പഴയ ഓടിട്ട/ ടെറസ് വീടുകൾ ഇരുനില കോൺക്രീറ്റ് വീടുകളായി മുഖം മിനുക്കുന്ന കാഴ്ചകളാണ് പുതുക്കിപ്പണിത വീടുകളെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുക. എന്നാൽ അതിൽനിന്നും വിഭിന്നമായി ഇരുനില കോൺക്രീറ്റ് വീട് പരമ്പരാഗത ശൈലിയുടെ സ്വച്ഛതയിലേക്ക് രൂപം മാറിയ കഥയാണിത്.
38 വർഷം പഴക്കമുള്ള ടെറസ് വീടിനെ കേരളത്തനിമയോടൊപ്പം പുതിയ കാലത്തിന്റെ സൗകര്യങ്ങളിലേക്കും പറിച്ചുനട്ടിരിക്കുന്നു. പഴയ വീടിന്റെ വിദൂരഛായ പോലും തോന്നാത്ത വിധത്തിൽ മാറ്റിയെടുത്തതാണ് ഹൈലൈറ്റ്. 5 സെന്റ് സ്ഥലത്ത് 6000 ചതുരശ്രയടിയിലാണ് പുതിയ വീട് നിലകൊള്ളുന്നത്. പഴയ വീടിന്റെ അടിസ്ഥാന ഘടന മാറ്റാതെ പുതിയ ഇടങ്ങൾ കൂട്ടിച്ചേർത്താണ് പുനരുദ്ധരിച്ചത്. മേൽക്കൂര തന്നെ ചുമരുകളായി മാറുംവിധമാണ് ചിലയിടങ്ങളിൽ ക്രമീകരിച്ചത് എന്നത് കൗതുകകരമാണ്. പ്രകൃതിയുമായി ഇഴുകിച്ചേർന്നു നിൽക്കുന്ന നിർമാണമാണ് അവലംബിച്ചത്. മരങ്ങൾ മുറിക്കാതെയാണ് വീട് വികസിപ്പിച്ചത്. മുറ്റം ഇന്റർലോക്ക് ചെയ്യാതെ ബഫലോ ഗ്രാസ് വിരിച്ചിരിക്കുന്നു.
ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, കോർട്‌യാർഡ് എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയിരിക്കുന്നത്. അനാവശ്യ ഇടച്ചുമരുകൾ പൊളിച്ചു കളഞ്ഞതോടെ വീട് ഓപ്പൺ ശൈലിയിലേക്ക് മാറി. ഗോവണിയുടെ താഴെ ഫാമിലി ലിവിങ് ഒരുക്കി സ്ഥലം ഉപയുക്തമാക്കി.
വീട്ടിലെത്തുന്ന അതിഥികളുടെ പ്രധാന ആകർഷണം വാട്ടർബോഡി തന്നെയാണ്. ഇവിടേക്ക് കാഴ്ച ലഭിക്കുംവിധമാണ് ഇടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അടഞ്ഞ ഭിത്തികൾക്ക് പകരം ലൂവറുകളും ഗ്ലാസ് ജാലകങ്ങളും നൽകി. ഇതിലൂടെ സ്വാഭാവിക പ്രകാശം അകത്തേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.
നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകിയിട്ടുണ്ട്. പുറത്തെ കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ബാൽക്കണി ഒരു പ്രധാന ഡിസൈൻ എലമെന്റാണ്. പരമ്പരാഗത ശൈലിയിൽ ചാരുപടികൾ നൽകിയാണ് ബാൽക്കണി ഒരുക്കിയത്.
മാറ്റങ്ങൾ
കോൺക്രീറ്റ് റൂഫിൽ സ്റ്റീൽ ട്രസ് വർക്ക് ചെയ്ത് ടൈൽ വിരിച്ചു.
താഴത്തെ നിലയിൽ സിറ്റ്ഔട്ട്, ഗസ്റ്റ് ലിവിങ്, ഡൈനിങ്, ഓപ്പൺ കിച്ചൻ, പൂൾ എന്നിവ കൂട്ടിച്ചേർത്തു.
ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലേക്ക് മാറ്റിയെടുത്തു.
മാസ്റ്റർ ബെഡ്റൂമിനോട് ചേർന്നുള്ള തുറന്ന ഇടം പാഷ്യോ ആക്കിമാറ്റി.
പഴയവീടിന്റെ സൺഷെയ്ഡ് റൂഫ് ബാൽക്കണിയാക്കി മാറ്റി.
ഫർണിഷിങ്
ഫർണിച്ചർ ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്.
വാതിലും ജനലും തേക്കിൻതടി കൊണ്ടാണ് നിർമിച്ചത്.
ടെറാക്കോട്ട മഡ് ടൈൽ, വിട്രിഫൈഡ് ടൈൽ എന്നിവയാണ് നിലത്തു വിരിച്ചിരിക്കുന്നത്.
തേക്ക് തന്നെയാണ് ഗോവണിപ്പടികളിലും നിറയുന്നത്. കൈവരികളിൽ ഇരുമ്പു പില്ലറുകൾ നൽകി.
മൾട്ടിവുഡ്,പ്ലൈവുഡ് – മൈക്ക ഫിനിഷിലാണ് കിച്ചൻ ഒരുക്കിയത്.
പുതുക്കിപ്പണിത പ്രോജക്ട് ആണെങ്കിലും ഒറ്റ നോട്ടത്തിൽ പഴയ വീട് ഏത്, പുതിയ വീട് ഏത് എന്നൊരു സംശയം കാഴ്ചക്കാരിൽ ജനിപ്പിക്കുന്നു ഈ നിർമിതി. പുതിയ വീട്ടിലെ ഹൃദ്യമായ അന്തരീക്ഷം താമസക്കാരിലും പ്രതിഫലിക്കുന്നു എന്ന് ആർക്കിടെക്ട്സ് പറയുന്നു.
Project Facts
Location- Kodungaloor, Thrissur
Area- 6000 SFT
Plot- 35 cent
Owner- Sameer
Architects- Mohammed Haroon, Sheily Ali
Sheilyharoon Architects, Kochi
Mob- 9995912356