മലയാളിക്ക് കേരളത്തനിമയുള്ള തറവാട് വീടുകൾ എന്നും ഗൃഹാതുരതയുണർത്തുന്ന ഓർമയാണ്. ഒരു തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടന്നു മഴ കണ്ടാസ്വദിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലും കാണുമോ?...എത്രയെത്ര നിർമാണശൈലികൾ വന്നുപോയാലും നമ്മുടെ കേരളത്തനിമയുള്ള നിർമിതികളുടെ ഐശ്വര്യവും മനോഹാരിതയും നൽകാൻ കഴിയുമോ? സംശയമാണ്..
ചില വീടുകളുണ്ട്. ആദ്യ കാഴ്ചയിൽ തന്നെ നമ്മുടെ ഹൃദയത്തിൽ കയറി സ്ഥാനം പിടിക്കും. എറണാകുളം ജില്ലയിലെ പിറവത്ത് 17 സെന്റിൽ 2732 ചതുരശ്രയടിയിലാണ് കണ്ണുകളെയും മനസ്സിനെയും ആകർഷിക്കുന്ന ഈ വീട്. ബിസിനസുകാരനായ സന്തോഷിന് ട്രഡീഷണൽ ഭംഗിയും പുതിയകാല സൗകര്യങ്ങളുമുള്ള വീട് എന്നതായിരുന്നു സങ്കൽപ്പം. പരമ്പരാഗത കേരളശൈലി വീടുകളുടെ ഭംഗിയും ഐശ്വര്യവും പുതിയ കാലത്തിന്റെ സൗകര്യങ്ങളും സമന്വയിപ്പിച്ചിരിക്കുകയാണ് ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസ് ഈ നിർമ്മിതിയിലൂടെ.
ചെടികളും മരങ്ങളും തണൽവിരിക്കുന്ന പ്ലോട്ട്. പുൽത്തകിടിയിലൂടെ ഉമ്മറത്തേക്കെത്താം. ഇവിടെ സോപാനം ശൈലിയിൽ ചാരുപടികൾ നൽകിയ ഉമ്മറം. നീളൻ സിറ്റ്ഔട്ട് താങ്ങി നിർത്തുന്നത് കൽത്തൂണുകളാണ്.
സ്വീകരണമുറി, ഊണുമുറി, മൂന്ന് കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, അടുക്കള, നടുമുറ്റം, ഹോം തിയറ്റർ എന്നിവയാണ് ഇവിടെ പ്രധാനമായും ഒരുക്കിയിരിക്കുന്നത്. മെസനൈൻ ശൈലിയിലാണ് അകത്തളം ഒരുക്കിയത്. അതായത് ഒരുനില വീടിനുള്ളിൽ രണ്ടുനിലയുടെ സൗകര്യങ്ങൾ ലഭിക്കുന്നു. അനാവശ്യ ചുമരുകളൊന്നും കാണാനില്ല അകത്ത്. അതിനാൽ ചെറിയ സ്ഥലത്തും നല്ല വിശാലത അനുഭവപ്പെടുന്നു. പരമ്പരാഗത പ്രൗഢി നൽകുന്ന വുഡൻ ഫിനിഷ്ഡ് ടൈലുകളാണ് നിലത്തു വിരിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ വുഡൻ ഫ്ളോറിങ്ങും കാണാം.
പ്രധാനവാതിലിനു ഇരുവശത്തുമായി ലളിതമായ സ്വീകരണമുറി. ഇവിടെ നിന്നും ഊണുമുറിയിലേക്കെത്താം. രണ്ടിടങ്ങൾക്കുമിടയിൽ ഗോവണി കൊണ്ട് വേർതിരിവ് അനുഭവപ്പെടാത്ത രീതിയിൽ മറയും നൽകിയിട്ടുണ്ട്. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു സമീപമായി ചെറിയൊരു പ്രെയർ സ്‌പേസും ക്രമീകരിച്ചു.
എം എസ് ഫ്രയിമിൽ തടി കൊണ്ട് മെനഞ്ഞെടുത്ത ഗോവണി. ഗോവണിയുടെ താഴെയായി കൃത്രിമപുല്ല് വിരിച്ച ചെറിയ നടുമുറ്റം. ഇതിനു മുകളിലായി പ്രകാശത്തെ ആനയിക്കാനായി ഗ്ലാസ് മേൽക്കൂരയും നൽകിയിട്ടുണ്ട്. നടുമുറ്റത്തിനു സമീപമായി ഒരു ആട്ടുകട്ടിലും നൽകി. ലളിതമായ മൂന്ന് കിടപ്പുമുറികൾ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം നൽകി. ലളിതമായ അടുക്കള.
മുകൾനിലയിൽ ഒരു ഹോം തിയറ്റർ ഒരുക്കിയിരിക്കുന്നു. കാറ്റിനെയും വെളിച്ചത്തെയും അകത്തേക്ക് ആനയിക്കാനായി ഡബിൾ ഹൈറ്റിൽ പണിത പ്രധാന മേൽക്കൂരയ്ക്ക് വശത്തും വില്ലഴികൾ നൽകിയിരിക്കുന്നു. ഇവിടെനിന്നും പുറത്തേക്ക് ഒരു വാതിലും നൽകി. അത്യാവശ്യം ഒരു കസേരയിട്ട് ഇവിടെ ഇരുന്നു സംസാരിക്കാൻ ഉപയോഗിക്കാം. ഓടിട്ട വീട്ടിൽ അങ്ങനെ ചെറിയൊരു ബാൽക്കണി സ്‌പേസും ലഭിച്ചു! വീടിനുള്ളിൽ പലയിടത്തും പുറത്തെ പച്ചപ്പിലേക്ക് തുറക്കുന്ന ജാലകങ്ങൾ കാണാം. കാറ്റും വെളിച്ചവും അലസമായി വീടിനുള്ളിൽ പരിലസിക്കുന്നു.
വീടിന്റെ ആദ്യകാഴ്ചയിൽ തന്നെ മനസ്സിലേക്ക് ഒഴുകിയെത്തുന്ന പോസിറ്റീവ് എനർജി ഇവിടെ നിന്നും യാത്രയായാലും കുറച്ചുനേരത്തേക്ക് വിട്ടുപോകാതെ മനസ്സിൽ തന്നെയുണ്ടാകും. വാസ്തുശില്പ നൈപുണ്യത്തിനുള്ള നിരവധി അവാർഡുകളും ഈ മനോഹരനിർമിതിയെ തേടിയെത്തിയിട്ടുണ്ട്.
Project Facts
Location- Piravom, Ernakulam
Area- 2732 SFT
Plot- 17 cent
Owner- Santhosh
Architect- Sebastian Jose
Silpi Architects
t: +91-484-2663448 / 2664748
e: mail@silpiarchitects.com