എന്റെ പേര് രഞ്ചു പികെ. ബാങ്കിൽ ക്ലർക്കായി ജോലിചെയ്യുന്നു. ഞങ്ങളുടെ സ്വപ്നഗൃഹം സഫലമായതിന്റെ കഥയാണ് ഞാൻ പറയുന്നത്. എനിക്ക് ചെറുപ്പം മുതലേ കേരളീയ ശൈലിയിൽ നിർമിച്ച തറവാടുകളോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കാരണം എത്ര നിർമാണശൈലികൾ വന്നുപോയാലും പ്രകൃതിയോട് ഇഴുകിച്ചേർന്നു നിൽക്കുന്ന തറവാടുകൾ പ്രദാനം ചെയ്യുന്ന സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യാൻ കഴിയുമോ എന്ന് സംശയമാണ്. അതുകൊണ്ടുതന്നെ സ്വന്തം വീട് പണിയുമ്പോൾ പ്രകൃതിയോട് ഇഴുകിച്ചേരുന്ന, ഭൂമിക്ക് ഭാരമാകാത്ത വീട് ആയിരിക്കണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.

കോഴിക്കോട് ജില്ലയിലെ വടകരയിൽ 16 സെന്റിൽ 2000 ചതുരശ്രയടിയിലാണ് വീട് തലയുയർത്തി നിൽക്കുന്നത്. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചാണ് നിർമാണം. വെട്ടുകല്ലാണ് ചുവരുകളുടെ നിർമാണത്തിന് ഉപയോഗിച്ചത്. പുറംഭിത്തികളിൽ പ്ലാസ്റ്ററിങ് ചെയ്തിട്ടില്ല. അകംചുവരുകളിൽ കോൺക്രീറ്റിനു പകരം മഡ് പ്ലാസ്റ്ററിങ് ചെയ്തിരിക്കുന്നു. മൺടൈലുകളാണ് നിലത്തുവിരിച്ചിരിക്കുന്നത്. ജിഐ ഫ്രയിമിൽ ട്രസ് റൂഫിങ് ചെയ്ത് ടെറാക്കോട്ട ടൈലുകളാണ് റൂഫിൽ വിരിച്ചിരിക്കുന്നത്.

സ്വീകരണമുറി, ഊണുമുറി, അടുക്കള, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയിരിക്കുന്നത്. പഴയ വീട് പൊളിച്ചിടത്തു നിന്ന് ശേഖരിച്ച ഫർണിച്ചറുകളും, ജനലുകൾക്കും വാതിലുകളും ഇവിടെ പുനരുപയോഗിച്ചിരിക്കുന്നു. തുറസായ രീതിയിലാണ് അകത്തളങ്ങൾ. ഇത് സുഗമമായ വായുസഞ്ചാരത്തിനും സഹായിക്കുന്നു.

സ്വീകരണമുറിയും, അടുക്കളയുമെല്ലാം ലളിതമായ രീതിയിലാണ് ഒരുക്കിയത്. ഒരു വശത്ത് കസേരയും മറുവശത്ത് ബെഞ്ചുമാണ് ഊണുമേശയ്ക്ക് നൽകിയത്. അധികം സ്ഥലം അപഹരിക്കാത്ത വിധത്തിലാണ് ഗോവണി ക്രമീകരിച്ചത്.

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകിയിട്ടുണ്ട്. സ്ട്രക്ച്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 30 ലക്ഷം രൂപയിൽ ചെലവ് ഒതുക്കാൻ കഴിഞ്ഞു.

കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങളോ ആഡംബരങ്ങളോ ഒന്നും ഞങ്ങൾ ഉള്ളിൽ കുത്തിത്തിരുകിയിട്ടില്ല. മുറ്റത്തുള്ള ഫലവൃക്ഷങ്ങൾ എല്ലാം സംരക്ഷിച്ചു കൊണ്ടാണ് വീടുപണിതത്. മുറ്റം ടൈലൊന്നും വിരിക്കാതെ അതിന്റെ തനിമയിൽ നിലനിർത്തി. കാറ്റും വെളിച്ചവും പ്രകൃതിയും നിറയുന്ന അകത്തളങ്ങളിൽ കഴിയുമ്പോൾ ഞങ്ങൾ അനുഭവിക്കുന്ന സമാധാനം, സന്തോഷം...അത് അനുഭവിച്ചറിയുക തന്നെ വേണം.
ചെലവ് കുറച്ച ഘടകങ്ങൾ
- പഴയ ഫർണിച്ചറുകളും തടിയും ഓടുകളും പുനരുപയോഗിച്ചു.
- ഉറപ്പുള്ള മണ്ണായതിനാൽ അടിത്തറയ്ക്ക് അധികം തുക ചെലവായില്ല.
- ഭിത്തി കെട്ടാൻ വെട്ടുകല്ല് ഉപയോഗിച്ചു. പുറംഭിത്തികൾ തേച്ചിട്ടില്ല.
- അകംഭിത്തികൾ മഡ് പ്ലാസ്റ്ററിങ് ചെയ്തു. പെയിന്റ് തുക ലഭിച്ചു.
- നിലത്ത് മൺടൈലുകൾ വിരിച്ചു.
Project Facts
Location- Vatakara, Calicut
Area- 2000 SFT
Plot- 16 cents
Owner- Ranju PK
Mob- 9526906906
Designer- Rahul RK
Unique Design, Orkkatteri, kozhikode
Completion year- May 2018
Budget- 30 lakh