കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് കടവത്തൂർ എന്ന സ്ഥലത്ത് 23 സെന്റ് പ്ലോട്ടിൽ 4500 ചതുരശ്രയടിയിലാണ് മനോഹരമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം വിശാലമായ എന്നാൽ മിനിമലിസത്തിൽ ഊന്നിയ ഒരു വീട് എന്നതായിരുന്നു ഉടമസ്ഥരുടെ ആവശ്യം. ഇതിനോട് പൂർണമായും നീതി പുലർത്തിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.
പോസിറ്റീവ് എനർജി നിറയ്ക്കുന്ന അകത്തളങ്ങളാണ് ഈ വീടിന്റെ സവിശേഷത. വെള്ള നിറത്തിന്റെ ചൈതന്യമാണ് പുറംകാഴ്ചയിൽ നിറയുന്നത്. സമകാലിക ശൈലിയിലാണ് എലിവേഷൻ. പല തട്ടുകളായി സ്ലോപ് റൂഫ് നൽകി. പടിപ്പുര മാതൃകയിലുള്ള പ്രവേശനകവാടം കടന്നാണ് അകത്തേക്ക് കയറുന്നത്. കോട്ടാ സ്റ്റോൺ പാകിയ മുറ്റത്ത് ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിരിക്കുന്നു.
പൂമുഖത്തു നിന്ന് ചെറിയ ഫോയറിലൂടെയാണ് സ്വീകരണമുറിയിലേക്ക് പ്രവേശിക്കുന്നത്. ഫോയറിന്റെ ഭിത്തിയിൽ നൽകിയ സ്ട്രിപ്പ് വിൻഡോകളിലൂടെ അകത്തളങ്ങളിൽ പ്രകാശം വിരുന്നെത്തുന്നു. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ, അപ്പർ ലിവിങ്, അഞ്ച് കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ബ്രൗൺ കളർ ലെതർ ഫിനിഷ് സോഫയാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. വിട്രിഫൈഡ് ടൈലാണ് പ്രധാന ഇടങ്ങളിൽ വിരിച്ചിരിക്കുന്നത്.
ഫാമിലി ലിവിങ് ഏരിയയെ വേർതിരിക്കാനായി വുഡൻ ടൈലുകൾ വിരിച്ചിരിക്കുന്നു. വുഡൻ പാനലിങ്ങും ലൈറ്റിങ്ങും നൽകി ഫാമിലി ലിവിങ്ങിന്റെ സീലിങ് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
നിലമ്പൂർ തേക്കും ടഫൻഡ് ഗ്ലാസും ഉപയോഗിച്ചാണ് സ്റ്റെയറിന്റെ കൈവരികൾ നിർമിച്ചിരിക്കുന്നത്. ഗോവണിയുടെ താഴെ ക്യൂരിയോസ് ഷെൽഫ് നൽകി സ്ഥലം ഉപയുക്തമാക്കി. ലാൻഡിങ്ങിലെ ഭിത്തി സിമന്റ് ഫിനിഷ് ടെക്സ്ചർ പെയിന്റ് ചെയ്ത് ഭംഗിയാക്കി.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഊണുമേശ. സമീപം വാഷ് ഏരിയ ക്രമീകരിച്ചു.
രണ്ട് അടുക്കളകൾ ക്രമീകരിച്ചു. വൈറ്റ്+ ഗ്രീൻ തീമിലാണ് മെയിൻ കിച്ചൻ. ‘L’ ഷേപ്പിൽ ഒരുക്കിയ കിച്ചന്റെ കൗണ്ടർ ടോപ്പിന് കൊറിയൻ സ്റ്റോൺ നൽകി. അക്രിലിക് ഷീറ്റാണ് കബോർഡുകൾക്ക് ഉപയോഗിച്ചത്. ബെയ്ജ് കളര്‍ തീമിലുള്ള വർക്കിങ് കിച്ചനിൽ ‘U’ ഷേപ്പിലാണ് കൗണ്ടർ ഡിസൈൻ.
താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണ് വീട്ടിൽ. ഓരോ മുറിയും വ്യത്യസ്ത കളർ തീമിൽ ഒരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇളം നിറങ്ങളാണ് ബെഡ്റൂമിൽ ഉപയോഗിച്ചിട്ടുള്ളത്. കുട്ടികളുടെ മുറിയിലും ഈ കളർ സ്‌കീം തുടരുന്നു. ഗ്രേ+വൈറ്റ് കളർ തീമിലാണ് മാസ്റ്റർ ബെഡ്റൂം. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.
കൃത്രിമമായ സൗന്ദര്യത്തിനായി കൂട്ടിച്ചേർക്കലുകളോ, കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങളോ ഒന്നും നൽകിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ചുരുക്കത്തിൽ അകത്തും പുറത്തും നിറയുന്ന ഊഷ്മളമായ അന്തരീക്ഷമാണ് ഈ വീടിന്റെ ഹൈലൈറ്റ്. രാത്രിയിൽ വിളക്കുകൾ കൂടി കൺതുറക്കുന്നതോടെ വീടിന്റെ ഭംഗി വർധിക്കുന്നു.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Kadavathur, Kannur
Area- 4367 SFT
Plot- 23 cents
Owner- Iqbal
Structural Engineer- Shameel
Designer- Jafar Bin Davood
Bin Davood & Associates, Calicut
Mob- 9633063919
Completion year- 2018