കോഴിക്കോട് കൊണ്ടോട്ടിയിൽ 16 സെന്റിൽ 3200 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. റോഡ് നിരപ്പിൽ നിന്നും ഉയർന്നുനിൽക്കുന്ന പ്ലോട്ട്. ചുറ്റുമതിൽ വന്നാലും റോഡിൽ നിന്നാൽ വീടിന്റെ കാഴ്ച കിട്ടണം എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യങ്ങളിൽ പ്രധാനം. വീടിന്റെ കാഴ്ച മറയാതിരിക്കാനായി GI മെഷുകൾ കൊണ്ടാണ് മതിൽ നിർമിച്ചിരിക്കുന്നത്. ഗെയ്റ്റിന് മുകളിൽ പടിപ്പുര മാതൃകയിൽ മേൽക്കൂരയും നൽകി.
പല ലെവലുകളിലുള്ള സ്ലോപ് റൂഫുകളാണ് വീടിന്റെ എലിവേഷന്റെ ഭംഗി വർധിപ്പിക്കുന്നത്. കാർ പോർച്ച് വീടിന് സമീപംതന്നെ എന്നാൽ പ്രധാന സ്ട്രക്ച്ചറിൽ നിന്നും വേറിട്ടുനിൽക്കുന്ന വിധം നിർമിച്ചു. കരിങ്കല്ലും പുൽത്തകിടിയും നൽകി മുറ്റം കെട്ടിയെടുത്തിരിക്കുന്നു.
സെമി ഓപ്പൺ ശൈലിയിലുള്ള അകത്തളങ്ങൾ കൂടുതൽ വിശാലത നൽകുന്നു. ക്രോസ് വെന്റിലേഷനുള്ള നിരവധി തുറന്ന ഇടങ്ങൾ വീടിനുള്ളിൽ നൽകിയിട്ടുണ്ട്. തടി അധികം ഉപയോഗിക്കാതെ മൈക്ക, പ്ലൈവുഡ്, വെനീർ എന്നിവകൊണ്ടാണ് ഫർണിഷിങ് ചെയ്തിരിക്കുന്നത്. മാർബിളാണ് ഫ്ളോറിങ്ങിനു ഉപയോഗിച്ചത്. സിറ്റ്ഔട്ട്, ലിവിങ് എന്നിവിടങ്ങളിൽ നാനോവൈറ്റ് മാർബിളുകൾ വിരിച്ചു. മാസ്റ്റർ ബെഡ്‌റൂമിൽ നിന്നും സ്വകാര്യത നഷ്ടമാകാതെ പ്രധാനവാതിലിലേക്ക് കാഴ്ച എത്തണം എന്നതായിരുന്നു മറ്റൊരു ഡിമാൻഡ്. ഇതും ഇവിടെ സാധ്യമാക്കിയിരിക്കുന്നു.
വീടിനുള്ളിലെ ശ്രദ്ധാകേന്ദ്രം കോർട്യാർഡും ഇതിനു മുകളിലൂടെ നൽകിയിരിക്കുന്ന സുതാര്യമായ ഗ്ലാസ് ബ്രിഡ്ജുമാണ്. നടുമുറ്റത്തിൽ കരിങ്കല്ലും ചെടികളും കൊണ്ട് സ്വാഭാവികത തോന്നിക്കുന്ന ഒരു മിനി ജലാശയം നിർമിച്ചെടുത്തിരിക്കുന്നു. ഇതിനു സമീപം വെർട്ടിക്കൽ സ്‌കൈലൈറ്റുകളും നൽകി.
ക്യാന്റിലിവർ ശൈലിയിലുള്ള രണ്ടു ബാൽക്കണികൾ വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു. ടഫൻഡ് ഗ്ലാസും സ്‌റ്റെയിൻലെസ്സ് സ്റ്റീലും കൊണ്ടാണ് കൈവരികൾ തീർത്തത്. മുകളിൽ ടെറസിലേക്കിറങ്ങുന്ന വാതിലിനു സമീപമാണ് ഗ്ലാസ് ബ്രിഡ്ജ് നൽകിയത്.
പത്തു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. വിശാലമായ ഹാളിന്റെ ഭാഗമാണ് ഊണുമുറി.
അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. താഴെ രണ്ടും മുകളിൽ മൂന്നും. ജിപ്സം വെനീർ ഫിനിഷിൽ ഫോൾസ് സീലിങ്ങും തീംഡ് ലൈറ്റിംഗും മുറികളിൽ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഒരുക്കി.
മൾട്ടിവുഡിൽ പിയു പെയിന്റ് ഫിനിഷിലാണ് അടുക്കള. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിരിക്കുന്നു. ചുരുക്കത്തിൽ പ്രതീക്ഷകൾക്ക് ഉപരിയായി സ്വപ്നഗൃഹം പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Kondotti, Calicut
Plot- 16 cent
Owner- Rasheed
Construction- Nisar
Design- Sajjad P
mOB- 9895313704
Stonearc Design, Manjeri
Completion year- 2017