ബുർജ് ഖലീഫ തലകുനിക്കും, ബിഗ് ബെൻഡ് എത്തുന്നു!

ബിഗ് ബെൻഡ് പൂർത്തിയാകുന്നതോടെ കെട്ടിടത്തിന്റെ നിവർത്തിയുള്ള നീളം പരിഗണിച്ചാൽ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഇരട്ടിയോളം വരും.

ന്യൂയോർക്കിലെ മൻഹാട്ടനിലാണ് ബിഗ് ബെൻഡ് എന്നുപേരിട്ടിരിക്കുന്ന കെട്ടിടം ഉയരുക. കെട്ടിടത്തിന്റെ ഡിസൈൻ കഴിഞ്ഞ ദിവസം ഓയിയോ സ്റ്റുഡിയോ പുറത്തുവിട്ടു. ന്യൂയോർക്കിൽത്തന്നെ നിർമാണം പുരോഗമിക്കുന്ന ബില്യണയേഴ്സ് റോ എന്ന ആഡംബര അംബരചുംബിയെ പിന്നിലാക്കാനാണ് ബിഗ് ബെൻഡ് പദ്ധതിയിടുന്നത്. ഇതിലൂടെ നിർമാണരംഗത്തെ കിടമത്സരത്തിനും അമേരിക്ക വേദിയാകും.

ഒരു ഇരുമ്പു കഷണം രണ്ടായി വളച്ചുവച്ചതുപോലെയുള്ള ആകൃതിയിലാണ് കെട്ടിടം ഡിസൈൻ ചെയ്തിരിക്കുന്നത്. 4000 അടി (1230 മീറ്റർ) നീളമുണ്ടാകുന്ന കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും നിർമിക്കുക സ്റ്റീലിലും ഗ്ലാസിലുമായിരിക്കും. കെട്ടിടത്തിന്റെ മുകളിലെത്തി വളഞ്ഞു പുളഞ്ഞു സഞ്ചരിക്കാവുന്ന എലിവേറ്റർ സംവിധാനങ്ങളും ഇതിനായി ഡിസൈൻ ചെയ്തിരിക്കുന്നു. ഡിസൈനിങ്ങിൽ ഏറ്റവും സങ്കീർണമായ ഘട്ടം ഇതായിരുന്നുവെന്നു ഡിസൈനർമാർ സാക്ഷ്യപ്പെടുത്തുന്നു.

ബില്യണയേഴ്സ് റോ എന്ന ആഡംബര അംബരചുംബികളുടെ ശൃംഖല

ന്യൂയോർക്കിലെ അംബരചുംബികളുടെ ഉയരം സംബന്ധിച്ച കർശനമായ നിയമവ്യവസ്ഥകളെ മറികടക്കാനാണ് കെട്ടിടം മുകളിൽ ചെന്ന് വളഞ്ഞു താഴേക്ക് പോകുന്ന രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. 

മെലിഞ്ഞ അംബരചുംബികൾ ലോകമെങ്ങും ട്രെൻഡായി തുടങ്ങുകയാണ്. 2014 ൽ ന്യൂയോർക്കിൽ നിർമാണം പൂർത്തിയായ 'വൺ  57' എന്ന കെട്ടിടത്തിനു ലഭിച്ച സ്വീകാര്യതയാണ് ബിഗ് ബെൻഡ് എന്ന ആശയത്തിന് ഡിസൈനർമാർക്കും പ്രചോദനമായത്. ലോകത്തെ പ്രധാന ആർക്കിടെക്ചർ ഹബ്ബായ ദുബായിൽ 'ദുബായ് ഫ്രെയിം' എന്നു  പേരിട്ടിരിക്കുന്ന കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.

ദുബായ് ഫ്രെയിം

ബിഗ് ബെൻഡ് പൂർത്തിയാകുന്നതോടെ കെട്ടിടത്തിന്റെ നിവർത്തിയുള്ള നീളം പരിഗണിച്ചാൽ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഇരട്ടിയോളം വരും. 

ബുർജ് ഖലീഫ ദുബായ്