സ്ഥലപരിമിതിയാണ് നഗരത്തിൽ ഭൂമി വാങ്ങി വീട് വയ്ക്കുന്നവർ നേരിടുന്ന വലിയ പ്രതിസന്ധി. എന്നാൽ ഫലപ്രദമായി പ്ലാൻ ചെയ്താൽ ചെറിയ പ്ലോട്ടിൽ പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിയും എന്ന് പറയുകയാണ് കലൂരുള്ള ഈ വീട്. എറണാകുളം കലൂരിൽ 5 സെന്റ് പ്ലോട്ടിൽ 2200 ചതുരശ്രയടിയിലാണ് സമകാലിക ശൈലിയിലുള്ള ഈ വീട് നിർമിച്ചിരിക്കുന്നത്. ദീർഘചതുരാകൃതിയുള്ള ചെറിയ പ്ലോട്ടിൽ പരമാവധി സ്ഥലഉപയുക്തത ലഭിക്കാൻ ബോക്സ് ശൈലിയിലാണ് വീടിന്റെ എലിവേഷൻ. വൈറ്റ്, ഗ്രേ തീമിലാണ് അകവും പുറവും. പുറംഭിത്തി മുഴുവൻ ബ്ലാക് ക്ലാഡിങ് ടൈലുകൾ വിരിച്ച് വേർതിരിവ് നൽകിയിട്ടുണ്ട്. വീടിന്റെ തുടർച്ച അനുഭവപ്പെടും പോലെയാണ് ചുറ്റുമതിൽ. ഇതിന്റെ മുകൾഭാഗത്ത് ടഫൻഡ് ഗ്ലാസിട്ടിരിക്കുന്നതു ശ്രദ്ധേയമാണ്.
മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ലപ്പാത്രോ ഫിനിഷുള്ള ബ്ലാക്ക് ഗ്രാനൈറ്റാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. വേർതിരിവ് നൽകാൻ വുഡൻ ഫ്ളോറിങ്ങും നൽകിയിരിക്കുന്നു.
ലളിതമായ സ്വീകരണമുറി. റോളർ ബ്ലൈൻഡുകൾ ജനാലകൾക്ക് ഭംഗി പകരുന്നു. ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.
തേക്ക്+ സ്റ്റെയിൻലെസ് സ്റ്റീൽ+ടഫൻഡ് ഗ്ലാസ് കോംബിനേഷനിലാണ് ഗോവണിയും കൈവരികളും. ഇവിടെ നിലത്ത് വുഡൻ ഫ്ളോറിങ് ചെയ്തു.
സ്റ്റെയർ ഏരിയയുടെ മുകളിൽ സ്‌കൈലിറ്റ് നൽകി പ്രകാശത്തെ സ്വാഗതം ചെയ്യുന്നു. ടെക്സ്ചർ പെയിന്റ് ചെയ്ത് ഈ ഭാഗത്തെ ഭിത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
സിനിമകളോട് താൽപര്യമുള്ള കുടുംബത്തിന് ഒരു ഹോം തിയറ്ററും മുകൾനിലയിൽ ഒരുക്കിയിട്ടുണ്ട്. ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യയ്ക്കൊപ്പം മേന്മയേറിയ അക്കൗസ്റ്റിക് ട്രീറ്റ്മെന്റും ഹോംതിയേറ്ററിൽ ചെയ്തിട്ടുണ്ട്.
മൂന്നു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകിയിട്ടുണ്ട്. ജിപ്സം, വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്.
വെനീർ+ ലാക്വേർഡ് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ഫർണിഷ് ചെയ്തത്. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.
ഫലപ്രദമായ സ്‌പേസ് പ്ലാനിങ്ങിലൂടെ സ്ഥലപരിമിതിയെ മറികടക്കാനായി എന്നതുതന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്.
Project Facts
Location- Kaloor, Ernakulam
Plot- 5 cent
Area- 2200 SFT
Owner- Tatutes V
Designer- Rivin Varghese
Orange Interiors & Architecture, Kaloor
Mob- 9846378787
Completion year- 2018