Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ശരിക്കും സന്തോഷവീട്! അദ്ഭുതപ്പെടുത്തും ഇവരുടെ ജീവിതം!

nanavu ‘നനവിനു’ മുൻപിൽ ഹരിയും ആശയും. ചിത്രം : എം.ടി.വിധുരാജ്

മണ്ണു കൊണ്ടു വീട്, ചുറ്റും കൊച്ചു കാട്. അവിടെ വന്നുപോകുന്ന പക്ഷികളും മൃഗങ്ങളും. നെല്ലും പച്ചക്കറിയും പഴങ്ങളും വിളയുന്ന വളപ്പ്. പ്രകൃതിയിലേക്കൊരു വാതിൽ തുറന്നിട്ടാൽ സന്തോഷിക്കാൻ നൂറു കാരണങ്ങളുണ്ടാകുമെന്നു പറയുന്നു കണ്ണൂർ ചക്കരക്കൽ സ്വദേശികളായ ഹരി–ആശ ദമ്പതിമാർ.

ഊണിലും ഉറക്കത്തിലും ഉടുപ്പിലും നടപ്പിലും പ്രകൃതിയോടൊത്തു ജീവിക്കാം എന്നു പറഞ്ഞാൽ നെറ്റിചുളിക്കുന്നവരോട് ഇവർക്കു പറയാനുള്ളത് ഒന്നുമാത്രം– ഒരിക്കലെങ്കിലും പ്രകൃതിയോട് ഇണങ്ങി ജീവിച്ചു നോക്കൂ, അപ്പോഴറിയാം അതിന്റെ നനവും കുളിരും.

അരലക്ഷത്തിന്റെ വീട്‌

veedu

വീടു നിർമിക്കാനുള്ള സാധനങ്ങളുടെ ആകെ ചെലവ് അരലക്ഷം രൂപയാണ്. രണ്ടര ലക്ഷത്തോളം പണിക്കൂലിയായി. വീടിനും കിണറിനും കൂടി ആകെ ചെലവ് നാലു ലക്ഷം. ആർകിടെക്റ്റ് ടി.വിനോദാണ് ഈ‘തണുത്ത തുരുത്തിന്റെ’ ശിൽപി. രണ്ട് ഓടുകൾ പാകി ഇടയ്ക്ക് അൽപം കമ്പി ഉപയോഗിച്ചാണു മേൽക്കൂരയുടെ വാർപ്പ്. ചുമരു മുഴുവൻ മണ്ണുരുട്ടിയെടുത്ത ഉരുളകൊണ്ടു നിർമിച്ചത്. മണ്ണിൽ അൽപം കുമ്മായം ചേർത്തതു കൊണ്ട് ചിതലിന്റെ ശല്യവുമില്ല. നാലു യൂണിറ്റാണ് ഒരു മാസത്തെ വൈദ്യുതി ഉപയോഗം.

ഫാനില്ലെങ്കിലും കാറ്റുണ്ട്

nanavu-01

960 സ്ക്വയർഫീറ്റിലാണ് ആറു വർഷം മൂൻപു വീടുപണി പൂർത്തിയാക്കുന്നത്. ഒരു കിടപ്പുമുറി, സിറ്റൗട്ട്, ഹാൾ, അടുക്കള, വർക്ക് ഏരിയ എന്നിവ ഉൾപ്പെടെ വിശാലമായ വീട്. സൂര്യൻ പകരുന്ന വെളിച്ചം രാത്രിയും പകലും ലഭിക്കാൻ സോളർ പാനലുകൾ. കിടപ്പുമുറിയിലോ ഹാളിലോ ഫാനോ കൂളറോ ഇല്ല. പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചു വയ്ക്കാൻ ഒരു നാടൻഫ്രിജുണ്ട്. മൺകലം കൊണ്ടുണ്ടാക്കിയ ഫ്രിജിൽ ഒരാഴ്ചവരെ ഇവ കേടുകൂടാതെയിരിക്കും അൽപം വെള്ളം ഒഴിച്ചു കൊടുത്താൽ മതി. വീട്ടിൽ ഗ്യാസ് കണക്‌ഷനില്ല. കക്കൂസ് മാലിന്യവും ബയോഗ്യാസ് പ്ലാന്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നു ലഭിക്കുന്ന വളം കൃഷിക്ക് ഉപയോഗിക്കുന്നു. പച്ചപ്പുല്ലും പച്ചവെള്ളവും മാത്രം കൊടുത്തു വളർത്തുന്ന ഒരു നാടൻപശുവുമുണ്ട് കൂട്ടിന്.

