാക്കി. സിറ്റ്ഔട്ടിൽ നിന്നും ഒരു ചെറിയ ഡെക്കും ബ്രിഡ്ജും കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഇവിടെ മുകളിൽ ഗ്ലാസ് സീലിങ് നൽകിയിട്ടുണ്ട്. പ്രധാന വാതിലിൽ നിന്നും ഒരു നീണ്ട ഇടനാഴിയാണ്. ഇതിനു വശത്തായി സ്വകാര്യത നൽകി ലിവിങ് റൂം ക്രമീകരിച്ചു. സ്വീകരണമുറിയിൽ വുഡൻ ഫ്ളോറിങ് നൽകി. ഭിത്തിയിൽ ടിവി യൂണിറ്റും കൊടുത്തിട്ടുണ്ട്.

suspens-home-living

വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. പ്ലൈ+ വെനീർ ഫിനിഷിലാണ് ഫർണിച്ചറുകൾ. ഭിത്തികളിൽ സിമന്റ് പ്ലാസ്റ്ററിങ്ങിനു പകരം പ്ലാസ്റ്റർ ഓഫ് പാരീസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചൂടിനെ പ്രതിരോധിക്കുന്നതിനാൽ അകത്തളങ്ങളിൽ കൂടുതൽ തണുപ്പ് നിറയുന്നു. 

suspense-home-interior

പത്തു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. കൊറിയൻ സ്റ്റോൺ ആണ് ടോപ് ആയി ഉപയോഗിച്ചത്. സമീപം ഓപ്പൺ ശൈലിയിൽ ഒരുക്കിയ വാഷ് ഏരിയയ്ക്കും കൊറിയൻ ടോപ് നൽകി. ഊണുമേശയുടെ ഭിത്തികളിൽ നിഷുകൾ നൽകി ക്യൂരിയോകൾ സജ്ജീകരിച്ചു. വശത്തെ ഭിത്തിയിൽ വോൾപേപ്പർ ചെയ്ത് ഭംഗിയാക്കി. ഇവിടെ  ഇവിടെ പാൻട്രി കൗണ്ടറും നൽകി.

suspense-home-dining

ക്രീം+ റെഡ് തീമിലാണ് അടുക്കള. സമീപം ബ്രേക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. പിയു പെയിന്റ് ഫിനിഷാണ് നൽകിയത്. വർക് ഏരിയയിൽ ഗ്രേ കളറുള്ള അലുമിനിയം ഗ്ലാസ് ഫർണിഷിങ് ചെയ്തിരിക്കുന്നു.

suspense-home-kitchen
suspense-home-wa

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. കിടപ്പുമുറികളിൽ വ്യത്യസ്ത കളർതീമുകൾ ഹാജർ വച്ചിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും നൽകി. കുട്ടികളുടെ കിടപ്പുമുറിയിൽ ബങ്ക് ബെഡുകൾ കലാപരമായി വിന്യസിച്ചിരിക്കുന്നു. ഇതിലേക്ക് കയറാൻ പടികളും നൽകിയിട്ടുണ്ട്.

suspense-home-bed

ഇനി പടികൾ കയറി മുകളിൽ എത്തുമ്പോഴാണ് സസ്പെൻസ് കാത്തിരിക്കുന്നത്. 6X4.5 വിസ്തൃതിയിൽ ഒരു സ്വിമ്മിങ് പൂൾ ഒരുക്കിയിരിക്കുന്നു. നല്ല പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ട് നീന്തിക്കുളിക്കാം. സ്വകാര്യത നൽകാനായി മെറ്റൽ ഫ്രയിമുകൾ കൊണ്ട് ചുറ്റും കവർ ചെയ്തിട്ടുമുണ്ട്. അത്യാവശ്യം ഒത്തുകൂടാനുള്ള സ്ഥലം ഇവിടെയുണ്ട്. ഒഴിവുവേളകളിൽ ഏറ്റവും സജീവമാകുന്ന ഇടവും ഇവിടെ തന്നെ. ഇതിനു സമീപം സോളാർ പാനലുകളും നൽകിയിട്ടുണ്ട്.

suspense-home-manjeri-pool

കുന്നോളം പ്രതീക്ഷിച്ചാലേ കുന്നിക്കുരുവോളം ലഭിക്കൂ എന്നാണ് ശൈലി. എന്നാൽ ഈ വീടിന്റെ കാര്യത്തിൽ പ്ലോട്ടിന്റെ സങ്കീർണതകൾ കാരണം കുന്നിക്കുരുവോളം പ്രതീക്ഷകളെ വീട്ടുകാർക്ക് ഉണ്ടായിരുന്നുള്ളൂ. അതിനെയെല്ലാം മറികടന്നു കുന്നോളം സ്വപ്നങ്ങൾ ഇവിടെ യാഥാർഥ്യമാക്കിയിരിക്കുന്നു.

suspense-home-yard

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Manjeri, Malappuram

Area- 2100 SFT

Plot- 19 cent

Owner- Dr. Anees Rahman

Contractor- Ashraf

Interior Construction- Paravathani Furnishing

Interior Design- Juman

Mob- 9633945975

Completion year- 2017