എന്റെ പേര് മോഹൻ. ഹോങ്കോങ്ങിൽ ബിസിനസ് ചെയ്യുന്നു. അങ്കമാലിയാണ് സ്വദേശം. പ്രവാസിയായതുകൊണ്ട് ജന്മനാടിനോടുള്ള ഗൃഹാതുരത ആവശ്യത്തിലേറെ ഉണ്ടായിരുന്നു. ബിസിനസ് ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നിന്നും നാട്ടിലെത്തുമ്പോൾ താമസിക്കാൻ ഒരു വീട് വേണമെന്ന് തോന്നി. സ്ഥിരതാമസം ഇല്ലാത്തതുകൊണ്ട് പരിപാലനം എളുപ്പമാക്കുന്ന വീടുമതി. എന്റെ ആവശ്യം ഡിസൈനറായ ഡോ. ഷൈൻ സി. ചിന്നനെ അറിയിച്ചു.
അങ്കമാലി നഗരമധ്യത്തിലെ 18 സെന്റ് പ്ലോട്ടിലാണ് 5254 ചതുരശ്രഅടി വിസ്തീർണത്തിൽ ഒരുക്കിയ ഇരുനിലവീട്. ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് വർക്ക് ചെയ്ത് ഷിംഗിൾസ് വിരിച്ചതോടെ പരമ്പരാഗത പ്രൗഢിയും കൈവന്നു. നല്ല തടിപ്പണികളുള്ള നമ്മുടെ നാട്ടിലെ തറവാടുകൾ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. സ്വന്തമായി വീട് പണിയുമ്പോൾ തടിയുടെ പ്രൗഢി വേണമെന്ന് തോന്നിയതും അങ്ങനെയാണ്. തേക്കിലാണ് അകത്തളങ്ങളിലെ ഫർണിഷിങ് കൂടുതലും ചെയ്തിരിക്കുന്നത്. ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചിരിക്കുന്നത്.
വീട്ടിലെ ഞങ്ങളുടെ പ്രിയ ഇടങ്ങളിലൊന്ന് നടുമുറ്റമാണ്. ആവശ്യാനുസരണം തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന വിധത്തിലാണ് ടഫൻഡ് ഗ്ലാസ് കൊണ്ടുള്ള സ്‌കൈലൈറ്റ്. ഇത് തുറക്കുമ്പോൾ മഴയും കാറ്റും വീടിനകത്തേക്ക് വിരുന്നെത്തുന്നു.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഊണുമുറിയിൽ നിന്നും പുറത്തെ കാഴ്ചകളിലേക്ക് ഒരു പാഷ്യോയും നൽകിയിട്ടുണ്ട്. ഇവിടെ റോളർ ഷട്ടറുകളും നൽകിയിട്ടുണ്ട്. ഡൈനിങ്ങിനു മുകളിൽ ഡബിൾ ഹൈറ്റിൽ സീലിങ് നൽകി.
ഗോവണി കയറി മുകളിൽ എത്തുമ്പോൾ ആദ്യം കാഴ്ച പതിയുന്നത് മഹാഭാരതത്തിലെ ഒരു പെയിന്റിങ്ങിലേക്കാണ്. ഇതിൽ വെളിച്ചം പതിയുന്ന വിധത്തിൽ ഷാൻലിയർ ക്രമീകരിച്ചു.
നാലു കിടപ്പുമുറികളാണ് ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളും നൽകിയിട്ടുണ്ട്.
ലളിതമായ അടുക്കളയാണ്. സ്പ്ലാഷ്ബാക്കിൽ ഡിസൈനർ ടൈലുകൾ വിരിച്ചു ഭംഗിയാക്കി. സമീപം പാൻട്രി ശൈലിയിലുള്ള വർക്കേരിയയുമുണ്ട്.
പുസ്തകങ്ങളും സിനിമയുമാണ് എന്റെ മറ്റു ഇഷ്ടങ്ങൾ. മുകൾനിലയിൽ ഒരു ലൈബ്രറിയും ഹോം തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ നാട്ടിലെത്താനുള്ള കാത്തിരിപ്പുകൾക്ക് കൂടുതൽ അർഥവും ഉത്സാഹവും കൈവന്നിരിക്കുന്നു. കാത്തിരിക്കാൻ വീടുണ്ടല്ലോ!
Project Facts
Location- Angamali, Ernakulam
Owner- Mohanan
Area- 5254 SFT
Plot- 18 cents
Designer- Dr. Shine C Chinnan
Shine Builders Consultancy, Thrissur
Mob- 9447730104