മലപ്പുറം കൊണ്ടോട്ടിയിലാണ് പ്രവാസിയായ അലവിയുടെയും കുടുംബത്തിന്റെയും മദീന മൻസിൽ. 14 സെന്റിൽ 3000 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്. റോഡ് നിരപ്പിൽനിന്നും ഉയർന്ന പ്ലോട്ട് നിരപ്പാക്കിയാണ് വീട് പണിതത്. പരമാവധി സ്ഥല ഉപയുക്തത ഉറപ്പാക്കുന്നതിനാണ് ബോക്സ് ശൈലിയിൽ എലിവേഷൻ നൽകിയത്. കാറ്റും വെളിച്ചവും ലഭിക്കുന്ന പരിപാലനം എളുപ്പമുള്ള വീട് എന്നതുമാത്രമായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്.

ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. വാസ്തു നിയമങ്ങൾ കൂടി പാലിച്ചാണ് മുറികൾ ക്രമീകരിച്ചത്. തെക്കു പടിഞ്ഞാറേ മൂലയിൽ മാസ്റ്റർ ബെഡ്‌റൂം ഒരുക്കി. അതുപോലെ വടക്ക്-കിഴക്ക് മൂലയിൽ അടുക്കളയും ക്രമീകരിച്ചു. ക്രോസ് വെന്റിലേഷൻ ലഭിക്കുന്നതിനായി ജനാലകളും ക്രമീകരിച്ചു.

വീടിനുള്ളിലേക്ക് പ്രകാശം എത്തിക്കുന്നതിൽ കോർട്യാർഡ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. താഴെ സിന്തറ്റിക് ടർഫ് വിരിച്ചു. ഒരു അക്വേറിയവും ഇവിടെ നൽകിയിട്ടുണ്ട്. മുകളിലെ പർഗോളയിലൂടെയും വശത്തെ വെർട്ടിക്കൽ സ്‌കൈലൈറ്റിലൂടെയും പ്രകാശം അകത്തേക്ക് എത്തുന്നു.

വെള്ള നിറമാണ് അകത്തും പുറത്തും നൽകിയിരിക്കുന്നത്, ഇതും കൂടുതൽ വിശാലത തോന്നാൻ ഇടയാക്കുന്നു. സ്വീകരണമുറിയുടെ ഒരു ഭിത്തിയിൽ വുഡൻ പാനൽ നൽകി അലങ്കരിച്ചിട്ടുണ്ട്. വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്.

ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ഒരു വശത്തു കസേരകളും മറുവശത്ത് ബെഞ്ചുമാണ് നൽകിയത്. ഊണുമുറിയുടെ വശത്ത് ക്രോക്കറി ഷെൽഫ് നൽകി. ഹാളിലെ ചില ഭിത്തികളിൽ വോൾ പെയിന്റുകൾ നൽകി ഭംഗിയാക്കിയിട്ടുണ്ട്.

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളാണ് നൽകിയത്. സ്റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഹെഡ്ബോർഡിൽ വെനീർ പാനലിങ് നൽകിയിട്ടുണ്ട്. ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റുകളും അകത്തളം പ്രസന്നമാക്കുന്നു.

ബൈസൺ പാനൽ കൊണ്ടാണ് അടുക്കളയുടെ കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.

ഗെയ്റ്റിന് മുകളിൽ പടിപ്പുര ശൈലിയിൽ കമാനം നൽകിയിട്ടുണ്ട്. ഇതിനു മുകളിൽ ഗ്ലാസും ലൈറ്റുകളും നൽകി. വീടിന്റെ തുടർച്ച അനുഭവപ്പെടുംവിധമാണ് ചുറ്റുമതിലിന്റെ നിറവും.

നാച്വറൽ സ്റ്റോണും ഗ്രാസും വിരിച്ചു മുറ്റം ഉറപ്പിച്ചു. ചെടികളും മരങ്ങളും വീടിന്റെ പുറത്തെ ഭംഗിക്ക് പിന്തുണയേകുന്നു.

Project Facts
Location- Kondotty, Malappuram
Area- 3000 SFT
Plot- 14 cents
Owner- Alavi
Designer- Haroon Al Rashid
Fathima Constructions, Kondotty
Mob- 9846493869