വിശക്കുമ്പോൾ മാത്രം ഭക്ഷണം

nanavu-02

ഉച്ചയ്ക്ക് ഒരുമണി ആയി എന്നതു കൊണ്ടുമാത്രം ഭക്ഷണം കഴിക്കേണ്ട കാര്യമില്ല. വിശക്കുന്നുണ്ടെങ്കിൽ കഴിച്ചാൽ മതി. ആവശ്യത്തിനു മാത്രമേ ആഹാരമുണ്ടാക്കാറുള്ളൂ. അത്യാവശ്യം വന്നാൽ കഴിക്കാൻ ചക്കയും മാങ്ങയും മറ്റു പഴങ്ങളും മുറ്റത്തുണ്ട്. പഴയഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് എന്തായാലും നല്ല ആരോഗ്യശീലമല്ലെന്നും ഹരിയും ആശയും.

 അതാണ് ഗാന്ധിജി കണ്ട സ്വപ്നം

ഭക്ഷണത്തിനു തൊടിയിൽനിന്നുള്ള പഴങ്ങളും പച്ചക്കറികളും. സ്വന്തമായി വയലിൽ വിളയിച്ചെടുക്കുന്ന അരി. പാലിനും കൃഷിയാവശ്യത്തിനുള്ള വളത്തിനും മൂന്നു പശുക്കൾ. വീട്ടിലെ മാലിന്യങ്ങളിൽനിന്നു ബയോഗ്യാസ്. വെളിച്ചത്തിനു സൗരോർജം. ആകെയുള്ള ചെലവ് ഫോൺ ബില്ലും, ജൈവസംസ്കൃതി പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ ഇന്ധനച്ചെലവും. ഒരുമിച്ചുള്ള യാത്രകൾക്കുള്ള ചെലവും. പണമായി 5,000 രൂപയിൽ താഴെ മാത്രമേ ഒരുമാസം ആവശ്യം വരുന്നുള്ളൂ. ഓരോ വീടും സ്വയംപര്യാപ്തമാകണമെന്നു ഗാന്ധിജി പറഞ്ഞതും ഇതേ അർഥത്തിലാണ്.

കൊച്ചു കൊച്ചു സന്തോഷങ്ങൾ

ഹരിക്ക് 57 വയസ്സ്, ആശയ്ക്ക് 51. ഹരി ജലസേചന വകുപ്പിൽനിന്നു വിരമിച്ചു. ആശ അധ്യാപന ജോലി ഉപേക്ഷിച്ചു. ഒരുമിച്ചുള്ള യാത്രകൾ, പരിസ്ഥിതി പ്രവർത്തനം, പക്ഷിനിരീക്ഷണം, പുസ്തകങ്ങൾ, സുഹൃത്തുക്കൾ, വീട്ടിലെ പശുവും കിടാങ്ങളും എന്നിവയൊക്കെയാണ് സന്തോഷ മാർഗങ്ങൾ.

 ഹാപ്പിനെസ് അൺലിമിറ്റഡ്

പ്രകൃതിക്കൊപ്പം ജീവിക്കുക എന്നത് ഒരു ആത്മീയതയാണ്. അതിരില്ലാത്ത ആനന്ദം നൽകുന്ന ആത്മീയത. മറ്റെല്ലാ മൃഗങ്ങൾക്കും അതു സാധിക്കുന്നുണ്ടെങ്കിൽ മനുഷ്യനും സാധ്യമാണ്. 20 വർഷം മുൻപുവരെ മറ്റുള്ളവരെപ്പോലെ തന്നെയാണു ജീവിച്ചത്. പക്ഷേ, പ്രകൃതിയോടൊത്തു ജീവിക്കുന്നതാണ് ഏറ്റവും എളുപ്പമെന്നു തിരിച്ചറിഞ്ഞതോടെ പച്ചപ്പിന്റെ വഴി തിരഞ്ഞെടുത്തു.

ആവശ്യത്തിന്റെ അളവ് തിരിച്ചറിയുക എന്നതാണ് ആനന്ദത്തിന്റെ താക്കോൽ. ഭക്ഷണമായാലും ഭൂമിയായാലും ഊർജമായാലും നമുക്കു ജീവിക്കാൻ ആവശ്യമായതു മാത്രം എടുക്കുക. വെറുതെ കിട്ടിയാലോ പണംകൊടുത്തു വാങ്ങിയാലോ ആവശ്യത്തിൽ കൂടുതൽ ഉപയോഗിക്കാൻ ആർക്കും അവകാശമില്ല.