ബിസിനസുകാരനായ അഷ്റഫിന് വീടിനെക്കുറിച്ച് കുറെ സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു. സമകാലിക ശൈലി വേണം, അഞ്ചു കിടപ്പുമുറികൾ വേണം, വിശാലമായ അകത്തളങ്ങൾ വേണം...എന്നിങ്ങനെ...എന്നാൽ ആകെയുള്ളത് കൃത്യമായ ആകൃതിയില്ലാത്ത ഏഴര സെന്റ് പ്ലോട്ടായിരുന്നു. സ്ഥലപരിമിതിയുടെ വെല്ലുവിളികളെ മറികടന്നു ഈ വീട് പണിതുനൽകിയത് ഡിസൈനർ ഷാഫി മാളിയേക്കലാണ്.
കോഴിക്കോട് ചെറുവന്നൂരിൽ 7.5 സെന്റിൽ 2500 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയിലാണ് എലിവേഷൻ. ചെറിയ പ്ലോട്ടിൽ പരമാവധി സ്ഥല ഉപയുക്തത നൽകിയാണ് വീട് രൂപകൽപന ചെയ്തത്. പോർച്ച് നൽകിയിട്ടില്ല. ചെറിയ മുറ്റം നാച്വറൽ സ്റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കിയിട്ടുണ്ട്.
ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഫർണിച്ചറുകൾ മിക്കവയും ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിഷിങ്. മാർബിളാണ് നിലത്തു വിരിച്ചിരിക്കുന്നത്.
C ഷേപ്പിലുള്ള സോഫ യൂണിറ്റാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. ജിപ്സം, വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് നൽകി വാം ടോൺ ലൈറ്റുകൾ നൽകിയതോടെ അകത്തളങ്ങളിൽ പ്രസന്നമായ അന്തരീക്ഷം നിറയുന്നു.
ഒരുവശത്ത് ബെഞ്ച് നൽകിയാണ് ഊണുമേശയുടെ ഡിസൈൻ. ഊണുമുറിയിൽ വുഡൻ ഫ്ളോറിങ് നൽകി വേർതിരിച്ചിട്ടുണ്ട്. വെട്ടുകല്ലിന്റെ ക്ലാഡിങ് ഭിത്തിയിൽ പാകിയാണ് വാഷ് ഏരിയ വേർതിരിച്ചത്.
വുഡ്, ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയും കൈവരികളും. ഗോവണി കയറിച്ചെല്ലുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെയും വോൾപേപ്പർ ഒട്ടിച്ച് വേർതിരിച്ചിട്ടുണ്ട്.
സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് അഞ്ചു കിടപ്പുമുറികളും. ഫ്ലോർ ടു സീലിങ് വാഡ്രോബുകളും ഇവിടെ നൽകിയിരിക്കുന്നു. ഓരോ മുറികളുടെയും ഹെഡ്ബോർഡ് വോൾപേപ്പർ ഒട്ടിച്ചു ഭംഗിയാക്കിയിട്ടുണ്ട്.
പ്ലൈവുഡിൽ യുവി പാനൽ ഷീറ്റ് വിരിച്ചാണ് അടുക്കളയുടെ കബോർഡുകളും ഷട്ടറുകളും ഒരുക്കിയത്. ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ബിൽറ്റ് ഇൻ അവ്ൻ, ഫ്രിഡ്ജ് സൗകര്യവും നൽകി.
ഫലപ്രദമായി ഡിസൈൻ ചെയ്താൽ സ്ഥലപരിമിതി സ്വപ്നഭവങ്ങൾക്ക് തടസമല്ല എന്ന് തെളിയിക്കുകയാണ് ഈ വീട്.
ചിത്രങ്ങൾ - അജീബ് കൊമാച്ചി
Project Facts
Location- Cheruvannur, Calicut
Plot- 7.5 cent
Area- 2500 SFT
Owner- Ashraf
Designer- Shafi Maliyekkal
Fine-Spum Architecture+ Interior, Calicut
Mob- 9567718132, 9847292992
COmpletion year- 2018