Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 ലക്ഷത്തിനു സുന്ദരൻ വീട്! ലക്ഷങ്ങൾ ലാഭിച്ചത് ഇങ്ങനെ...

ജീവിക്കാൻ ചെലവ് വളരെ കുറവാണ്. മറ്റുള്ളവരെ പോലെ ജീവിക്കാനാണ് ചെലവ് കൂടുതൽ...ഈ പൊതുതത്വം വീടുപണിയുടെ കാര്യത്തിലും പ്രസക്തമാണ്. മനസ്സുവച്ചാൽ ഗുണനിലവാരം നിലനിർത്തിക്കൊണ്ടുതന്നെ ചെലവ് ചുരുക്കി വീടുപണിയാൻ നിരവധി സാധ്യതകളുണ്ട്. ഈ വീടും പറയുന്നത് അത്തരമൊരു കഥയാണ്. മലപ്പുറം ജില്ലയിലെ മങ്കടയിലാണ് ഫാത്തിമയുടെയും മകൻ നവാസിന്റെയും തറവാട് വീട് നിന്നിരുന്നത്. കാലപ്പഴക്കത്തിൽ വാസയോഗ്യമല്ലാതായതോടെ ചെലവുകുറച്ച് ഒരു വീട് പണിതുതരണമെന്നു ആവശ്യപ്പെട്ട് നവാസ് ഡിസൈനർ വാജിദ് റഹ്മാനെ സമീപിച്ചു. ഇവരുടെ ആവശ്യം ഉൾക്കൊണ്ട് പഴയ തറവാട് നിന്നിരുന്ന സ്ഥലത്താണ് വീട് പണിതത്. 960 ചതുരശ്രയടിയുള്ള വീട്ടിൽ രണ്ടു കിടപ്പുമുറികൾ, രണ്ടു ബാത്റൂം, കിച്ചൻ, ഡൈനിങ് ഹാൾ എന്നിവ ഒരുക്കിയിരിക്കുന്നു. 

15-lakh-home-mankada

പൊതുവെ ഉറച്ച മണ്ണായതിനാൽ അടിത്തറയ്ക്ക് അധികം തുക ചെലവായില്ല. പ്രാദേശികമായി ലഭ്യമായ വെട്ടുകല്ലാണ് ഭിത്തിയുടെ നിർമാണത്തിന് ഉപയോഗിച്ചത്. വെട്ടുകല്ലിന്റെ ഭംഗി അനുഭവപ്പെടുന്ന വിധത്തിൽ ഒരു കോട്ട് പെയിന്റ് അടിച്ചു. അകത്തും വൈറ്റ് വാഷ് മാത്രം ചെയ്തു. പ്രധാന വാതിൽ മാത്രം മുറ്റത്തുണ്ടായിരുന്ന പ്ലാവിന്റെ തടി കൊണ്ട് നിർമിച്ചു. ബാക്കിയെല്ലാം ഫൈബർ ഡോറുകളാണ്.

15-lakh-home-hall

സ്‌റ്റീലും റബ് വുഡുമാണ് ഗോവണിയിലും കൈവരിയിലും ഉപയോഗിച്ചത്. മൺടൈലുകളാണ് പ്രധാന ഇടങ്ങളിലെല്ലാം വിരിച്ചത്. അടുക്കളയിൽ മാത്രം ടൈൽ വിരിച്ചു. ഹാളിൽ തന്നെ ലിവിങ്, ഡൈനിങ് ഏരിയകൾ വേർതിരിച്ചു.

15-lakh-home-topview

കുറഞ്ഞ വിസ്തൃതിയിലും തിങ്ങിനിറഞ്ഞ പ്രതീതി ഒഴിവാക്കാൻ ഡൈനിങ് ഡബിൾ ഹൈറ്റിൽ ഒരുക്കി. അതിനുചുറ്റും മെസനൈൻ ശൈലിയിൽ ഇടത്തട്ട് ഒരുക്കി. ചുറ്റിനും ജിഐ ഫ്രെയിം നൽകി സുരക്ഷ ഒരുക്കി. ഇടത്തട്ട് യൂട്ടിലിറ്റി ഏരിയ ആയി ഉപയോഗിക്കാം. ഭാവിയിൽ മുകൾനിലയാക്കി മാറ്റാനുള്ള അവസരവുമുണ്ട്.

15-lakh-home-upper
15-lakh-stair

കാറ്റും വെളിച്ചവും ലഭിക്കാൻ മുകളിൽ ജനാലകൾക്ക് പകരം ജിഐ പൈപ്പ് ഉപയോഗിച്ച് ഗ്രില്ലുകൾ നൽകി. മികച്ച വെന്റിലേഷൻ ലഭിക്കുന്നതിനാൽ വീടിനുള്ളിൽ സുഖകരമായ താപനില നിലനിൽക്കുന്നു. അടുക്കളയിൽ സ്റ്റോറേജിന്‌ കബോർഡുകൾ നൽകി. വെന്റിലേഷൻ ലഭിക്കാൻ ഗ്രില്ലുകൾ കൊടുത്തിട്ടുണ്ട്. സ്ട്രക്ച്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 15 ലക്ഷം രൂപ മാത്രമാണ് ഈ വീടിനു ചെലവായത്.

15-lakh-home-kitchen

ചെലവ് കുറച്ച ഘടകങ്ങൾ

  • പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കൾ ഉപയോഗിച്ചു.
  • തറവാട് പൊളിച്ചപ്പോൾ ലഭ്യമായ ഓട്, തടി തുടങ്ങിയവ പുനരുപയോഗിച്ചു.
  • വെട്ടുകല്ല് കൊണ്ടാണ് ഭിത്തികൾ നിർമിച്ചത്. ലിന്റലുകൾ കുറച്ച് ജനാലകൾ നൽകി.
  • മൺടൈലുകളാണ് നിലത്തു വിരിച്ചത്.
  • വീടിനുള്ളിൽ ഇളംനിറങ്ങൾ നൽകി.
15-lakh-home-sitout

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Mankada, Malappuram

Area- 960 SFT

Owner- Fathima

Designer- Vajid Rahman

Hierarchitects, Mankada

Budget- 15 lakhs