കേരളത്തനിമയ്‌ക്കൊപ്പം സസ്പെൻസുകളും കാത്തിരിക്കുന്നു!

പ്രകൃതിയും മനുഷ്യനും സൗഹാർദത്തോടെ ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന മാജിക്കാണ് ഈ വീട്.

കോട്ടയം പാമ്പാടിയിൽ വിശാലമായ രണ്ടേക്കർ പ്ലോട്ടിലാണ് വർഗീസിന്റെ സ്വപ്നഗൃഹം സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത ശൈലിയിലുള്ള പുറംകാഴ്ചയും പുതിയകാല സൗകര്യങ്ങളും വീട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 

വിശാലമായ പറമ്പിന്റെ ആനുകൂല്യം മുതലാക്കിയാണ് വീട് പണിതത്. ഗെയ്റ്റിൽ നിന്നും പോർച്ച് വരെ ഡ്രൈവ് വേ നൽകി. ഇരുവശവും മരങ്ങളും ചെടികളും തണൽവിരിക്കുന്നു. 3500 ചതുരശ്രയടിയുള്ള ഒരുനില വീട്ടിൽ മെസനൈൻ ശൈലിയിലൂടെ രണ്ടുനിലയുടെ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു പല തലങ്ങളിലായി ട്രസ് റൂഫിങ് നൽകി ഓടുവിരിച്ചു. കാറ്റും വെളിച്ചവും കയറാനായി ഡോർമർ ജനാലകളും മേൽക്കൂരയിൽ പലയിടത്തായി നൽകിയിട്ടുണ്ട്. മുൻവശത്തെ കാർപോർച്ചിനു സമീപം ചെറിയ സിറ്റ്ഔട്ട്. ഇവിടെ ഭിത്തികളിൽ നാച്വറൽ സ്റ്റോൺ ക്ലാഡിങ് നൽകിയത് ഭംഗിയായിട്ടുണ്ട്. 

പ്രകൃതിയിലേക്ക് തുറക്കുന്ന ഇടങ്ങളാണ് വീടിന്റെ സവിശേഷത. രണ്ടു ഇന്നർ കോർട്യാർഡുകളും ഒരു ഔട്ടർ കോർട്യാർഡും വീട്ടിൽ ഒരുക്കിയിരിക്കുന്നു. ഇതിൽ  ഔട്ടർ കോർട്യാർഡിൽ പഴയ തറവാടുകളെ അനുസ്മരിപ്പിക്കുംവിധം ചെറിയൊരു കുളം നൽകി. മേൽക്കൂര തുറസായി ക്രമീകരിച്ചു. കാറ്റും മഴയും വെയിലുമെല്ലാം ഇവിടേക്ക് വിരുന്നെത്തുന്നു. വീട്ടിലെ ഒട്ടുമിക്ക മുറികളിൽ നിന്നും ഇവിടേക്ക് നോട്ടമെത്തും. 

ഡബിൾ ഹൈറ്റിലാണ് അകത്തളങ്ങൾ. ഇത് കൂടുതൽ വിശാലത പ്രദാനം ചെയ്യുന്നു. കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങളോ ഫോൾസ് സീലിങ്ങോ അകത്തളങ്ങളിൽ നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വൈറ്റ്, ക്രീം നിറങ്ങളാണ് ഉള്ളിൽ നിറയുന്നത്. വൈറ്റ് കുഷ്യൻ സോഫകൾ ലിവിങ്ങിനെ പ്രൗഢമാക്കുന്നു. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് വിരിച്ചത്. ഇടങ്ങളെ വേർതിരിക്കാനായി വുഡൻ ഫ്ളോറിങ്ങും നൽകി.

ഫാമിലി ലിവിങ്ങിൽ വുഡൻ ഫ്ലോറിങ്ങാണ് ചെയ്തത്. ഇവിടെ ടിവി യൂണിറ്റ് നൽകി. ഭിത്തിയിൽ ടെക്സ്ചർ ഫിനിഷുള്ള ഓറഞ്ച് പെയിന്റ് നൽകി. 

ഫ്ലോർ ലെവലിൽ നിന്നും അൽപം താഴ്ത്തിയാണ് സെന്റർ കോർട്യാർഡ്. ഇവിടെ പെബിളുകൾ വിരിച്ചു ചെടികളും നൽകി. സമീപം ചെറിയ സിറ്റിങ് സ്‌പേസും ക്രമീകരിച്ചു.

വുഡും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയും കൈവരികളും. ഇത് മുകൾനിലയിലും തുടരുന്നുണ്ട്.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു സമീപമുള്ള ഭിത്തി മുഴുവൻ ഗ്ലാസ് പാനലിങ് നൽകി. പുറത്തെ കോർട്യാർഡിൽ മഴ പെയ്യുന്നതും വെയിൽവട്ടങ്ങൾ മാറുന്നതും ആസ്വദിച്ചു കൊണ്ട് ഭക്ഷണം കഴിക്കാം. മോഡേൺ ശൈലിയിൽ അടുക്കള ഒരുക്കി. സമീപം വർക്ക് ഏരിയയും നൽകി.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന ജാലകങ്ങൾ മുറികളിലും നൽകി. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം നൽകി. ഇവിടെയും ചെറിയ കോർട്യാർഡുകൾ നൽകിയിരിക്കുന്നു. എത്ര ടെൻഷൻ ഉണ്ടെങ്കിലും വീടിന്റെ മടിത്തട്ടിലേക്ക് എത്തിയാൽ അതെല്ലാം ഞൊടിയിടയിൽ അപ്രത്യക്ഷമാകും എന്ന് ഉടമസ്ഥർ പറയുന്നു. ചുരുക്കത്തിൽ പ്രകൃതിയും മനുഷ്യനും സൗഹാർദത്തോടെ ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന മാജിക്കാണ് ഈ വീട്.

Project Facts

Location- Pambadi, Kottayam

Area- 3500 SFT

Plot- 2 acre

Owner- Mathew Varghese

Architect- Sebastian Jose

Silpi Architects, Thevara, Kochi

e: mail@silpiarchitects.com

Ph- +91-484-2663448 / 2664748